X
    Categories: Sports

ഈ സ്വിസ് ബ്രാന്‍ഡ് വിജയത്തില്‍ ബ്രസീലിനാണ് നെഞ്ചിടിക്കുന്നത്‌

മുഹമ്മദ് ഷാഫി

സെര്‍ബിയ 1 – സ്വിറ്റ്‌സര്‍ലാന്റ് 2

ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു – ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി മിസ്സ്, മഞ്ഞക്കാര്‍ഡ്, ചുവപ്പു കാര്‍ഡ്, വമ്പന്മാരുടെ വീഴ്ച, അട്ടിമറി, ബസ് പാര്‍ക്കിങ് പ്രതിരോധം, അതിനെ അതിജയിച്ചുകൊണ്ടുള്ള സ്‌കോറിങ്, ടാക്ടിക്കല്‍ അത്ഭുതങ്ങള്‍, ടാക്ടിക്കല്‍ അബദ്ധങ്ങള്‍… അങ്ങനെ ഏറെക്കുറെ എല്ലാം. ഇന്നലെ രാത്രി അതുംകൂടി സംഭവിച്ചു – ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം പൊരുതിക്കയറിയുള്ള ഒരു ടീമിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ മിത്രോവിച്ചിലൂടെ സെര്‍ബിയ നേടിയ ഒരു സാധാരണ ഹെഡ്ഡര്‍ ഗോളിന് രണ്ടാംപകുതിയിലെ രണ്ട് കിടിലന്‍ ഗോളുകളുമായി സ്വിറ്റ്‌സര്‍ലാന്റ് മറുപടി നല്‍കിയതോടെ ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കിട്ടണമെങ്കില്‍ ബുധനാഴ്ച നട്ടപ്പാതിര വരെ കാത്തിരിക്കണമെന്ന സ്ഥിതിയായി.

ഡ്യൂട്ടിയും മൂസസാഹിത്യവും കഴിഞ്ഞ് ഞാന്‍ കളികാണാനിരിക്കുമ്പോഴേക്ക് സെര്‍ബിയക്കാര്‍ ഒരു ഗോളടിച്ചു കഴിഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റിന്റെ സ്വഭാവം വെച്ച് അതോടെ കളി തീരുമാനമാവേണ്ടതാണ്. പക്ഷേ, മറുവശത്ത് സ്വിറ്റ്‌സര്‍ലാന്റ് ആയതുകൊണ്ടും അവര്‍ അത്യാവശ്യം നന്നായി കളിക്കുന്നതു കൊണ്ടും പ്രതീക്ഷ കൈവിട്ടില്ല. ഉറക്കത്തിലേക്ക് വഴുതിയും ഞെട്ടിയുണര്‍ന്നുമൊക്കെയായി കണ്ട മത്സരത്തിനൊടുവില്‍ ആഗ്രഹിച്ച റിസള്‍ട്ട് തന്നെ ലഭിച്ചു.

4-2-3-1 ശൈലിയില്‍ കളിച്ച സ്വിറ്റ്‌സര്‍ലന്റിനായിരുന്നു മത്സരത്തില്‍ ആധിപത്യം. തുടക്കത്തില്‍ തന്നെ ഗോളടിച്ചതോടെ സെര്‍ബിയ തങ്ങള്‍ക്കറിയാവുന്ന പണി വൃത്തിക്ക് ചെയ്യാന്‍ തീരുമാനിച്ചതായി തോന്നി. നന്നായി പ്രതിരോധിക്കുക, എതിര്‍ഹാഫ് തുറന്നുകിട്ടുമ്പോള്‍ ആക്രമിക്കുക എന്നതായിരുന്നു സെര്‍ബ് രീതി. ടോസിച്ച്, മിലങ്കോവിച്ച്, മാറ്റിച്ച്, മിലിവോജെവിച്ച് ചത്വരം ഡിഫന്‍സ് നയിച്ചപ്പോള്‍ ഒരുവശത്ത് കോളറോവും മറുവശത്ത് ഇവാനോവിച്ചും പ്രതിരോധത്തിനൊപ്പം മധ്യ-മുന്‍ നിരകളെയും സഹായിച്ചു.

സ്വിസ് കോച്ച് പെറ്റ്‌കോവിച്ചിന്റെ വജ്രായുധം ഷെര്‍ദാന്‍ ഷഖീരി ആയിരുന്നു. അയാള്‍ കരുത്തരും പരിചയ സമ്പന്നരുമായ സ്വിസ് ഡിഫന്റര്‍മാരെ സമാധാനത്തോടെ നില്‍ക്കാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഗ്രനിത് ഷാക്കയും ബെഹ്‌റാമിയും ഷഖീരിയുമെല്ലാം നിറഞ്ഞുനിന്നപ്പോള്‍ മധ്യനിരയിലെ ആധിപത്യം സ്വിസ്സുകാര്‍ക്കായി. സ്വന്തം പകുതി സംരക്ഷിക്കുക എന്നതിനാണ് സെര്‍ബിയക്കാര്‍ പ്രാധാന്യം നല്‍കിയത്.

വലതുവിങ്ങിലായിരുന്നു സ്ഥാനമെങ്കിലും ഇന്നലെ കളിക്കളത്തില്‍ എവിടെ നോക്കിയാലും ഷഖീരിയെ കാണാമായിരുന്നു. ഡീപ് മിഡ്ഫീല്‍ഡ് മുതല്‍ ബോക്‌സ് വരെ അയാളുടെ കുറിയ കാലുകള്‍ വല്ലാത്ത ശല്യമാണുണ്ടാക്കിയത്. ഒപ്പമുള്ളവരെ കളിപ്പിക്കാന്‍ മാത്രമല്ല, തഞ്ചംകിട്ടിയാല്‍ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യാനും അയാള്‍മടിച്ചില്ല. സ്വിറ്റ്‌സര്‍ലാന്റിന്റെ ആദ്യഗോളും വന്നതങ്ങനെയാണ്. ഇടതുവിങില്‍ നിന്ന് ഗോള്‍ഏരിയ മുറിച്ചുകടന്നുവന്ന ഷഖീരിയുടെ പ്ലേസിങ് ഡിഫന്റര്‍ തടഞ്ഞു. എന്നാല്‍ ഡീപ്പില്‍ നിന്ന് ഓടിക്കയറി വന്ന ഗ്രാനിത് ഷാക്ക തൊടുത്ത ഷോട്ട് വളഞ്ഞ് പോസ്റ്റില്‍ കയറി. വര്‍ഷങ്ങളുടെ പരിചയമുള്ള ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ നിലത്തുവീഴ്ത്തിയതില്‍ നിന്നുതന്നെ അറിയാം, ഷാക്കയുടെ അടിക്ക് എത്രമാത്രം ഭാരമുണ്ടായിരുന്നു എന്ന്. ഇവാനോവിച്ചിന്റെ മറ അവസാന നിമിഷമേ നീങ്ങിയുള്ളൂ എന്നതിനാല്‍ ഗോള്‍കീപ്പര്‍ക്ക് ഒന്ന് ഡൈവ് ചെയ്യാന്‍പോലും സമയം കിട്ടിയില്ല.

അവസാനഘട്ടത്തില്‍ എല്ലാംമറന്ന് ആക്രമിക്കാന്‍ തുനിഞ്ഞ സെര്‍ബിയ സ്വയം കുളംതോണ്ടുകയാണുണ്ടായത്. സ്വിസ് ബോക്‌സില്‍ സെര്‍ബിയക്ക് നഷ്ടമായ പന്ത് എതിര്‍ഹാഫില്‍ ഷഖീരിയുടെ കാലില്‍കിട്ടുമ്പോള്‍ ഒരു ഡിഫന്ററേ അയാള്‍ക്കൊപ്പമുണ്ടായിരുന്നുള്ളൂ. അയാള്‍തന്നെ ഷഖീരിയേക്കാള്‍ ഒരുമീറ്റര്‍ പിന്നിലായിരുന്നു. ചടുലമായ ഫുട്ട്‌വര്‍ക്ക് കൊണ്ട് അതുവരെ കളംനിറഞ്ഞ ഷഖീരിക്കാകട്ടെ അതില്‍പ്പരം സുവര്‍ണാവസരം കിട്ടാനുണ്ടായിരുന്നില്ല. പന്തിനെയും പിന്നാലെ തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്ററെയും വഹിച്ച് ഇടതുബോക്‌സില്‍ കയറിയ ഷഖീരി, സെര്‍ബിയന്‍ കീപ്പറെ മുന്നോട്ടു വിളിച്ചുവരുത്തി. പ്രതിഭകൊണ്ടു മാത്രം കഴിയുന്ന വിധത്തില്‍ കീപ്പര്‍ക്കും ഡിഫന്റര്‍ക്കുമിടയിലൂടെ ശാന്തമായി പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു. റഫറിയോടും മഞ്ഞക്കാര്‍ഡിനോടും കളിയുടെ മാന്യതയോടുമൊക്കെ പോകാന്‍ പറ; 90-ാം മിനുട്ടില്‍ അടിക്കുന്ന അത്തരമൊരു ഗോള്‍ കുപ്പായമൂരാതെ എങ്ങനെയാണ് ആഘോഷിക്കുക!

ജെമയ്‌ലി ക്ലോസ് റേഞ്ചില്‍ നിന്ന് തുലച്ച സുവര്‍ണാവസരവും ക്രോസ്ബാറില്‍ തട്ടി മടങ്ങിയ ഷഖീരിയുടെ കേര്‍ളിങ് ഷോട്ടും ബോക്‌സിലുണ്ടാക്കിയ അങ്കലാപ്പുമെല്ലാം മത്സരത്തിലെ സ്വിസ് മേധാവിത്വത്തിന്റെ തെളിവായിരുന്നു. പ്രതിരോധത്തില്‍ കരുത്തരായ എതിരാളികളെ സ്വന്തം ഹാഫിലേക്ക് വിളിച്ചുവരുത്തി ക്ഷണവേഗത്തില്‍ പ്രത്യാക്രമണം നടത്തുകയെന്ന തന്ത്രമാണ് സ്വിസ്സുകാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ കെണിയില്‍ സെര്‍ബിയ വീണതാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്.

ഈ ഗ്രൂപ്പില്‍ ഇനിയാണ് ആവേശം പതിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്റ്, സെര്‍ബിയ ടീമുകള്‍ക്കു മു്ന്നില്‍ രണ്ടാം റൗണ്ടില്‍ കയറാനുള്ള സാധ്യതയുണ്ട്. നാല് പോയിന്റോടെ ഗോള്‍വ്യത്യാസത്തില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്താണെങ്കിലും അടുത്ത കളി അവര്‍ക്ക് സെര്‍ബിയയുമായാണ്. ജയത്തില്‍കുറഞ്ഞ ഒന്നും സെര്‍ബിയക്ക് ഗുണകരമാവില്ല എന്നതിനാല്‍ ബ്രസീല്‍ യഥാര്‍ത്ഥ പരീക്ഷണം നേരിടാന്‍ പോവുകയാണ്. അതേസമയം, ബ്രസീലിനും സ്വിസ്സുകാര്‍ക്കും സമനില മതി. സമനിലക്കു വേണ്ടി കളിക്കുക എന്നത് ടിറ്റേയുടെ ആവനാഴിയിലുള്ള അമ്പല്ലാത്തതിനാല്‍ നല്ലൊരു ആക്രമണ – പ്രത്യാക്രമണ മത്സരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: