X

തൊഴിലാളി വിരുദ്ധ സര്‍ക്കാറിന് മുന്നറിയിപ്പ്-എഡിറ്റോറിയല്‍

സംഘടിത മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച സുപ്രീംകോടതിയുടെ നടപടി രാജ്യത്തെ ലക്ഷക്കണക്കായ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്. പെന്‍ഷന്‍ ലഭിക്കാന്‍ 15000 രൂപ മേല്‍പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവും പെന്‍ഷന്‍ തുകയുടെ 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കിയതോടെ പി.എഫ് പെന്‍ഷന്‍ സംവിധാനത്തിന്റെ കടക്കല്‍ കത്തിവെക്കാനുള്ള നീക്കത്തെയാണ് പരമോന്നത നീതിപീഠം ചോദ്യം ചെയ്തിരിക്കുന്നത്. എന്നാല്‍ പെന്‍ഷന്‍ കണക്കാക്കാന്‍ അവസാന 12 മാസത്തിനുപകരം 60 മാസത്തെ ശരാശരി പരിഗണിക്കുന്നതിന് അംഗീകാരം നല്‍കിയത് തൊഴിലാളികള്‍ക്ക് തിരിച്ചടിയും സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുഗുണവുമാണ്.

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ നല്‍കണമെന്ന ഡല്‍ഹി, കേരളം, രാജസ്ഥാന്‍ ഹൈക്കോടതികളുടെ വിധിയെ മറികടക്കാന്‍ ഇ.പി.എഫും കേന്ദ്ര തൊഴില്‍ മന്ത്രാലയവും സുപ്രീം കോടതിയെ സമീപിച്ചതോടെ സംഘടിത മേഖലയിലെ തൊഴില്‍ സമൂഹം ആകാംക്ഷയോടെയായിരുന്നു ഈ നിയമ വ്യവഹാരത്തെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ കേസിന്റെ വിചാരണ വേളയില്‍ തൊഴില്‍ മന്ത്രാലയവും ഇ.പി.എഫും നിരത്തിയ വാദഗതികള്‍ നിരീക്ഷിക്കുമ്പോള്‍ ഈ വിധിപോലും മറികടക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. തൊഴിലാളികളുടെ യഥാര്‍ത്ഥ ശമ്പളത്തിന്റെ ആനുപാതികമായി പെന്‍ഷന്‍ നല്‍കുകയാണെങ്കില്‍ പി.എഫ് ഫണ്ട് ഇല്ലാതാക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. നിലവിലെ സംവിധാനത്തെ അട്ടിമറിക്കുന്ന രീതിയില്‍ പി.എഫ് സ്‌കീമില്‍ 2014ല്‍ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ടാണെന്നും സര്‍ക്കാര്‍ വാദിക്കുകയുണ്ടായി. സര്‍ക്കാറിന്റെ ഈ രണ്ടു വാദങ്ങളും മാത്രം മതി എത്ര തലതിരിഞ്ഞ രീതിയിലാണ് തൊഴിലാളികളുടെ ഏറ്റവും പ്രധാന ആശ്രയമായ പി.എഫിനെ അവര്‍ കൈകാര്യം ചെയ്യുന്നത് എന്ന് മനസിലാക്കാന്‍. യഥാര്‍ത്ഥത്തില്‍ ശമ്പളത്തിനനുസൃതമായി പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് പി.എഫ് സംവിധാനത്തിന്റെ അടിത്തറ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് സര്‍ക്കാര്‍ ഒട്ടും ആഗ്രഹിക്കാത്ത കാര്യവുമാണ്.

മറ്റെല്ലാ മേഖലയിലുമെന്ന പോലെ തൊഴില്‍ മേഖലയെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെ 29 തൊഴില്‍ നിയമങ്ങളാണ് മോദിസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. പലപ്പോഴും ഒരു ചര്‍ച്ചക്കുള്ള അവസരംപോലും തുറക്കപ്പെട്ടില്ല. വ്യവസായ കുത്തകകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് ബി.ജെ.പി കൊണ്ടുവന്ന മുഴുവന്‍ തൊഴില്‍ നിയമങ്ങളുടെയും അന്തസത്ത. ദശാബ്ധങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെയാണ് പി.എഫ് എന്ന അവകാശത്തെ ഇന്ത്യയിലെ തൊഴില്‍ സമൂഹം നേടിയെടുത്തത്. വിവിധ മേഖലയില്‍ തൊഴിലാളികള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്ന വിയര്‍പ്പിന്റെ വില മനസിലാക്കിയ വിവിധ സര്‍ക്കാറുകള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണം നടത്തുന്നതില്‍ ബദ്ധശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് 1952 ലെ ഇ.പി.എഫ് ആക്ട് രൂപപ്പെടുന്നത്.

ഫി.എഫ് സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പി.എഫ് പെന്‍ഷന്‍. തങ്ങളുടെ നല്ലകാലം മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന സംഘടിത മേഖലയിലെ തൊഴിലാളികളുടെ അവസാനകാലത്തേക്കുള്ള ഏക പ്രതീക്ഷ പി.എഫ് പെന്‍ഷനാണ്. രാജ്യത്തിന്റെ പുരോഗതിയില്‍ തന്റേതായ സേവന മുദ്രപതപ്പിക്കുകയാണ് ഓരോ തൊഴില്‍ മേഖലയിലേക്കും ഇറങ്ങിത്തിരിക്കുന്നതിലൂടെ തൊഴിലാളികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവശ കാലത്ത് അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. രാജ്യത്തെ ഓരോ പൗരന്റെയും ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം ഭരണകൂടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന നിലയില്‍ വിശേഷിച്ചും. എന്നാല്‍ ഇത്തരം മൂല്യങ്ങള്‍ക്കൊന്നും തങ്ങളുടെ നിഘണ്ടുവില്‍ ഒരു ഇടവും കല്‍പ്പിക്കാത്ത ഒരു സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍ ഇതില്‍നിന്ന് വിഭിന്നമായി എന്തെങ്കിലും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നിരര്‍ത്ഥകമാണ്. എന്നാല്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും പൗരന്‍മാരുടെ ഏക പ്രതീക്ഷ നമ്മുടെ മഹത്തായ ഭരണഘടനയിലും അതിനെ വ്യാഖ്യാനിക്കുന്ന നീതിപീഠത്തിലുമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ കൂട്ടത്തോടെ പിഴുതെറിയാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഒരുപരിധിവരെ അതിനു തടയിട്ടുകൊണ്ട് സുപ്രീംകോടതി നടത്തിയിട്ടുള്ള ഈ വിധിപ്രഖ്യാപനം പ്രതീക്ഷാ നിര്‍ഭരം തന്നെയാണ്.

web desk 3: