X

ബന്ദിപ്പൂര്‍ യാത്രാനിരോധനം; രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു

ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള യാത്രാനിരോധനത്തിനെതിരെ വിവിധ യുവജന സംഘടനകള്‍ നടത്തുന്ന നിരാഹാരം സമരം ഏഴാം ദിവസത്തിലേക്ക്. മുന്നൂറ് വര്‍ഷത്തോളം ജനങ്ങള്‍ കര്‍ണാടകയിലേക്ക് പോകാനും തിരിച്ചുവരാനും ആശ്രയിച്ചിരുന്ന ദേശീയപാത കൊട്ടിഅടക്കുന്നതിനെതിരെയുള്ള സമരം മലബാറിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ സംഗമമായി മാറുകയാണ്.

അതിനിടെ ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ ഡല്‍ഹി കൊച്ചി ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. എന്‍എച്ച് 766ലെ ഗതാഗത നിരോധനവും നിര്‍ദ്ദിഷ്ട ബദല്‍ റൂട്ട് സംബന്ധിച്ചും സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും കൂടികാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
വയനാട്ടിലെ ജനങ്ങള്‍ ആശങ്കയിലാണെന്ന കാര്യം രാഹുല്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്താനും രാഹുല്‍ ആവശ്യപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുവജന കൂട്ടായ്മയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി രാഹുല്‍ഗാന്ധി എം.പി വ്യാഴാഴ്ച സുല്‍ത്താന്‍ ബത്തേരിയിലെത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതി നേതാക്കള്‍ക്കൊപ്പം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ്ജാവദേക്കര്‍, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തും. രാത്രിയാത്രാ നിരോധനത്തില്‍ പരിഹാരം തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. 2009-ലാണ് ചാമരാജ് നഗര്‍ കലക്ടറുടെ ഉത്തരവ് പ്രകാരം കര്‍ണാടകയുടെ ഭാഗത്തുള്ള ബന്ദിപൂര്‍ വനമേഖലയിലെ 22 കിലോമീറ്റര്‍ ദൂരം വരുന്ന ദേശീയപാതയില്‍ രാത്രി യാത്രാ നിരോധിച്ചത്. ഇതിനെതിരെ കേരളം സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തില്‍ ഇതുവരെആയിരത്തിലധികം സംഘടനകള്‍ നേരിട്ടുവന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അര ലക്ഷത്തോളം ജനങ്ങള്‍ പങ്കുകൊണ്ടു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് ബത്തേരി നഗരത്തില്‍ ദിവസവും നടക്കുന്നത്.
മുസ്‌ലിം യൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച, വ്യാപാരി വ്യവസായി യൂത്ത് വിങ് എന്നീ സംഘടനകളുടെ ഓരോ പ്രതിനിധികളാണ് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമര പന്തലില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായ മൂന്ന് സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആസ്പത്രികളിലേക്ക് മാറ്റി. ഇന്ന് വയനാട്ടിലെ കലാലയങ്ങള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിന് പിന്തുണ അറിയിക്കാന്‍ എത്തുന്നതോടെ ജില്ല കണ്ട ഏറ്റവും വലിയ യുവജനറാലിയായി ഇത് മാറും.

chandrika: