X

‘പശ്ചിമ യു.പി മിനി പാകിസ്താനായി മാറും’; പ്രത്യേക സംസ്ഥാനമാക്കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യത്തിനെതിരെ ബിജെപി നേതാവ്

ഉത്തര്‍പ്രദേശ് വിഭജിച്ച് പശ്ചിമ യു.പി മറ്റൊരു സംസ്ഥാനമാക്കണമെന്ന കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിന്റെ ആവശ്യത്തിനെതിരെ ബി.ജെ.പി നേതാവ്. അങ്ങനെ ചെയ്താല്‍ അത് മിനി പാകിസ്താന്‍ ആയി മാറുമെന്നാണ് മുന്‍ എം.എല്‍.എയായ സംഗീത് സോമിന്റെ വാദം. പുതിയ സംസ്ഥാനം ഉണ്ടാക്കുന്നതിന് പകരം ആ ഭാഗം ഡല്‍ഹിയില്‍ ലയിപ്പിക്കുകയാണ് വേണ്ടതെന്നും സംഗീത് സോം അഭിപ്രായപ്പെട്ടു.

‘പടിഞ്ഞാറന്‍ യു.പി പ്രത്യേക സംസ്ഥാനമാക്കണമെന്ന ആശയം കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അത് ആ പ്രദേശത്തിന്റെ ഭാവിക്ക് ഗുണകരമല്ല. അങ്ങനെ സംഭവിച്ചാല്‍ പടിഞ്ഞാറന്‍ യു.പി മിനി പാകിസ്താനായി മാറും’- മീററ്റില്‍ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവായ സോം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പടിഞ്ഞാറന്‍ യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാല്‍ അവിടെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും സംഗീത് സോം പറഞ്ഞു. ആ പ്രദേശം വികസിക്കില്ല. പക്ഷേ രാഷ്ട്രീയ സാഹചര്യം മൊത്തത്തില്‍ മാറും. അതിനാല്‍ പടിഞ്ഞാറന്‍ യു.പി ഡല്‍ഹിക്കൊപ്പം ചേര്‍ക്കുന്നതാണ് നല്ലതെന്നും സോം അഭിപ്രായപ്പെട്ടു.

യു.പിയിലെ സര്‍ധന മണ്ഡലത്തില്‍ നിന്നും 2 തവണ എം.എല്‍.എയായിട്ടുള്ളയാളാണ് സംഗീത് സോം. നേരത്തെ വിദ്വേഷ പ്രസംഗങ്ങളിലൂടെയും പൊലീസുകാരെ മര്‍ദിച്ചതിലൂടെയുമൊക്കെ കുപ്രസിദ്ധനാണ് സംഗീത് സോം. 2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 സെപ്തംബറില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 2017 ജനുവരിയിലും ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി കലാപത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ആളുകളെ കാണിച്ചതിന് സോമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബീഫ് വിരുദ്ധ പ്രചാരകനായ സോം 2005-06ല്‍ അല്‍ ദുവ എന്ന പേരില്‍ ബീഫ് കയറ്റുമതി സ്ഥാപനം സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വന്‍തോതില്‍ ഹലാല്‍ മാംസം കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് അല്‍ ദുവ. ബീഫ്, ആട്ടിറച്ചി, തോല്‍ എന്നിവയാണ് കമ്പനി കയറ്റുമതി ചെയ്യുന്നത്.

നേരത്തെ, താജ്മഹലിനെതിരെയും ഇയാള്‍ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. താജ്മഹല്‍ രാജ്യദ്രോഹികള്‍ നിര്‍മിച്ചതാണെന്നും അത് ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്നുമായിരുന്നു സോം പറഞ്ഞത്.

ഞായറാഴ്ച മീററ്റില്‍ നടന്ന അന്താരാഷ്ട്ര ജാട്ട് പാര്‍ലമെന്റിലായിരുന്നു കേന്ദ്രമന്ത്രി ബല്യാണ്‍ പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ‘പശ്ചിമ ഉത്തര്‍പ്രദേശ് ഒരു പ്രത്യേക സംസ്ഥാനമാക്കണം. മീററ്റ് അതിന്റെ തലസ്ഥാനമാക്കണം. പ്രദേശത്തെ ജനസംഖ്യ 8 കോടിയാണ്. ഹൈക്കോടതി ഇവിടെ നിന്ന് 750 കിലോമീറ്റര്‍ അകലെയാണ്. അതിനാല്‍, ഈ ആവശ്യം പൂര്‍ണമായും ന്യായമാണ്’- എന്നാണ് ബല്യാണ്‍ പറഞ്ഞത്.

 

 

webdesk13: