X

ഐ.സി.സി ടെസ്റ്റ് റാങ്കിങ്: കോഹ്‌ലി വീണ്ടും തലപ്പത്ത്

ദുബായ്: ഐ.സി.സി ടെസ്റ്റ് ബാറ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും തലപ്പത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും പ്രകടനമാണ് വീണ്ടും കോഹ്‌ലിയെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ട്രെന്റ്ബ്രിഡ്ജില്‍ രണ്ടാം ഇന്നിങ്‌സിലെ സെഞ്ച്വറിയടക്കം ഇരുന്നൂറ് റണ്‍സാണ് (97 & 103) ഇന്ത്യന്‍ നായകന്‍ നേടിയത്.

നേരത്തെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോഹ്‌ലിയെ പിന്തള്ളി ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. പുതിയ റാങ്കില്‍ രണ്ടാം സ്ഥാനത്താണ് സ്മിത്ത്. ന്യൂസിലന്‍ഡ് താരം കെയിന്‍ വില്ല്യംസന്‍ മൂന്നാമതുണ്ട്. ഇന്ത്യന്‍ താരങ്ങളായ ചെതേശ്വര്‍ പൂജാര ആറാം സ്ഥാത്തും അജിങ്ക്യ രഹാനെ 19ാം സ്ഥാനത്തും ശിഖര്‍ ധവാന്‍ 22ാം സ്ഥാനത്തുമുണ്ട്.

ട്രന്റ്ബ്രിഡ്ജിലെ പ്രകടനത്തോടെ മറ്റൊരു റെക്കോര്‍ഡും വിരാടിന് സ്വന്തമായി. വിജയിച്ച ടെസ്റ്റുകളില്‍ ഏറ്റവുമധികം തവണ 200ലേറെ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഏഴു തവണയാണ് ജയം കരസ്ഥമാക്കിയ ടെസ്റ്റുകളില്‍ 200ലേറെ റണ്‍സ് കോഹ്‌ലി നേടുന്നത്. ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാനേയും റിക്കി പോണ്ടിങിനേയുമാണ് കോഹ്‌ലി നേട്ടത്തില്‍ പിന്തള്ളിയത്. ബ്രാഡ്മനും പോണ്ടിങ്ങും ആറ് തവണ വീതമാണ് ഓസ്‌ട്രേലിയ വിജയിച്ച ടെസ്റ്റ് മത്സരങ്ങളില്‍ നായകനായി 200 റണ്‍സ് നേടിയിട്ടുള്ളത്.

കോഹ്‌ലിക്ക് 937 റേറ്റിങ് പോയന്റാണ് നിലവിലുള്ളത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റാണിത്. അതേസമയം ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേറ്റിങ് പോയന്റ് നേടുന്ന താരമെന്ന ആദ്യ പത്തിലെത്താന്‍ ഒരു പോയന്റ് മാത്രം അകലെയാണ് ഇന്ത്യന്‍ നായകന്‍. ഏറ്റവും കൂടുതല്‍ റേറ്റിങ് പോയന്റ് സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും ബ്രാഡ്മാന് തന്നെയാണ് (961 റേറ്റിങ് പോയന്റ്). സ്റ്റീവന്‍ സ്മിത്ത് (947), ലെന്‍ ഹട്ടണ്‍ (945), ജാക്ക് ഹോബ്‌സ് (942), റിക്കി പോണ്ടിങ്് (942), പീറ്റര്‍ മേയ് (941), ഗാരി സോബേഴ്‌സ് (938), ക്ലൈഡ് വാല്‍ക്കോട്ട് (938), വിവിയന്‍ റിച്ചാര്‍ഡ്‌സ് (938), കുമാര്‍ സംഗക്കാര (938) എന്നിവരാണ് ആദ്യ പത്തിലെ മറ്റു താരങ്ങള്‍.

chandrika: