X

കാസര്‍കോട് ടാറ്റ ആശുപത്രി നില്‍ക്കുന്ന ഭൂമി തിരിച്ചുവേണമെന്ന് വഖഫ് ബോര്‍ഡ്

ആശുപത്രി നിര്‍മിക്കാന്‍ പകരം സ്ഥലം നല്‍കാമെന്ന വ്യവസ്ഥയില്‍ വഖഫ് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായുണ്ടാക്കിയ കരാര്‍ പാലിക്കാതെ കബളിപ്പിച്ചു. ടാറ്റയുടെ സഹായത്തോടെ കാസര്‍കോട്ട് നിര്‍മ്മിച്ച കോവിഡ് ആശുപത്രിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത 4.125 ഏക്കര്‍ വഖഫ് ഭൂമിക്ക് പകരം കരാര്‍ ചെയ്ത ചെയ്ത സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ തിരിച്ചു വേണമെന്ന് ചട്ടംചാലില്‍ എം.ഐ.സി, തെക്കില്‍ ആന്റ് ജമാഅത്തുല്‍ ഉലമ സംഘം ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നു.

ഇതു സംബന്ധിച്ച് 2021 സെപ്തംബര്‍ ഏഴിന് മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വഖഫ് ബോര്‍ഡിന് നല്‍കിയ കത്തു കഴിഞ്ഞ ഏഴിനു ചര്‍ച്ച ചെയ്ത വഖഫ് ബോര്‍ഡ് നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് കോവിഡ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നതിനാണ് 1958ലെ കേരള ലാന്റ് റിലിങ്കിഷ്‌മെന്റ് ആക്ട് പ്രകാരം വിട്ടു നല്‍കിയത്. ടാറ്റ 60 കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാറിന് കൈമാറിയ ആശുപത്രിക്കായി 4.125 ഏക്കര്‍ വഖഫ് ഭൂമിയാണ് ഏറ്റെടുത്തത്. ബോര്‍ഡില്‍ 10237/ആര്‍.എ നമ്പറായി രജിസ്റ്റര്‍ ചെയ്ത ജംഇയ്യത്തുല്‍ ഉലമ മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് അസോസിയേഷന്‍ വഖയാണ് ഈ വഖഫ് ഭൂമി.

ഇതിനു പകരമായി 1964ലെ കേരള ലാന്റ് അസൈന്‍മെന്റ് റൂള്‍സ് 24 പ്രകാരം 267/2 ബി, 1 ബി, 266/ 1, 276/1 എ, 277/1എ എന്നീ സര്‍വ്വെ നമ്പറുകളിലുളള വസ്തുക്കള്‍ വിട്ടു നല്‍കുമെന്നും കരാറുണ്ടാക്കി. സയ്യിദ് ജീഫ്രി തങ്ങളുമായി 2020 ഏപ്രില്‍ 17ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു ഐ.എ.എസ് ഉണ്ടാക്കിയ കരാര്‍ ഒന്നര വര്‍ഷമായിട്ടും പാലിക്കാത്തത് വിശ്വാസ വഞ്ചനയാണ്. 2020 ഏപ്രില്‍ ആറിനാണ് കാസര്‍കോട്ട് ആശുപത്രി പണിയുമെന്ന പ്രഖ്യാപനമുണ്ടായത്. ഏഴിനു തന്നെ ജില്ലാ കലക്ടര്‍ പ്രസ്തുത സ്ഥലം നിശ്ചയിച്ചു. ജില്ലാ കലക്ടറുടെ കത്തിനെ തുടര്‍ന്ന്, വീഡിയോ കോണ്‍ഫ്രന്‍സ് വഴി 2020 ഏപ്രില്‍ 23ന് ചേര്‍ന്ന അടിയന്തര വഖഫ് ബോര്‍ഡ് യോഗമാണ് വിഷയം പരിഗണിച്ച് 2020 ഏപ്രില്‍ 17ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ജില്ലാ കലക്ടര്‍ ഏര്‍പ്പെട്ട കരാരില്‍ പറയുന്ന ധാരണക്ക് അംഗീകാരം നല്‍കിയത്.

എന്നാല്‍, ഒന്നര വര്‍ഷമായിട്ടും ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങിയിട്ടും പകരം വാഗ്ദാനം ചെയ്ത സ്ഥലം നല്‍കാത്തതിനാല്‍ ആശുപത്രി നില്‍ക്കുന്ന മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് അസോസിയേഷന്റെ സ്ഥലം തിരിച്ചു നല്‍കണമെന്ന് 2021 സെപ്തംബര്‍ ഏഴിന് കമ്മിറ്റി ജനറല്‍ സെക്രട്ടറി വഖഫ് ബോര്‍ഡിന് കത്തു നല്‍കുകയായിരുന്നു.

കഴിഞ്ഞ ഏഴിലെ വഖഫ് ബോര്‍ഡ് യോഗം ഇത് അംഗീകരിച്ച് കരാറില്‍ പറയുന്ന പ്രകാരം ഭൂമിയോ അല്ലെങ്കില്‍ ടാറ്റ ആശുപത്രി നില്‍ക്കുന്ന വഖഫ് ഭൂമിയോ തിരിച്ചു നല്‍കണമെന്നു ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ ഒമ്പതിന് കത്തു നല്‍കി. 2020 ഒക്ടോബര്‍ 28നാണ് 128 യൂണിറ്റുകളിലായി 81000 സ്‌ക്വയര്‍ഫീറ്റില്‍ 551 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്.

 

 

 

web desk 3: