X

ഇന്ധനവില പൊള്ളുന്നു; യു.പി.എ, യു.ഡി.എഫ് തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: രൂക്ഷമായ ഇന്ധന വിലവര്‍ധനവ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ യു.പി.എയും യു.ഡി.എഫും ചര്‍ച്ച ചെയ്യുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി യു.പി.എ, യു.ഡി.എഫ് തലത്തില്‍ പ്രക്ഷോഭങ്ങളടക്കം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയിലെ അന്തരം കുറയുന്നു. സാമ്പത്തിക മാന്ദ്യമടക്കമുള്ള പ്രയാസങ്ങള്‍ക്കിടയില്‍ ഇന്ധനവില വര്‍ധന കൂടി ആകുന്നതോടെ ജനജീവിതം ആകെ ദുസ്സഹമായെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനക്ഷേമം എന്നത് ഏതാനും പേര്‍ക്ക് മാത്രമായി ചുരുങ്ങുകയാണ് എന്‍.ഡി.എ ഭരണത്തിന് കീഴിലെന്ന് അദ്ദേഹം പറഞ്ഞു. ടോയ്‌ലെറ്റ് നിര്‍മാണത്തിന്റെ പേര് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്. ഇന്ധനവില വര്‍ധനവില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും സന്തോഷമാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. വില വര്‍ധനവിന്റെ ഒാഹരി അവര്‍ക്കും ലഭിക്കുന്നുണ്ട്. അത് വേണ്ടെന്ന് വെച്ച് ജനത്തിന്റെ ഭാരം കുറക്കാന്‍ അവര്‍ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധവ് ജനങ്ങള്‍ക്ക് മേല്‍ ഭാരമാകാതിരിക്കാന്‍ നികുതി കുറച്ച കാര്യവും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് നിലവാരത്തിലാണിപ്പോള്‍. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.47 രൂപയിലെത്തി.
2013 സെപ്റ്റംബറിന് ശേഷം പെട്രോള്‍ വില ഈ നിലവാരത്തിലെത്തുന്നത് ആദ്യമായാണ്. ഡീസല്‍ വില സര്‍വകാല റെക്കോഡില്‍ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്നലെ 10 പൈസ വീതം വര്‍ധിച്ചു. ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയും ഡീസലിന് 3.07 രൂപയുമാണ് വര്‍ധിച്ചത്.
പെട്രോളിന് ഡല്‍ഹിയില്‍ 74.50ഉം മുംബൈയില്‍ 82.35 ഉം ചെന്നൈയില്‍ 77.29ഉം കൊല്‍ക്കത്തയില്‍ 77.20 രൂപയുമാണ് ഇന്നലത്തെ വില. ഡീസലിന് ഡല്‍ഹിയില്‍ 65.75 രൂപയും കൊല്‍ക്കത്തയില്‍ 68.45 രൂപയും മുംബൈയില്‍ 70.01 രൂപയും ചെന്നൈയില്‍ 69.37 രൂപയുമാണ് വില.
മോദി സര്‍ക്കാര്‍ വന്നതിന് ശേഷം കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി 330 ശതമാനമാണ് ഉയര്‍ത്തിയത്. എക്‌സൈസ് നികുതി ഇനത്തില്‍ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് 4.65 ലക്ഷം കോടി രൂപയാണ് അധികമായി ഊറ്റിയെടുത്തത്. ഇക്കാലയളവില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതു വഴി കേന്ദ്രത്തിന് 13 ലക്ഷം കോടി രൂപ ലാഭം ലഭിച്ചു.
ഇതിനു പുറമെ സബ്‌സിഡി വെട്ടിക്കുറച്ചത് വഴി ലാഭിച്ചത് 1.97 കോടി വേറെയും. 50 രൂപക്ക് പെട്രോളും ഡീസലും നല്‍കുമെന്ന വാഗ്ദാനം ചെയ്ത ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം 20 ലക്ഷം കോടി രൂപയാണ് ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുത്തത്. സ്വകാര്യ മേഖലയിലടക്കം പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനികള്‍ കോടികളാണ് ഈ കാലയളവില്‍ കൊയ്തത്.

chandrika: