X

വാട്‌സ്ആപ്പ് ഹര്‍ത്താല്‍; പിടിയിലായത് ആര്‍.എസ്.എസുകാരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍ ആര്‍.എസ്.എസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഹര്‍ത്താലിന് പിന്നിലെ ആര്‍.എസ്.എസ് ബന്ധം വ്യക്തമാക്കിയത്.

ദുരൂഹ സാഹചര്യത്തില്‍ വിദേശ വനിത മരിച്ച സംഭവത്തിലും മറ്റും സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിക്കെതിരെയുള്ള വിയോജിപ്പ് അറിയിക്കവെയാണ് മുഖ്യമന്ത്രി ഹര്‍ത്താല്‍ വിഷയം വിശദീകരിച്ചത്. ഇപ്പോള്‍ വാര്‍ത്തകള്‍ പടച്ചുവിടാന്‍ പുതിയൊരു വാര്‍ത്താ മേഖലകൂടിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന ഹര്‍ത്താല്‍ അതിലൂടെ രൂപപ്പെട്ടതാണ്.
അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടിയും പ്രതിഷേധമായും രൂപപ്പെട്ടതാണ് ഹര്‍ത്താലെന്നായിരുന്നു പ്രചരണത്തില്‍ നിന്നും മനസിലാക്കാനായത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലാണ് ഹര്‍ത്താല്‍ ആര്‍.എസ്.എസ് നടത്തിയതാണെന്ന കണ്ടെത്തലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഹര്‍ത്താല്‍ സംഭവത്തില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിതയുടെ സഹോദരിയെ കാണാന്‍ സമ്മതിച്ചില്ലെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മരിച്ച ലിഗയുടെ സഹോദരി എലിസയെ കാണാന്‍ സമ്മതിക്കാതെ മണിക്കൂറോളം നിര്‍ത്തി എന്നത് വ്യാജ വാര്‍ത്തകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

chandrika: