X

ദേശീയഗെയിംസില്‍ പങ്കെടുത്ത താരത്തിന് സര്‍ക്കാര്‍ജോലിയായില്ല;നേട്ടങ്ങള്‍ക്ക് നടുവിലും ഉപജീവനത്തിനായി വാഹിദ്‌സാലി ഓട്ടംതുടരുന്നു

അഭിമാനനേട്ടങ്ങള്‍ ഓരോന്നായി കൈവരിക്കുമ്പോഴും സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നത്തിനായി മുന്‍കേരളഫുട്‌ബോള്‍താരവും പരിശീലകനുമായ വാഹിദ്‌സാലിയുടെ കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞദിവസം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കോഴിക്കോട് ടീമിന്റെ പരിശീലകനായിരുന്നു ഈ 39കാരന്‍.

സംസ്ഥാനത്തെതന്നെ പ്രായംകുറഞ്ഞ പരിശീലകരിലൊരാള്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം കിരീടം കാല്‍പന്തുനഗരമായ കോഴിക്കോട്ടെത്തിക്കുന്നതില്‍ യുവകോച്ചിന്റെ തന്ത്രങ്ങള്‍ നിര്‍ണായകമായിരുന്നു. കളിക്കളത്തില്‍ തിളങ്ങുമ്പോഴും മുന്‍ മോഹന്‍ബഗാന്‍ താരംകൂടിയായ അരക്കിണര്‍ സ്വദേശി വാഹിദ്‌സാലിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. തനിക്കൊപ്പം പന്തുതട്ടിയവരും അതിന് ശേഷമെത്തിയവരുമെല്ലാം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ജോലികണ്ടെത്തുമ്പോള്‍ വാഹിദ് ഇപ്പോഴും സര്‍ക്കാരിന്റെ കനിവ്കാത്തിരിക്കുകയാണ്. ജീവിതംവഴിമുട്ടിയതോടെ ഇപ്പോള്‍ ഉപജീവനത്തിനായി കേക്ക് ഡെലിവറിബോയിയായി ജോലിചെയ്യുകയാണ് ഈ മുന്‍ഫുട്‌ബോളര്‍.

കോച്ചിംഗില്‍ ഡി ലെവല്‍ ലൈന്‍സുള്ള വാഹിദ്‌സാലി, ഗുരുവായൂരപ്പന്‍ കോളജ് ഫുട്‌ബോള്‍ ടീം പരിശീലകനുമാണ്. യൂണിവേഴ്‌സല്‍ സോക്കര്‍ സ്‌കൂള്‍ അക്കാദമിയിലൂടെ വളര്‍ന്നതാരം കൊല്‍ക്കത്തയിന്‍ വമ്പന്‍ക്ലബായ മോഹന്‍ബഗാനുവേണ്ടി ബൂട്ട്‌കെട്ടി വംഗനാട്ടിലും ആരാധകമനംകവര്‍ന്നു. സെവന്‍സ് ഫുട്‌ബോള്‍ കളിച്ചും പരിശീലകനായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് താളംതെറ്റിച്ച് കോവിഡ്മഹാമാരിയെത്തിയത്. കളിമുടങ്ങിവരുമാനം നിലച്ചതോടെ വെള്ളിമാടുകുന്നിലെ സുഹൃത്ത് തുടങ്ങിയ കേക്ക് ബേക്കറിയിലെ ജോലിയ്ക്കാരന്റെ വേഷം അണിയേണ്ടിവന്നു. ഓര്‍ഡറുകളനുസരിച്ച് സ്‌കൂട്ടറില്‍ ഉപഭോക്താക്കള്‍ക്ക് കേക്ക് എത്തിച്ച് നല്‍കുകയാണ് ഇപ്പോള്‍ ഈമുന്‍ കേരളതാരം.

മോഹന്‍ബഗാനായി 2013-14 സീസണിലാണ് വാഹിദ് കളിച്ചത്. റൈറ്റ്ബാക്കായും സെന്‍ട്രല്‍ബാക്കായും നിറഞ്ഞുകളിച്ചു. ഐലീഗില്‍ അഞ്ച്മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അദ്ദേഹം ചര്‍ച്ചില്‍ബ്രദേഴ്‌സിനെതിരെ മാന്‍ഓഫ്ദമാച്ചുമായി. എന്നാല്‍ കളിക്കിടെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് പരിക്ക് ഭേദമായതോടെ കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചെത്തി. സംസ്ഥാന ജൂനിയര്‍ അണ്ടര്‍ 21 ടീമിലെ മികവില്‍ 2002ല്‍ എസ്ബിഐ തിരുവനന്തപുരത്തിന്റെ അതിഥിതാരമായി. മുംബൈ എഫ്‌സി, ഒന്‍ജിസി മുംബൈ, കൊല്‍ക്കത്ത ഭവാനിപൂര്‍ എഫ്.സി, ടീമുകള്‍ക്കായും ദേശീയലീഗുകളില്‍ കളിച്ചിട്ടുണ്ട്. 2015ല്‍ കേരളം ആതിഥേയത്വം വഹിച്ച ദേശീയഗെയിംസില്‍ സംസ്ഥാനത്തിലായി ബൂട്ട്‌കെട്ടി. അന്ന് ടീമിലുണ്ടായിരുന്ന വാഹിദ്‌സാലിയ്ക്കും ആഷിക് ഉസ്മാനുമൊഴികെയുള്ളവര്‍ക്ക് ജോലിലഭിച്ചു. കോച്ചായും കളിക്കാരനായും ഉജ്ജ്വപ്രകടനംകാഴ്ചവെക്കുമ്പോഴും അര്‍ഹതയ്ക്കുള്ള അംഗീകാരത്തിനായി ഓഫീസുകള്‍കയറിയിറങ്ങുകയാണ് ഈ യുവതാരം.

 

 

web desk 3: