X

ഭാര്യയും ജീവിതപങ്കാളിയും

ടി.എച്ച് ദാരിമി

സര്‍ക്കാര്‍ അപേക്ഷാഫോമുകളില്‍ ഇനി ഭാര്യ എന്ന വാക്ക് പ്രയോഗിക്കരുത് എന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ വഴി ആവശ്യപ്പെട്ടിരിക്കുന്നു. ഇത് കണ്ടപ്പോള്‍ പതിവിനു വിപരീതമായി ഇതൊരു നല്ല തീരുമാനമായാണ് തോന്നിയത്. കാരണം മലയാളത്തിലെ ഭാര്യ എന്ന പദം ഒരു തരം അടിമത്വത്തെയും ആധിപത്യ മനോഭാവത്തെയും ഭരണത്തെയുമെല്ലാം കുറിക്കുന്നതാണ്. ആ വാക്കിന്റെ നേരെ അര്‍ഥം തന്നെ ഭരിക്കപ്പെടുന്നവള്‍ എന്നാണല്ലോ. ഈ വാക്ക് എന്തില്‍നിന്ന് എപ്പോള്‍ നിഷ്പതിച്ച് ഉണ്ടായി എന്നതിനെകുറിച്ച് കാര്യമായ റഫറന്‍സുകളില്‍ എത്തിയില്ല എങ്കിലും ഇത് വിവാഹം കഴിച്ച് ജീവിതത്തിലേക്ക് കൂട്ടിയവളോടുണ്ടായിരുന്ന പൗരാണിക സമീപനത്തെ ശരിക്കും പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നത് ഉറപ്പാണ്. പ്രായം ചെന്നവര്‍ അയവിറക്കുന്ന ഓര്‍മകളില്‍നിന്നും പഴയ തറവാടുകളും നാലുകെട്ടുകളും പശ്ചാത്തലമൊരുക്കിയ നോവലുകളില്‍ നിന്നുമെല്ലാം അവക്കുള്ളില്‍ നിന്നുയരുന്ന ചൂടുള്ള നിശ്വാസങ്ങള്‍ ഒരുപാട് നാം അനുഭവിച്ചിട്ടുണ്ടല്ലോ. പറയാനും പ്രകടിപ്പിക്കാനും അഭിപ്രായപ്പെടാന്‍ പോലും കഴിയാതെ എത്രയോ ജീവിതങ്ങള്‍ അവക്കുള്ളില്‍ എട്ടുകാലി വലകളില്‍ കിടന്ന് കരിപിടിച്ച് തീര്‍ന്നു. ഇപ്പോള്‍ അതൊന്നും ഓര്‍മിപ്പിച്ചിട്ട് കാര്യമില്ല. ഓര്‍മിപ്പിച്ചാല്‍ തന്നെ ആദ്യം നോക്കുക നാം ഉദാഹരിക്കുന്ന വ്യക്തിയുടെ മതത്തിലേക്കും സമുദായത്തിലേക്കുമായിരിക്കും. എന്നിട്ട് വ്യക്തിയെയും വിഷയത്തെയും വിട്ട് സമുദായത്തിന്റെ പിന്നാലെ കൂടും.

സാധാരണ ഇങ്ങനെ ഇത്തരം ഒരു നീക്കം പുറത്ത്‌വരുമ്പോള്‍ ഭരിക്കുന്ന കക്ഷിയുടെ എന്തെങ്കിലും താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള വല്ല കൗശലവും അതിലുണ്ടായിരിക്കും എന്നാണ് എല്ലാവരും കരുതുക. ഇപ്പോള്‍ ഭരണം എന്നാല്‍ അതായി മാറിയിട്ടുണ്ടല്ലോ. ഭരിക്കുന്നവരുടെ പ്രധാന ശ്രദ്ധ ഭരണീയരുടെ ഭക്ഷണം, വേഷം, ലൈംഗികത, വ്യക്തിനിയമങ്ങള്‍, വൈയക്തിക സ്വത്വങ്ങള്‍ എന്നിവയില്‍ ഇടപെട്ട് അതൊക്കെ തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്നതിലാണല്ലോ. അത്തരം നിരൂപണ ബുദ്ധിയോടെ നോക്കുമ്പോഴാണ് ഭാര്യ എന്നതിന്പകരം ഉപയോഗിക്കാന്‍ പറയുന്ന വാക്ക് ശ്രദ്ധിച്ചത്. ഭാര്യയെന്ന് എഴുതുന്നതിനുപകരം ജീവിത പങ്കാളി എന്നാണ് ഇനി എഴുതേണ്ടത് എന്ന് ഉത്തരവ് തുടര്‍ന്നു പറയുന്നു. ഇത് പക്ഷേ ചില ചിന്തകള്‍ക്ക് വഴി തുറക്കുന്നുണ്ട്. ഭാര്യ എന്നതിന് മലയാളത്തില്‍ തന്നെ വേറെയും പര്യായപദങ്ങള്‍ ഉണ്ട്. പത്‌നി, നല്ല പാതി, ഇണ തുടങ്ങിയ മനോഹരവും ഹൃദയസ്പൃക്കായതുമായ അര്‍ഥം വരുന്ന വാക്കുകള്‍. അവയൊന്നും എടുക്കാതെ ജീവിത പങ്കാളി എന്നത് മാത്രം എടുക്കുമ്പോള്‍ പ്രത്യേകിച്ചും ചിലത് ചിന്തിക്കാനുണ്ട്. ജീവിത പങ്കാളി എന്ന വാക്കിന് കുഴപ്പമുണ്ടായിട്ടല്ല. ആ വാക്കിന് നല്ല അര്‍ഥം തന്നെയാണുള്ളത്. പക്ഷേ, ഇന്നത്തെ ചില പ്രത്യേക സാഹചര്യത്തില്‍ അത് സത്യത്തില്‍ ഭാര്യയുടെ അതിര് ഭേദിക്കുമോ, ഭേദിക്കാനുള്ള ഉദ്ദേശം അതിലടങ്ങിയിട്ടുണ്ടാവുമോ എന്നൊക്കെയുള്ള ഭയമാണ് അതിന് കാരണം. പങ്കാളി എന്നതിന്റെ വിശാലതയില്‍ എല്ലാവിധ പങ്കാളികളുംപെടും. സ്വതന്ത്ര ലിബറല്‍ ലൈംഗികത വളര്‍ന്നുവരുന്ന കാലമാണ്. ലിവിംഗ് ടുഗെതര്‍ ഫാഷനായി മാറുകയും വ്യാപിക്കുകയും ചെയ്യുകയാണ്. ഭരിക്കുന്ന കക്ഷി അതിനോട് ചായ്‌വുള്ളവ രുമാണ്. അതിനാല്‍ അവരുടെ ആശയലോകം തലകുലുക്കുന്നതും എന്നാല്‍ സംസ്‌കാരം ശീലിച്ചിട്ടില്ലാത്തതുമായ ലൈംഗിക വൈകൃതങ്ങളിലെ പങ്കാളികളെകൂടി ഇതില്‍ കൂട്ടി നിയമവത്കരിക്കുള്ള ശ്രമമായിരിക്കുമോ എന്നതാണ് ഭയവും ആശങ്കയും.

അവരുടെ ആശയലോകം വാദിക്കുന്നത് സ്വതന്ത്രമായതും ഒരു ബാധ്യതയും വരുത്തിവെക്കാത്തതുമായ ലൈംഗികതക്കുവേണ്ടിയാണ്. അതിനാല്‍ ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍ തുടങ്ങിയ സംജ്ഞകളൊക്കെ കൂടെക്കൂടെ അപ്രത്യക്ഷമാവും. സ്ത്രീയെ പുരുഷന്റെ സഹായിയാക്കിയതും അവന്റെ താല്‍പര്യങ്ങളില്‍ ജീവിക്കേണ്ടവളാണെന്ന് വരുത്തിയതും മതത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള പുരുഷ മേധാവിത്വമാണെന്നാണ് ഈ മൂലധന സാമൂഹ്യശാസ്ത്രത്തിന്റെ ആള്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. താല്‍ക്കാലിക വികാര പ്രകടനമെന്നല്ലാതെ ചിന്തിച്ചും പഠിച്ചും കണ്ടെത്തിയ തത്വമാണ് ഇത് എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം, പുരുഷന്റെ നിഴലിന് പുറത്തേക്ക് അവളെ അത്തരം ദര്‍ശനങ്ങള്‍ വലിച്ചിടുന്നതോടെ അവള്‍ ശരിക്കും ഒറ്റപ്പെടുകയാണ്. അവള്‍ അനാഥത്വത്തിന്റെ പെരുവഴിയിലേക്ക് എത്തിപ്പെടുകയാണ് ചെയ്യുന്നത്. കാരണവും ന്യായവും സരളമാണ്. പുരുഷനില്‍ നിന്ന് കുടഞ്ഞ് പുറത്ത്ചാടി സ്വയം ജീവിക്കാം എന്ന് മോഹിക്കുന്ന സ്ത്രീയെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ന് ധാരാളം പേരുണ്ടാകും എന്നതില്‍ തര്‍ക്കമില്ല. അതുപക്ഷേ അവള്‍ എതിര്‍ലിംഗത്തോട് തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഉണ്ടാകൂ. അതേസമയം തുടര്‍ ജൈവപ്രക്രിയകളില്‍ ഏതിന് വിധേയയായാലും അവളുടെ മുമ്പില്‍ പുതിയ പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. ഉദാഹരണമായി അവളുടെ ജൈവത്വരയാണ് ഇണ ചേരുക എന്നത്. ഇതിന് സമാന ചിന്താഗതിക്കാരെ ബാധ്യതയുമില്ലാതെ ലഭിക്കും എന്ന് കരുതാം. അതു കഴിഞ്ഞാല്‍ ഒന്നുകില്‍ അവള്‍ ഗര്‍ഭിണിയായേക്കാം. ഗര്‍ഭം വളരുന്നതിനനുസരിച്ച് അവള്‍ക്ക് ബാഹ്യ സഹായം വേണ്ടിവരും. വാശിക്ക് കുറച്ചു കാലമൊക്കെ തനിക്കാരുടെയും സഹായം വേണ്ട എന്നു പറഞ്ഞാല്‍ തന്നെയും പിന്നീടത് വേണ്ടിവരും. അപ്പോള്‍ ആരെങ്കിലുമൊക്കെ എന്തെങ്കിലും സഹായം ചെയ്‌തേക്കാം. എന്നാല്‍ ഹൃദയപൂര്‍വമായ ഒരാശ്വാസ വചനത്തിന് ഒരു പെണ്ണ് എന്ന നിലക്ക് അവളുടെ അന്തരംഗം കൊതിക്കാതിരിക്കില്ല. അത്തരമൊന്ന് കിട്ടണമെങ്കില്‍ അതിന് സ്‌നേഹവും കാരുണ്യവും ഉള്ള ഭര്‍ത്താവ് തന്നെ വേണം.

ഇനി അവള്‍ വര്‍ഗത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയും ഗര്‍ഭം വേണ്ടെന്ന് വെക്കുകയും ചെയ്തു എന്നിരിക്കട്ടെ, എങ്കില്‍ അവള്‍ക്ക്, അവള്‍ക്കിഷ്ടമില്ലെങ്കിലും പ്രായമാകുമല്ലോ. പ്രായമാകുമ്പോള്‍തന്നെ ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നുഎങ്കില്‍ എന്ന് ആഗ്രഹിക്കുകതന്നെ ചെയ്യും. വൃദ്ധയെ പരിചരിക്കാന്‍ നാസ്തിക ഭാവമുള്ള ഒരു സംഘവും തയ്യാറാവില്ല. കാരണം അബലയെ സഹായിക്കാന്‍ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം തനിക്കിത് നന്‍മയായിത്തീരും എന്ന വിശ്വാസമാണ്. അത്തരം വിശ്വാസമില്ലാത്ത ജനതക്കുവേണ്ടി സ്വന്തം ജീവിതം നീക്കിവെച്ച ഒരുത്തി, ജീവിതത്തില്‍ ഒരു സ്ത്രീക്ക് ഏറ്റവും വേണ്ടത് ഒട്ടും ലഭിക്കാതെ, എങ്ങനെയെങ്കിലും അടങ്ങേണ്ടിവരും. സ്ത്രീക്ക് ഏറ്റവും പ്രധാനമായി വേണ്ടത് എന്താണ് എന്ന് ആലോചിച്ചിട്ടേയില്ലാത്ത ആള്‍ക്കാരാണ് ഇത്തരം വിപ്ലവങ്ങള്‍ നയിക്കുന്നത്. സത്യത്തില്‍ കാരുണ്യമുള്ള സ്‌നേഹമാണ് ഏത് സ്ത്രീക്കും വേണ്ടത്. അത് കുട്ടിക്കാലത്ത് ആരില്‍ നിന്നും എവിടെ നിന്നും കിട്ടും. പക്ഷേ മുതിര്‍ന്നാല്‍ അത് കിട്ടണമെങ്കില്‍ മണിയറയില്‍ വെച്ച് സ്വന്തം ഭര്‍ത്താവില്‍ നിന്നു തന്നെ കിട്ടണം. ഇതു കിട്ടാന്‍ സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്ന മാര്‍ഗമാണ് പുരുഷന്‍മാര്‍. അവര്‍ക്ക് നല്‍കിയ ശാരീരിക മാനസിക ശേഷികള്‍, സ്ത്രീകളെ സ്‌നേഹവും കാരുണ്യവും നല്‍കി തരളിതയാക്കിയും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നല്‍കി സമ്പന്നയാക്കിയും ശ്രദ്ധയും പരിചരണവും നല്‍കി സുരക്ഷിതയാക്കിയും നോക്കാനാണ്. അല്ലാതെ അവളെ അടിമയാക്കാനല്ല. സ്ത്രീവാദ പക്ഷത്തുള്ളവരെല്ലാം കുടുംബത്തിലെ പുരുഷ സാന്നിധ്യത്തെ അപലപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അവരുടെയെല്ലാം ഈര്‍ഷ്യത മതത്തോടാണ്. എന്നാല്‍ പുരുഷനെ മതം ഏല്‍പിച്ചിരിക്കുന്ന ബാധ്യതകള്‍ മനസ്സിലാക്കാതെയാണ് ഇത്തരം ജല്‍പനങ്ങള്‍ നടത്തുന്നത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ അല്ലാഹു കഴിവ് നല്‍കിയത് കൊണ്ടും, അവരാണ് ധനം ചിലവഴിക്കേണ്ടത് എന്നത് കൊണ്ടുമാണ് ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നത് (4:34) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. പുരുഷാധിപത്യ ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായി ഖുര്‍ആന്‍ നല്‍കുന്ന മറുപടിയാണിത്.

ഈ വിഷയത്തില്‍ ഏറ്റവും അനുയോജ്യമായ വാക്ക് ഇണ എന്നതാണ്. ഇസ്‌ലാമും ഖുര്‍ആനും സൗജ് എന്ന ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ദാമ്പത്യം രണ്ട് ജീവിതങ്ങളെ ഇണക്കിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഈ ഇണക്കം വെറുതെ വാചകക്കസര്‍ത്തു നടത്തുകയല്ല ഇസ്‌ലാമും അതിന്റെ പ്രമാണങ്ങളും. രണ്ട് ജീവിതങ്ങളെ ഫലപ്രദമായി കൂട്ടിയിണക്കാന്‍ വേണ്ട വഴിയും നിര്‍ദ്ദേശിക്കുന്നുണ്ട്. ദാമ്പത്യത്തിന്റെ മാന്യവും ഹൃദയപൂര്‍ണവുമായ നിലനില്‍പ്പിന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന രണ്ട് കാര്യങ്ങളാണ് മവദ്ദത്തും റഹ്മത്തും. അഥവാ സ്‌നേഹവും കാരുണ്യവും. അല്ലാഹു പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട് തീര്‍ച്ച (30: 21). പണം, ശേഷികള്‍, വിദ്യാഭ്യാസം, സാമൂഹ്യസ്ഥാനം തുടങ്ങിയവക്കൊന്നും നേടിത്തരാന്‍ കഴിയാത്ത ചിലത് സ്‌നേഹത്തിനും കാരുണ്യത്തിനും ദാമ്പത്യത്തിന് നേടിത്തരാന്‍ കഴിയും. ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ പാരസ്പര്യം നിലനിറുത്തുന്നത് ഈ രണ്ട് ഘടകങ്ങള്‍ വഴിയാണ്. കാരുണ്യ ചിന്ത എല്ലാവരിലുമുണ്ട്. സ്‌നേഹവും പങ്ക് വെക്കാറുണ്ട്. എന്നാല്‍ സ്‌നേഹ കാരുണ്യ വികാരങ്ങള്‍ ഒന്നു ചേര്‍ന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായി മാറുമ്പോള്‍ അതിന്റെ ശക്തി വിവരണാതീതമായി മാറുന്നു.

ഇത് ബോധ്യമാകാന്‍ മറ്റു ചില ആമുഖങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അഥവാ, മനുഷ്യന് സൃഷ്ടിപ്പില്‍തന്നെ നൈസര്‍ഗികമായി ലഭിച്ച ചില പ്രത്യേകതകള്‍ ഉണ്ട്. പുരുഷന് പുരുഷത്വവും സ്ത്രീക്ക് സ്ത്രീത്വവുമാണത്. ഈ രണ്ട് സവിശേഷതകളും വെറും ജീവശാസ്ത്രപരമല്ല, മാനസികം കൂടിയാണ്. അവന്റെ ശരീരം താരതമ്യേന ബലിഷ്ഠമാണ്. അവന്റെ ശാരീരിക ശേഷികള്‍ കരുത്തുള്ളതാണ്. അത് അവന്റെ എല്ലാ ജീവിത വ്യാപാരങ്ങളിലും ശബ്ദത്തില്‍ പോലും അത് പ്രകടവുമാണ്. പ്രശ്‌നങ്ങളെ നേരിടാനും ഭാരങ്ങളെ വഹിക്കാനും അവന് കൂടുതല്‍ കഴിവുണ്ട്. ഇതെല്ലാം അവന് ആധിപത്യ സ്വഭാവം കല്‍പ്പിക്കുന്നു. ആധിപത്യ സ്വഭാവമുള്ളവര്‍ സ്വാഭാവികമായും ക്രൂരരും ശക്തരും തന്നിഷ്ടക്കാരും മറ്റുള്ളവരുടെ ഇടപെടലുകള്‍ മാനിക്കാത്തവരുമൊക്കെയായിരിക്കും. എന്നാല്‍ സ്ത്രീയുടേത് ഇതില്‍ നിന്ന് വിഭിന്നമാണ്. അവളുടെ ശരീരം ലോലവും ശേഷികള്‍ താരതമ്യേന ദുര്‍ബലവും ശബ്ദം പോലും ബലം കുറഞ്ഞതുമാണ്. ആ ദൗര്‍ബല്യതകളില്‍ സ്രഷ്ടാവ് ഒളിപ്പിച്ചുവെച്ച ആകര്‍ഷണത്വവും ഭംഗിയുമെല്ലാമാണ് അവളുടെ യഥാര്‍ഥ ശക്തി. അതിനാല്‍ അവള്‍ക്ക് ചേരുന്നത് വിധേയത്വ സ്വഭാവമാണ്. ഇങ്ങനെ തികച്ചും വിരുദ്ധമായ രണ്ട് സ്വഭാവങ്ങള്‍ ഉളളവരായതിനാല്‍ അവര്‍ രണ്ട് പേരും വിവാഹത്തിലൂടെ ഒന്നാകാന്‍ തീരുമാനിക്കുമ്പോള്‍ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് വൈരുദ്ധ്യ സ്വഭാവങ്ങള്‍ തമ്മില്‍ സമജ്ജസമായി കൂടിച്ചേരുവാന്‍ അവര്‍ക്കിടയില്‍ മറ്റു ചില ഘടകങ്ങള്‍ ചേര്‍ത്തുകൊടുക്കേണ്ടതായി വരും. അതില്ലാതെ വന്നാല്‍ അവര്‍ തമ്മില്‍ ശരിയായി ചേരില്ല. പുരുഷന്റെ ആധിപത്യ സ്വഭാവത്തെ പാകപ്പെടുത്തിയെടുക്കാനും സ്ത്രീയുടെ വിധേയത്വത്തെ കുറച്ചു കൂടി ഗൗരവപ്പെടുത്താനും ഈ ഘടകം അനിവാര്യമാണ്. അവയാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ സ്‌നേഹവും കാരുണ്യവും. അവ ചേരുന്നതോടെ ആണിന്റെ മേധാവിത്വ സ്വഭാവത്തിന് ഒതുക്കവും മാര്‍ദ്ദവത്വവും കൈവരും. അപ്പോള്‍ അവന്റെ ആധിപത്യ മനസ്ഥിതി വെറും ഉത്തരവാദിത്തബോധമായി മാറും. സ്‌നേഹത്തിനും സഹാനുഭൂതിക്കും അവന്റെ മനസ്സില്‍ ഇടമുണ്ടാകും. അതേസമയം പെണ്ണിന്റെ വിധേയത്വ സ്വഭാവത്തിനാവട്ടെ, ഇവ ചേരുമ്പോള്‍ ഒരു തരം ഹൃദയതയും സുരക്ഷിതത്വബോധവും കൈവരും. അഥവാ സ്‌നേഹം, കാര്യണ്യം എന്നീ വികാരങ്ങളുടെ ഊഷ്മളതയില്‍ പുരുഷന്റെ മേധാവിത്വം സഹാനുഭൂതിയായിമാറുന്നു. സ്ത്രീക്ക് അവ സുരക്ഷിതത്വബോധവും സനാഥത്വവും നല്‍കുന്നു. അതോടെ രണ്ട് പേരും ഇണകളായിമാറുന്നു.

ഇണയും പങ്കാളിയും ഒന്നു തന്നെയല്ലേ എന്നു ചോദിച്ചാല്‍ സൂക്ഷ്മമായ നിരീക്ഷണത്തില്‍ അല്ല എന്നു പറയേണ്ടിവരും. കാരണം പങ്കാളി പുറത്തുനില്‍ക്കുന്ന പങ്കുകാരനാണ്. അവന്‍ വേറിട്ടുനില്‍ക്കുന്നതിനാല്‍ അവന്‍ കലഹിക്കാനും അവകാശം ചോദിക്കാനും തെറ്റിപ്പിരിയാനും ഒക്കെ സാധ്യത കൂടുതലാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ അകത്താണെങ്കിലും പുറത്ത്‌നില്‍ക്കുന്ന സമ്മര്‍ദ്ദ ശക്തിയായിരിക്കും. എന്നാല്‍ ഇണ അങ്ങനെയല്ല. അവിടെ രണ്ടാള്‍ തമ്മില്‍ ലയനം സംഭവിക്കുന്നതിനാല്‍ വേറിട്ട് നില്‍ക്കുന്നില്ല. ശരിക്കും ദമ്പതികള്‍ സ്‌നേഹവും കാരുണ്യവും കൊണ്ട് ഇണകളായി ഇഴുകിച്ചേര്‍ന്നിട്ടുണ്ട് എങ്കില്‍ പിന്നെ വേര്‍പെടുമെന്ന ഭയമുണ്ടാവില്ല.

web desk 3: