Connect with us

Sports

ഈ സ്വിസ് ബ്രാന്‍ഡ് വിജയത്തില്‍ ബ്രസീലിനാണ് നെഞ്ചിടിക്കുന്നത്‌

Published

on

മുഹമ്മദ് ഷാഫി

സെര്‍ബിയ 1 – സ്വിറ്റ്‌സര്‍ലാന്റ് 2

ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു – ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി മിസ്സ്, മഞ്ഞക്കാര്‍ഡ്, ചുവപ്പു കാര്‍ഡ്, വമ്പന്മാരുടെ വീഴ്ച, അട്ടിമറി, ബസ് പാര്‍ക്കിങ് പ്രതിരോധം, അതിനെ അതിജയിച്ചുകൊണ്ടുള്ള സ്‌കോറിങ്, ടാക്ടിക്കല്‍ അത്ഭുതങ്ങള്‍, ടാക്ടിക്കല്‍ അബദ്ധങ്ങള്‍… അങ്ങനെ ഏറെക്കുറെ എല്ലാം. ഇന്നലെ രാത്രി അതുംകൂടി സംഭവിച്ചു – ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം പൊരുതിക്കയറിയുള്ള ഒരു ടീമിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ മിത്രോവിച്ചിലൂടെ സെര്‍ബിയ നേടിയ ഒരു സാധാരണ ഹെഡ്ഡര്‍ ഗോളിന് രണ്ടാംപകുതിയിലെ രണ്ട് കിടിലന്‍ ഗോളുകളുമായി സ്വിറ്റ്‌സര്‍ലാന്റ് മറുപടി നല്‍കിയതോടെ ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കിട്ടണമെങ്കില്‍ ബുധനാഴ്ച നട്ടപ്പാതിര വരെ കാത്തിരിക്കണമെന്ന സ്ഥിതിയായി.

ഡ്യൂട്ടിയും മൂസസാഹിത്യവും കഴിഞ്ഞ് ഞാന്‍ കളികാണാനിരിക്കുമ്പോഴേക്ക് സെര്‍ബിയക്കാര്‍ ഒരു ഗോളടിച്ചു കഴിഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റിന്റെ സ്വഭാവം വെച്ച് അതോടെ കളി തീരുമാനമാവേണ്ടതാണ്. പക്ഷേ, മറുവശത്ത് സ്വിറ്റ്‌സര്‍ലാന്റ് ആയതുകൊണ്ടും അവര്‍ അത്യാവശ്യം നന്നായി കളിക്കുന്നതു കൊണ്ടും പ്രതീക്ഷ കൈവിട്ടില്ല. ഉറക്കത്തിലേക്ക് വഴുതിയും ഞെട്ടിയുണര്‍ന്നുമൊക്കെയായി കണ്ട മത്സരത്തിനൊടുവില്‍ ആഗ്രഹിച്ച റിസള്‍ട്ട് തന്നെ ലഭിച്ചു.

4-2-3-1 ശൈലിയില്‍ കളിച്ച സ്വിറ്റ്‌സര്‍ലന്റിനായിരുന്നു മത്സരത്തില്‍ ആധിപത്യം. തുടക്കത്തില്‍ തന്നെ ഗോളടിച്ചതോടെ സെര്‍ബിയ തങ്ങള്‍ക്കറിയാവുന്ന പണി വൃത്തിക്ക് ചെയ്യാന്‍ തീരുമാനിച്ചതായി തോന്നി. നന്നായി പ്രതിരോധിക്കുക, എതിര്‍ഹാഫ് തുറന്നുകിട്ടുമ്പോള്‍ ആക്രമിക്കുക എന്നതായിരുന്നു സെര്‍ബ് രീതി. ടോസിച്ച്, മിലങ്കോവിച്ച്, മാറ്റിച്ച്, മിലിവോജെവിച്ച് ചത്വരം ഡിഫന്‍സ് നയിച്ചപ്പോള്‍ ഒരുവശത്ത് കോളറോവും മറുവശത്ത് ഇവാനോവിച്ചും പ്രതിരോധത്തിനൊപ്പം മധ്യ-മുന്‍ നിരകളെയും സഹായിച്ചു.

സ്വിസ് കോച്ച് പെറ്റ്‌കോവിച്ചിന്റെ വജ്രായുധം ഷെര്‍ദാന്‍ ഷഖീരി ആയിരുന്നു. അയാള്‍ കരുത്തരും പരിചയ സമ്പന്നരുമായ സ്വിസ് ഡിഫന്റര്‍മാരെ സമാധാനത്തോടെ നില്‍ക്കാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഗ്രനിത് ഷാക്കയും ബെഹ്‌റാമിയും ഷഖീരിയുമെല്ലാം നിറഞ്ഞുനിന്നപ്പോള്‍ മധ്യനിരയിലെ ആധിപത്യം സ്വിസ്സുകാര്‍ക്കായി. സ്വന്തം പകുതി സംരക്ഷിക്കുക എന്നതിനാണ് സെര്‍ബിയക്കാര്‍ പ്രാധാന്യം നല്‍കിയത്.

വലതുവിങ്ങിലായിരുന്നു സ്ഥാനമെങ്കിലും ഇന്നലെ കളിക്കളത്തില്‍ എവിടെ നോക്കിയാലും ഷഖീരിയെ കാണാമായിരുന്നു. ഡീപ് മിഡ്ഫീല്‍ഡ് മുതല്‍ ബോക്‌സ് വരെ അയാളുടെ കുറിയ കാലുകള്‍ വല്ലാത്ത ശല്യമാണുണ്ടാക്കിയത്. ഒപ്പമുള്ളവരെ കളിപ്പിക്കാന്‍ മാത്രമല്ല, തഞ്ചംകിട്ടിയാല്‍ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യാനും അയാള്‍മടിച്ചില്ല. സ്വിറ്റ്‌സര്‍ലാന്റിന്റെ ആദ്യഗോളും വന്നതങ്ങനെയാണ്. ഇടതുവിങില്‍ നിന്ന് ഗോള്‍ഏരിയ മുറിച്ചുകടന്നുവന്ന ഷഖീരിയുടെ പ്ലേസിങ് ഡിഫന്റര്‍ തടഞ്ഞു. എന്നാല്‍ ഡീപ്പില്‍ നിന്ന് ഓടിക്കയറി വന്ന ഗ്രാനിത് ഷാക്ക തൊടുത്ത ഷോട്ട് വളഞ്ഞ് പോസ്റ്റില്‍ കയറി. വര്‍ഷങ്ങളുടെ പരിചയമുള്ള ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ നിലത്തുവീഴ്ത്തിയതില്‍ നിന്നുതന്നെ അറിയാം, ഷാക്കയുടെ അടിക്ക് എത്രമാത്രം ഭാരമുണ്ടായിരുന്നു എന്ന്. ഇവാനോവിച്ചിന്റെ മറ അവസാന നിമിഷമേ നീങ്ങിയുള്ളൂ എന്നതിനാല്‍ ഗോള്‍കീപ്പര്‍ക്ക് ഒന്ന് ഡൈവ് ചെയ്യാന്‍പോലും സമയം കിട്ടിയില്ല.

അവസാനഘട്ടത്തില്‍ എല്ലാംമറന്ന് ആക്രമിക്കാന്‍ തുനിഞ്ഞ സെര്‍ബിയ സ്വയം കുളംതോണ്ടുകയാണുണ്ടായത്. സ്വിസ് ബോക്‌സില്‍ സെര്‍ബിയക്ക് നഷ്ടമായ പന്ത് എതിര്‍ഹാഫില്‍ ഷഖീരിയുടെ കാലില്‍കിട്ടുമ്പോള്‍ ഒരു ഡിഫന്ററേ അയാള്‍ക്കൊപ്പമുണ്ടായിരുന്നുള്ളൂ. അയാള്‍തന്നെ ഷഖീരിയേക്കാള്‍ ഒരുമീറ്റര്‍ പിന്നിലായിരുന്നു. ചടുലമായ ഫുട്ട്‌വര്‍ക്ക് കൊണ്ട് അതുവരെ കളംനിറഞ്ഞ ഷഖീരിക്കാകട്ടെ അതില്‍പ്പരം സുവര്‍ണാവസരം കിട്ടാനുണ്ടായിരുന്നില്ല. പന്തിനെയും പിന്നാലെ തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്ററെയും വഹിച്ച് ഇടതുബോക്‌സില്‍ കയറിയ ഷഖീരി, സെര്‍ബിയന്‍ കീപ്പറെ മുന്നോട്ടു വിളിച്ചുവരുത്തി. പ്രതിഭകൊണ്ടു മാത്രം കഴിയുന്ന വിധത്തില്‍ കീപ്പര്‍ക്കും ഡിഫന്റര്‍ക്കുമിടയിലൂടെ ശാന്തമായി പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു. റഫറിയോടും മഞ്ഞക്കാര്‍ഡിനോടും കളിയുടെ മാന്യതയോടുമൊക്കെ പോകാന്‍ പറ; 90-ാം മിനുട്ടില്‍ അടിക്കുന്ന അത്തരമൊരു ഗോള്‍ കുപ്പായമൂരാതെ എങ്ങനെയാണ് ആഘോഷിക്കുക!

ജെമയ്‌ലി ക്ലോസ് റേഞ്ചില്‍ നിന്ന് തുലച്ച സുവര്‍ണാവസരവും ക്രോസ്ബാറില്‍ തട്ടി മടങ്ങിയ ഷഖീരിയുടെ കേര്‍ളിങ് ഷോട്ടും ബോക്‌സിലുണ്ടാക്കിയ അങ്കലാപ്പുമെല്ലാം മത്സരത്തിലെ സ്വിസ് മേധാവിത്വത്തിന്റെ തെളിവായിരുന്നു. പ്രതിരോധത്തില്‍ കരുത്തരായ എതിരാളികളെ സ്വന്തം ഹാഫിലേക്ക് വിളിച്ചുവരുത്തി ക്ഷണവേഗത്തില്‍ പ്രത്യാക്രമണം നടത്തുകയെന്ന തന്ത്രമാണ് സ്വിസ്സുകാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ കെണിയില്‍ സെര്‍ബിയ വീണതാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്.

ഈ ഗ്രൂപ്പില്‍ ഇനിയാണ് ആവേശം പതിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്റ്, സെര്‍ബിയ ടീമുകള്‍ക്കു മു്ന്നില്‍ രണ്ടാം റൗണ്ടില്‍ കയറാനുള്ള സാധ്യതയുണ്ട്. നാല് പോയിന്റോടെ ഗോള്‍വ്യത്യാസത്തില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്താണെങ്കിലും അടുത്ത കളി അവര്‍ക്ക് സെര്‍ബിയയുമായാണ്. ജയത്തില്‍കുറഞ്ഞ ഒന്നും സെര്‍ബിയക്ക് ഗുണകരമാവില്ല എന്നതിനാല്‍ ബ്രസീല്‍ യഥാര്‍ത്ഥ പരീക്ഷണം നേരിടാന്‍ പോവുകയാണ്. അതേസമയം, ബ്രസീലിനും സ്വിസ്സുകാര്‍ക്കും സമനില മതി. സമനിലക്കു വേണ്ടി കളിക്കുക എന്നത് ടിറ്റേയുടെ ആവനാഴിയിലുള്ള അമ്പല്ലാത്തതിനാല്‍ നല്ലൊരു ആക്രമണ – പ്രത്യാക്രമണ മത്സരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

Football

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം പ്രീസീസൺ മത്സരത്തിന് ഇറങ്ങും

ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

Published

on

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തായ്ലാന്റിലെ തങ്ങളുടെ അവസാന പ്രീസീസൺ മത്സരത്തിന് ഇറങ്ങും. ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. അവസാന രണ്ട് പ്രീസീസൺ മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം തുടരാനാകും ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിനു ശേഷം ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും.

അറീന ഹുവാ ഹിൻ ആകും മത്സരത്തിന് വേദിയാവുക. ഇതുവരെ പ്രീസീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 2 എണ്ണത്തിൽ വിജയിക്കുകയും ഒന്ന് പരാജയപ്പെടുകയും ആയിരുന്നു.

Continue Reading

india

ഇന്ത്യ നാളെ മുതൽ ഇറങ്ങുന്നു

Published

on

വർധിത ആത്മവിശ്വാസത്തിലാണ് പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘമെത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ സംഘത്തലവൻ ഗഗൻ നരാംഗ്. ഇതിനകം രണ്ട് ബാച്ചുകളിലായി ഇന്ത്യൻ സംഘത്തിലെ ഭൂരിപക്ഷം പേരും ഇവിടെ എത്തിയിരിക്കുന്നു. ഷുട്ടിംഗ്, ബാഡ്മിൻറൺ,ഹോക്കി സംഘങ്ങൾ എത്തിയിട്ടുണ്ട്. എല്ലാവരും കഠിനമായ പരീശിലനത്തിലാണ്. ഗെയിംസ് വില്ലേജ് മനോഹരമാണ്. ആഗോളതലത്തിലെ മുഴുവൻ കായിക താരങ്ങളുമുണ്ട്. ഇന്ന് നടക്കുന്ന ഉദ്ഘാടന മാർച്ച് പാസ്റ്റിൽ കൂടുതൽ താരങ്ങൾ അണിനിരക്കും. വലിയ അനുഭവമായിരിക്കും സെൻ നദിക്കരയിലെ ഉദ്ഘാടനം.

21 പേർ ഉൾപ്പെടുന്ന ഇന്ത്യൻ ഷൂട്ടിംഗ് സംഘത്തെക്കുറിച്ച് പ്രതിപാദിക്കവെ മുൻ ഷൂട്ടർ കൂടിയായ ഗഗൻ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. ലണ്ടൻ ഒളിംപിക്സിൽ ഞങ്ങളെല്ലാം അതിമനോഹരമായാണ് ഫെർഫോം ചെയ്തത്. 2008 ൽ അഭിനവ് സ്വന്തമാക്കിയ സ്വർണം വലിയ അംഗീകാരമായിരുന്നു. ഇത്തവണ ധാരാളം മികച്ച ഷൂട്ടർമാരുണ്ട്.അവരിൽ നിന്ന് കൂടുതൽ മെഡലുകളാണ് പ്രതീക്ഷിക്കുന്നത്.
സമാപനചടങ്ങിലെ മാർച്ച് പാസ്റ്റിൽ ആരായിരിക്കും പതാക വഹിക്കുക എന്ന് തീരുമാനിച്ചിട്ടില്ല. ഗെയിംസിൽ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന താരമായിരിക്കും പതാകവാഹകൻ. ജാവലിൻ ത്രോ താരം നീരജ് ചോപ്രയിൽ നിന്നും ഇത്തവണയും സ്വർണം തന്നെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

india

സെൻ നദിയൊഴുകും, ലോക മനസുകളിലൂടെ

Published

on

ലോകം ഇത് വരെ കാണാത്ത കാഴ്ച്ചകൾക്കാവും പാരിസ് മഹാനഗരത്തിലൂടെ ഒഴുകുന്ന സെൻ നദിക്കര ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക. മുപ്പത്തിമൂന്നാമത് ഒളിംപിക്സ് മഹാമാമാങ്കത്തിന് ഇന്ന് തുടക്കമാവുന്നത് കരയിലല്ല, സ്റ്റേഡിയത്തിലുമല്ല-നദിയിലാണ്….!! ഇന്ത്യൻ സമയം രാത്രി 11.30 മുതൽ മൂന്നര മണിക്കൂർ ദീർഘിക്കും അൽഭുത പാരീസ്. പാരീസ് നഗരമെന്നാൽ അത് സെൻ നദിയാണ്. കളകളാരവം മുഴക്കി ഒഴുകുന്ന സെൻ നദിക്ക് ചുറ്റുമാണ് നഗരം.

എട്ട് വർഷം മുമ്പ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പാരീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ സംഘാടകരും പാരീസ് നഗരസഭയും തീരുമാനിച്ചതാണ് കര വിട്ട് വെള്ളത്തിലൊരു ഉദ്ഘാടനചടങ്ങ്. സാഹസികമായിരുന്നു അത്തരത്തിലൊരു തീരുമാനം. മാലിന്യമുക്തമല്ലാത്ത സെന്നിൽ ലോക കായിക താരങ്ങളെ അണിനിരത്തുമ്പോൾ അത് വിമർശിക്കപ്പെട്ടേക്കാം എന്ന സത്യം മുൻനിർത്തി നദി മാലിന്യമുക്തമാക്കി-പാരീസ് മേയർ തന്നെ നീന്താനിറങ്ങി. ഇന്ന് 206 രാജ്യങ്ങളിലെ കായിക താരങ്ങൾ അത്രയും ബോട്ടുകളിലായാണ് മാർച്ച് പാസ്റ്റിൽ അണിനിരക്കുക. സാധാരണ ഗതിയിൽ അക്ഷരമാലാക്രമത്തിൽ സ്റ്റേഡിയത്തിലേക്ക് ദേശിയ പതാകകളുമായാണ് താരങ്ങൾ വരാറെങ്കിൽ ഇന്ന് ബോട്ടുകളിലാണ് താരങ്ങളുടെ വരവ്.

ഓസ്ട്രിലസ് പാലത്തിന് അരികിൽ നിന്ന് ഈഫൽ ടവർ കടന്നാവും താരങ്ങൾ അണിനിരക്കുക. ആറ് കിലോമീറ്റർ നീളത്തിൽ ട്രോസാഡിറോ വരെ ദീർഘിക്കും ചടങ്ങുകൾ. ഫ്രഞ്ചുകാർക്ക് ഏറെ പ്രിയപ്പെട്ട ഗായകരായ സെലിന്നാ ദിയോൺ,ലേഡി ഗാഗ,അയ നകമുറ എന്നിവരുടെ ഗാനവിരുന്നാണ് ഉദ്ഘാടനചടങ്ങിലെ പ്രധാന ആകർഷണം. ദീപശിഖയുമായി വരുക സ്നുപ് ഡോഗ, സൽമ ഹയാക് എന്നിവരായിരിക്കും.ഉദ്ഘാടന ചടങ്ങുകളുടെ ടിക്കറ്റിന് വൻഡിമാൻഡാണ്. 90 യൂറോയിൽ തുടങ്ങി ഇപ്പോൾ 2,700 യൂറോ വരെയായിരിക്കുന്നു ടിക്കറ്റ് വില. മൂന്ന് ദിവസം മുമ്പ് വരെ 4000 ത്തോളം ടിക്കറ്റുകൾ വിൽപ്പനക്കുണ്ടായിരുന്നു. ഇപ്പോൾ ഒന്ന് പോലും ബാക്കിയില്ല.

Continue Reading

Trending