X

വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ സി.പി.എം ആക്രമണം; കൂറ്റനാട് കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം; എസ്.ഐയുടെ തലക്ക് പരിക്ക്

കൂറ്റനാട്: വി.ടി ബല്‍റാം എം.എല്‍.എ പങ്കെടുക്കുന്ന സ്വകാര്യപരിപാടിക്കിടെ കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി സംഘര്‍ഷം. സംഘടിച്ചെത്തിയ സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അക്രമം പൂര്‍ണ്ണമായും നിയന്ത്രിക്കാനാകാതെ പോലീസ് കാഴ്ച്ചക്കാരാവുന്ന അവസ്ഥയാണ് സ്ഥലത്തുള്ളത്.

രാവിലെ 10.30ഓടെ ബല്‍റാം സ്വകാര്യപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഉദ്ഘാടനത്തിനെത്തിയ ബല്‍റാം യു.ഡി.എഫ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. പ്രദേശത്ത് നേരത്തെതന്നെ സി.പി.എം പ്രവര്‍ത്തകരും തമ്പടിച്ചിരുന്നു. പിന്നീട് ഇരുകൂട്ടരും തമ്മില്‍ കല്ലേറും സംഘര്‍ഷവുമുണ്ടായി. ഇടത് പ്രവര്‍ത്തകര്‍ ബല്‍റാമിന് നേരെ ചീമുട്ടയെറിയുകയും ചെയ്തു. പോലീസ് അകമ്പടിയോടെയാണ് എത്തിയതെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസിനായില്ല.

എം.എല്‍.എയുടെ കാറിനുനേരെയും കല്ലേറുണ്ടായി. ബല്‍റാമിന്റെ കാറിന്റെ ചില്ല് തകര്‍ന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷം മൂര്‍ച്ഛിക്കുകയായിരുന്നു. പോലീസ് ഇരു കൂട്ടരേയും വിരട്ടിയോടിച്ചു. സംഘര്‍ഷത്തില്‍ എസ്.ഐയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നേരത്തെ, എം.എല്‍.എയെ ബഹിഷ്‌ക്കരിക്കുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബല്‍റാമിന് നേരെയുള്ള ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബല്‍റാമിനെതിരായ കയ്യേറ്റശ്രമത്തോട് ഒരു തരത്തിലും യോജിക്കാവാനാവില്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നതിന്റെ തെളിവാണ് ഈ അക്രമമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

chandrika: