X

വി.എസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പട്ടികയില്‍ പൊന്നാനിയും വടകരയുമില്ല

കോഴിക്കോട്: സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂളില്‍ വടകരയും പൊന്നാനിയും ഇല്ല. മലപ്പുറത്തും കോഴിക്കോടും വി.എസ് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പട്ടികയിലാണ് ഈ രണ്ട് മണ്ഡലങ്ങളെയും ഉള്‍പ്പെടുത്താത്തത്. പൊന്നാനിയില്‍ മത്സരിക്കുന്ന പി.വി അന്‍വറിനെതിരെയും വടകരയിലെ കെ.കെ രമയെ അനുകൂലിച്ചും നേരത്തെ വി.എസ് രംഗത്തു വന്നിരുന്നു.

നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലടക്കം അന്‍വറിനെതിരെ നേരത്തെ വി.എസ് കടുത്ത നിലപാടെടുത്തിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിവസം ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയി കെ.കെ രമയെ വി.എസ് ആശ്വസിപ്പിച്ചതും കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വി.എസിന് ഈ രണ്ട് മണ്ഡലങ്ങളിലും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല. പങ്കെടുത്താല്‍ വി.എസിന്റെ നിലപാടു മാറ്റത്തെ വ്യാപകമായി വിമര്‍ശിക്കപ്പെടും. പങ്കെടുത്തില്ലെങ്കില്‍ അതു പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്നും ആരോപണ നിഴലില്‍ നില്‍ക്കുന്ന അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ഇപ്പോള്‍ വടകരയിലെ സ്ഥാനാര്‍ഥി. സി.പി.എമ്മിനെ സംബന്ധിച്ച അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയായ വടകരയില്‍ വി.എസ് പങ്കെടുത്തില്ലെങ്കില്‍ പാര്‍ട്ടിയെ അത് വലിയ തോതില്‍ ക്ഷീണിപ്പിക്കും. വി.എസ് പ്രചാരണത്തിന് എത്തുന്നതോടെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സജീവ ചര്‍ച്ചയാകുമെന്നതും സി.പി.എം പേടിക്കുന്നുണ്ട്.

പൊന്നാനിയില്‍ അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു വി.എസ് വിട്ടു നിന്നാലും അതു പാര്‍ട്ടിയെ ദോഷകരമായി ബാധിക്കും. പങ്കെടുത്താല്‍ വി.എസ് എന്തു പറയുമെന്നതും പാര്‍്ട്ടിക്ക് കുരുക്കാവും.

web desk 1: