X
    Categories: Newstech

മെയ് 15ന് നടപ്പാക്കും, ഇന്ത്യക്കാരില്‍ പുതിയ നയം നടപ്പാക്കുമെന്ന് ഓര്‍മിപ്പിച്ച് വാട്‌സാപ്

ഇന്ത്യയില്‍ വാട്‌സാപ്പിന്റെ സ്വകാര്യത നയവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഫെയ്‌സ്ബുക് മേധാവി സക്കര്‍ബര്‍ഗിന്റെ തീരുമാനം. മെയ് 15 ന് തന്നെ നയങ്ങള്‍ മാറുമെന്നും എല്ലാ ഉപഭോക്താക്കളും പുതിയ മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും വാട്‌സാപ് ഓര്‍മിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ വാട്‌സാപ് വഴി ഇന്‍-ആപ് മെസേജുകള്‍ അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയില്‍ 40 കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ് പുതിയ സ്വകാര്യതാ നയം കൊണ്ടുവരുമെന്ന് തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. മെയ് 15 നാണ് ഇത് അംഗീകരിക്കേണ്ട അവസാന തിയതി. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ് തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുമതി യൂറോപ്പിലും മറ്റും ഉണ്ട്. ഇന്ത്യക്കാര്‍ക്ക് അതു നല്‍കിയിട്ടില്ലെന്നു കാണിച്ചുള്ള കേസുകള്‍ രാജ്യത്തെ സുപ്രീം കോടതിയിലടക്കം ഉണ്ട്.

എന്നാല്‍, നിലവിലെ സാഹചര്യമാണ് തുടരുന്നതെങ്കില്‍ മെയ് 15ന് വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് 120 ദിവസം വരെ സമയം നീട്ടി നല്‍കും. എന്നാല്‍, ആ സമയത്ത് വാട്‌സാപ്പിന്റെ ഫീച്ചറുകള്‍ പലതും പ്രവര്‍ത്തിക്കില്ല. ഏതാനും ദിവസത്തേക്ക് ഉപയോക്താവിന് കോളുകളും നോട്ടിഫിക്കേഷനുകളും ലഭിക്കും. എന്നാല്‍, നിങ്ങള്‍ക്കുവരുന്ന മെസേജുകള്‍ വായിക്കാനോ, സന്ദേശങ്ങള്‍ അയയ്ക്കാനോ സാധിക്കില്ല. മെയ് 15 കഴിഞ്ഞ് ഇങ്ങനെ നല്‍കിയിരിക്കുന്ന 120 ദിവസം കഴിയുമ്പോഴും പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നില്ലെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നമ്പറില്‍ വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ വേറൊരു അക്കൗണ്ട് ക്രിയേറ്റു ചെയ്യേണ്ടതായി വരും. എന്നു പറഞ്ഞാല്‍ നിലവിലുള്ള അക്കൗണ്ടിലുള്ള ചാറ്റുകളും മറ്റും നഷ്ടമാകും. പുതിയ അക്കൗണ്ട് സൃഷ്ടിക്കുമ്പോഴും പുതിയ സ്വകാര്യതാ നയം അംഗീകരിക്കേണ്ടി വരും.
അതേസമയം, ശരാശരി ഉപയോക്താവിനെ പ്രീണിപ്പിച്ചു നിര്‍ത്താനുള്ള പ്രചാരണ വേലകളും വാട്‌സാപ് നടത്തുന്നുണ്ട്.

web desk 3: