X

മുല്ലപ്പെരിയാറില്‍ എന്തിനീ ഒളിച്ചുകളി-എഡിറ്റോറിയല്‍

വര്‍ഷങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ ഒരു ഭാഗത്തു നടക്കുമ്പോള്‍തന്നെ രാഷ്ട്രീയമായി വിഷയത്തെ എങ്ങനെ മുതലെടുക്കാമെന്നതിനെക്കുറിച്ചാണിപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ചിലരുടെ ചിന്ത. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിനും വിശിഷ്യാ സി.പി.എമ്മിനും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്റെയും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും കാര്യത്തില്‍ മുട്ടാപ്പോക്കുനയമാണുള്ളതെന്നാണ് നവംബര്‍ അഞ്ചിന് സര്‍ക്കാരിന്റേതായി പുറത്തുവന്ന ഒരു ഉത്തരവ് തെളിയിച്ചിരിക്കുന്നത.് 128 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലക്ഷയം നേരിടുകയാണെന്ന വസ്തുതകള്‍ നാം എത്രയോ കാലമായി ഉന്നയിക്കവേയാണ് അതിനെയെല്ലാം നിഷ്‌കരുണം നിഷ്പ്രഭമാക്കിക്കെണ്ടുള്ള ഒരുത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. മുല്ലപ്പെരിയാറിനോട് ചേര്‍ന്നുള്ള ബേബി അണക്കെട്ടിന് സമീപത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കുംമുമ്പ് സര്‍ക്കാരും അതിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും പാലിക്കേണ്ട നിബന്ധനകള്‍ തീര്‍ത്തും അവഗണിക്കുകയാണുണ്ടായതെന്നാണ് ഇതേക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. അനുമതിക്ക് നന്ദി പറഞ്ഞുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പായി ചെന്നൈയില്‍ ഇറക്കിയതിനാലാണ് മാലോകരാകെ വിവരം അറിയാനിടയായത്. അല്ലായിരുന്നെങ്കില്‍ ഇത്തരത്തിലൊരു തീരുമാനംതന്നെ ജനാധിപത്യ രാജ്യത്ത് തമസ്‌കരിക്കപ്പെട്ടുപോകുമായിരുന്നു.

ബേബിഡാമിലെ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിനെ അനുവദിച്ച ഉത്തരവ് പുറത്തിറങ്ങിയത് നവംബര്‍ അഞ്ചിനാണ്. അന്നുതന്നെയാണ് തമിഴ്‌നാട്ടിലെ ജലവിഭവ വകുപ്പുമന്ത്രി എസ്. ദുരൈമുരുകന്റെ നേതൃത്വത്തില്‍ മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത്. പ്രസ്തുത സന്ദര്‍ശനത്തില്‍ ബേബിഡാം ബലപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ച് ദുരൈമുരുകന്‍ ആവര്‍ത്തിച്ചൂന്നിപ്പറയുകയുണ്ടായി. മരങ്ങള്‍ മുറിക്കാന്‍ അനുവദിച്ചാല്‍ തങ്ങള്‍ ഡാം ബലപ്പെടുത്തിക്കൊള്ളാമെന്നും അതുവഴി മുല്ലപ്പെരിയാര്‍ സുരക്ഷിതമാകുമെന്നും അതുപ്രകാരം പ്രധാന അണക്കെട്ടിലെ ജലഅളവ് 152 അടിയായി ഉയര്‍ത്താമെന്നുമാണ് മന്ത്രിയുടെ വാദം. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നും പ്രധാന അണക്കെട്ട് ബലക്ഷയം നേരിടുകയാണെന്നും പുതിയ അണക്കെട്ട് പണിയുകയാണ് പരിഹാരമെന്നുമാണ് കേരളം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനിടെ മരംമുറിക്ക് നല്‍കിയ അനുമതി കേരളത്തിന്റെയും മലയാളികളായ സര്‍വരുടെയും നിലപാടിനെയും ആര്‍ജവത്തെയും ചോദ്യംചെയ്യുന്നതായിപ്പോയി. സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കുമ്പോള്‍ ഇത്തരത്തിലൊരു ഉത്തരവ് നല്‍കിയാലത് ഏതുതരത്തിലാണ് കേരളത്തിനെതിരായി വ്യഖ്യാനിക്കപ്പെടുകയെന്ന് ഊഹിക്കാന്‍പോലും സര്‍ക്കാരിന് എന്തുകൊണ്ട് കഴിഞ്ഞില്ല?

ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടി.കെ ജോസ് വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇതില്‍ വനംവകുപ്പുസെക്രട്ടറിയും പങ്കെടുത്തിരുന്നു. യോഗം നടന്നത് നവംബര്‍ ഒന്നിനും. മുഖ്യമന്ത്രിയുടെ ചുമതലയിലാണ് അന്തര്‍സംസ്ഥാന ജലവകുപ്പെന്നതിനാല്‍ ഇത്തരത്തിലൊരു യോഗം ചേരാനും തീരുമാനമെടുക്കാനും മുഖ്യമന്ത്രിയുടെ അനുമതിവേണ്ടേ. അതുണ്ടായില്ലെന്ന് ഇപ്പോള്‍ പറയുന്നത് ശുദ്ധ തട്ടിപ്പും ജനവഞ്ചനയുമാണ്. വനംവകുപ്പുമന്ത്രി എ.കെ ശശീന്ദ്രനാണ് വിഷയം ചര്‍ച്ചയാക്കിയത്. അതാകട്ടെ തമിഴ്‌നാട് വാര്‍ത്താക്കുറിപ്പിലൂടെ വിവരം പുറത്തുവിട്ടതിനുശേഷവും. എന്തുകൊണ്ട് ഇക്കാര്യം മുമ്പേ കേരളത്തിലെ ജനങ്ങളെ അറിയിച്ചില്ല എന്ന
ചോദ്യത്തിന് ലഭിക്കുന്ന മറുപടി അത് അവരറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നായിരിക്കാം.

സത്യത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും അക്കാര്യം ഊന്നിപ്പറയാനോ കോടതിയിലടക്കം വാദിച്ചുജയിക്കാനോ സര്‍ക്കാര്‍ തയ്യാറല്ല. മുല്ലപ്പെരിയാറിനെച്ചൊല്ലി മുമ്പ് മനുഷ്യച്ചങ്ങല നടത്തിയ സി. പി.എം നേതാക്കളായ ഇപ്പോഴത്തെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തമിഴ്‌നാടിന്റെ ആവശ്യത്തെ അറിഞ്ഞുകൊണ്ട് അംഗീകരിച്ചുകൊടുക്കുകയാണ്. ഡാമിനെപ്പറ്റി ആശങ്ക പരത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നുപറഞ്ഞ പിണറായി വിജയന്‍ കേരളത്തിന്റെയോ തമിഴ്‌നാടിന്റെയോ ആരുടെ കൂടെയാണെന്ന് തുറന്നുപറയേണ്ട സമയമാണിത്. ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചതിന് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വകുപ്പായിട്ടുപോലും വനം മന്ത്രിയുടെ ചുമലിലിട്ട് തടിയൂരിയതെന്തിനാണ്? ഇപ്പോള്‍ ഉത്തരവ് മരവിപ്പിച്ചതല്ലാതെ റദ്ദാക്കാത്തതെന്താണ്? ഘടകക്ഷികളെയും ഉദ്യോഗസ്ഥരെയും ബലിയാടാക്കിയുള്ള രാഷ്ട്രീയഒളിച്ചുകളിയാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെങ്കില്‍ അക്കാര്യം കേരളത്തിലെ ജനത്തോട് തുറന്നു പറയേണ്ടതുണ്ട്. അതല്ല അണക്കെട്ടിന് ബലക്ഷയമുണ്ടെങ്കില്‍ അക്കാര്യവും തുറന്നു പറയാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. അണക്കെട്ടില്‍ നിന്നും തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനോട് കേരളത്തിലെ ജനങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. അതേ സമയം കേരളീയരെ സംബന്ധിച്ച് അണക്കെട്ടിന്റെ സുരക്ഷയാണ് മുഖ്യം. സ്വന്തം ജനതയുടെ വോട്ടു വാങ്ങി അവരെ തിരിഞ്ഞു കുത്തുന്ന പരിപാടി സി.പി.എമ്മും സര്‍ക്കാറും അവസാനിപ്പിക്കണം. അതാണ് രാഷ്ട്രീയ മര്യാദ.

 

web desk 3: