X

വിക്കിലീക്‌സ് സ്ഥാപകൻ അസാൻജിന് ജാമ്യമില്ല

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ബ്രിട്ടീഷ് കോടതി ജാമ്യം നിഷേധിച്ചു. അമേരിക്കക്ക് കൈമാറുന്നത് തടഞ്ഞെങ്കിലും അദ്ദേഹം ജാമ്യത്തിലിറങ്ങിയാൽ ഒളിവിൽ പോകാനുള്ള സാധ്യത കൂടുതലാണെന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ജഡ്ജി വനെസ്സ ബാരറ്റ്സർ പറഞ്ഞു. ജയിലിൽനിന്ന് പുറത്തുപോയ ശേഷം അസാൻജ് തിരിച്ചെത്തിയേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ലണ്ടനിൽ കനത്ത സുരക്ഷാ വലയത്തിലുള്ള ബെൽമാഷ് ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ജാമ്യം നിഷേധിച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് വിക്കിലീക്സ് അറിയിച്ചു. പുതിയ കോടതി വിധി അസാൻജിന്റെ അഭിഭാഷക സംഘത്തിന് തിരിച്ചടിയാണ്.

അമേരിക്കക്ക് കൈമാറിയാൽ അദ്ദേഹം ആത്മഹത്യ ചെയ്തേക്കുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജാമ്യം അനുവദിച്ചാൽ അസാൻജ് ജീവിതപങ്കാളിയുടെയും രണ്ട് മക്കളുടെയും കൂടെ സുരക്ഷിതനായി വീട്ടിൽ കഴിയുമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. അസാൻജിനെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ടുള്ള വിധിക്കെതിരെ യു.എസ് ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് യു.എസ് ഭരണകൂടത്തിന്റെ കമ്പ്യൂട്ടറുകൾ ഹാക്കു ചെയ്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്.

അദ്ദേഹത്തെ അമേരിക്കക്ക് വിട്ടുനൽകാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി നേരത്തെ ഒപ്പുവെച്ചിരുന്നു. സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പാശ്ചാത്യ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും അസാൻജിന് വൻ പിന്തുണയാണ് ലഭിച്ചുവരുന്നത്.
ഇറാഖിൽ അപ്പാഷെ യുദ്ധ ഹെലികോപ്ടർ ഉപയോഗിച്ച് സാധാണക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന്റെ 39 മിനുട്ട് നീണ്ട വീഡിയോയും അദ്ദേഹം പുറത്തുവിട്ട രഹസ്യ രേഖകളുടെ കൂട്ടത്തിലുണ്ട്. അന്നുമുതൽ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. സ്വീഡനിൽ ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ ബ്രിട്ടനിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. എന്നാൽ ഇക്വഡോർ ഭരണകൂടം അഭയം അവസാനിപ്പിച്ചതോടെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

zamil: