X

വിലക്കയറ്റത്തെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തെ പുച്ഛിച്ചും ആക്ഷേപിച്ചുമല്ല മന്ത്രി മറുപടി പറയേണ്ടത്; വിഡി സതീശന്‍

തിരുവനന്തപുരം- പ്രതിപക്ഷത്തെ പുച്ഛിച്ചും അവഹേളിച്ചും ആക്ഷേപിച്ചുമല്ല അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിലക്കയറ്റം സമ്പന്ധിച്ച് നടത്തിയ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെയാണ് പരാമര്‍ശം. എല്ലാ സാധനങ്ങള്‍ക്കും വില കൂടിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. പലരുടെയും കുടുംബ ബജറ്റ് താളംതെറ്റി. പാവങ്ങളുടെ കുടുംബ ബജറ്റിലുണ്ടായിരിക്കുന്ന മാറ്റം നിയമസഭയിലല്ലാതെ മറ്റെവിടെ പോയി പറയണമെന്നും ചോദിച്ചു.

വിലക്കയറ്റം ഇല്ലെന്ന് മന്ത്രി പറയുമ്പോഴും രണ്ടു മാസത്തിനിടെ മട്ട അരി വില 34 ല്‍ നിന്നും 60 രൂപയും മല്ലി വില 90 ല്‍ നിന്നും 145 രൂപയുമായി. തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ ഇന്നലെ വൈകിട്ടത്തെ വില നിലവാരം അനുസരിച്ച് കത്തിരി വില 25 ല്‍ നിന്നും 50 രൂപയും കാരറ്റ് 30 ല്‍ നിന്ന് 80 രൂപയും വെളുത്തുള്ളി 35 ല്‍ നിന്ന് നൂറും ബീന്‍സ് 35 ല്‍ നിന്ന് 80 രൂപയും കോളിഫഌര്‍ 35 ല്‍ നിന്നും 75 രൂപയുമായി വര്‍ധിച്ചു. എന്നിട്ടാണ് പച്ചക്കറി വില കൂടിയിട്ടില്ലെന്ന് മന്ത്രി പറയുന്നത്.

ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും ഏറ്റവും നല്ല പൊതുവിതരണ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ ദേശീയ വില സൂചികയേക്കാള്‍ താഴെയാണ് കേരളം. ശക്തമായ പൊതുവിതരണ സംവിധാനം ഏര്‍പ്പെടുത്തി രാജ്യത്തിന് തന്നെ കേരളം മാതൃകയാണ്. പക്ഷെ ഇതെല്ലാം താന്‍ മന്ത്രിയായിതിന് ശേഷം നടപ്പിലാക്കിയതാണെന്ന മട്ടിലാണ് ഭക്ഷ്യ വകുപ്പ് മന്ത്രി പറയുന്നത്. ഓണത്തിനും ക്രിസ്മസിനുമൊന്നും ചന്ത തുടങ്ങിയത് ഈ മന്ത്രി വന്ന ശേഷമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

തുവര പരിപ്പ് വില 135 ല്‍ 160 രൂപയും മുളക് 183 ല്‍ നിന്നും 335 രൂപയും മല്ലി 101 ല്‍ നിന്നും 160 രൂപയും ജയ അരി 37 ല്‍ നിന്നും 58 രൂപയും ആയെന്ന് ഇന്നലെ നിയമസഭ ചോദ്യത്തിന് മറുപടി നല്‍കിയ മന്ത്രിയാണ് സംസ്ഥാനത്ത് വിലക്കയറ്റം ഇല്ലെന്ന് ഇന്ന് പറയുന്നതെന്നും ഉന്നയിച്ചു.

എല്ലാ ദിവസത്തെയും വിലവിവര പട്ടിക മുഖ്യമന്ത്രി പരിശോധിക്കണം. രണ്ടു മാസം കൊണ്ട് ഉണ്ടായിരിക്കുന്ന വ്യത്യാസം എന്താണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനപ്പുറം എന്ത് വിപണി ഇടപെടലാണ് നടത്തിയതെന്നും ചോദിച്ചു.

web desk 3: