X
    Categories: MoreViews

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്; പ്രതിഷേധവുമായി മുസ്‌ലിം സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. വഖഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതിന്റെ ഭാഗമായി മുസ്‌ലിം സംഘടനാ നേതാക്കളുമായി എത്രയും വേഗം ചര്‍ച്ച നടത്തണം. യു.ഡി.എഫ് സര്‍ക്കാരും എല്‍.ഡി.എഫ് സര്‍ക്കാരും മുന്‍ കാലങ്ങളിലൊന്നും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും തങ്ങള്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് വിഷയത്തിലെ നയം എന്തുകൊണ്ട് മുസ്‌ലിം സംഘടനകളോട് സ്വീകരിക്കുന്നില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ചോദിച്ചു. ദേവസ്വം ബോര്‍ഡ് നിയമന വിഷയത്തില്‍ ബന്ധപ്പെട്ട സംഘടനകളുടെ നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായതുകൊണ്ടാണ് അത് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡായി മാറിയത്. മുസ്‌ലിം സംഘടനകളെ ചര്‍ച്ചക്ക് വിളിച്ച് അവരുടെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊണ്ട് തെറ്റായ തീരുമാനം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. തെറ്റായ നയത്തിനെതിരെയാണ് സമരം ചെയ്യുന്നതെന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം എം.ഐ ഷാനവാസ് എം.പി, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ പ്രസംഗിച്ചു.

കേന്ദ്ര വഖഫ് ആക്ടിനും സംസ്ഥാന വഖഫ് ചട്ടങ്ങള്‍ക്കും എതിരായി വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് അടക്കമുള്ള ന്യൂനപക്ഷ അവകാശ ധ്വംസന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പിണങ്ങോട് അബൂബക്കര്‍ (സമസ്ത), എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി (ജമാഅത്തെ ഇസ്‌ലാമി), എന്‍.കെ അലി (മെക്ക), എം.സി മായിന്‍ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍, അഡ്വ. ഫാത്തിമ രോഷ്‌ന, കെ.പി മുഹമ്മദ്, സുധീര്‍ പെരുനട, ബീമാപള്ളി റഷീദ്, ഡോ.എ.യൂനുസ് കുഞ്ഞ്, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, എം. അന്‍സാറുദ്ദീന്‍, അഡ്വ. ബഷീര്‍കുട്ടി, അഡ്വ. കണിയാപുരം ഹലിം, ഹമീദ്, വൈ. നൗഷാദ്, യു.എ നസീര്‍, അഡ്വ.എസ്.എന്‍ പുരം നിസാര്‍, ആലങ്കോട് ഹസന്‍ സംബന്ധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

chandrika: