X

മലവെള്ളപ്പാച്ചില്‍ മുടക്കിയത് മലയോരത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളവും

മലയോര മേഖലയെ ആകെ കുലുക്കിയ നാലു ദിവസത്തെ പേമാരിയിലും ഉരുള്‍പ്പൊട്ടലിനും ശേഷം വീടുകളില്‍ തിരിച്ചെത്തുന്ന കുടുംബങ്ങള്‍ കുടിവെള്ളവും കിട്ടാതെ ഉഴറുന്നു. മലവെള്ളപ്പാച്ചില്‍ നിരവധി കുടിവെള്ള പദ്ധതികളാണ് താറുമാറായത്. വിവിധ ടാങ്കുകളില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും വീടുകളിലേക്കെത്തുന്ന പൈപ്പുകള്‍ പൊട്ടിയ നിലയിലാണ്. വയനാടിലും കോഴിക്കോടെയും മലപ്പുറത്തേയും നിരവധി മലയോര വീടുകളുടെ അവസ്ഥയിതാണ്.

വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കിലേക്ക് വെള്ളം എത്തുന്ന വലിയ പൈപ്പുകള്‍ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ഈ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചുകഴിയുന്ന ആളുകള്‍ കഴിഞ്ഞ 10 ദിവസമായി വെള്ളമില്ലാതെ ദുരിതത്തില്‍. വെള്ളമുണ്ട പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം എത്തിക്കുന്ന പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതിയുടെ വലിയ ടാങ്കിലേക്ക് വെള്ളം ചെക്ക് ഡാമില്‍ നിന്നും എത്തിക്കുന്ന പൈപ്പുകളാണ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ വന്‍മരങ്ങളും, പാറകളും വന്നടിഞ്ഞ് തകര്‍ന്നത്. ബാണാസുര മലയില്‍ നിന്നും ഒഴുകിവരുന്ന കല്ലാംതോടില്‍ നിര്‍മ്മിച്ച ചെക്ക് ഡാമില്‍ നിന്നാണ് പൈപ്പ് വഴി ജലസംഭരണി യിലേക്ക് വെള്ളമെത്തിക്കുന്നത്. ടൈപ്പ് പൊട്ടിയതിനാല്‍ ഈ മഴക്കാലത്തും ഒരു തുള്ളിവെള്ളം പോലും ടാങ്കില്‍ ഇല്ലാത്ത അവസ്ഥയാണ്. 2300 ഓളം ഗാര്‍ഹിക ഉപയോക്താക്കളും നൂറുകണക്കിന് പൊതു ടാപ്പുകളും, നിരവധി ഹോട്ടലുകളും ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി എല്ലാവരും കടുത്ത ദുരിതത്തിലാണ്. നിരവധി ഹോട്ടലുകളാണ് ഇപ്പോള്‍ അടഞ്ഞു കിടക്കുന്നത്. വകുപ്പ് എസ്റ്റിമേറ്റ് നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കാലതാമസം ഉണ്ടാകുമെന്നതിനാല്‍ താല്‍ക്കാലികമായി പൈപ്പുകള്‍ സ്ഥാപിച്ച് പ്രശ്ന പരിഹാരം ഉണ്ടാകണം എന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

chandrika: