X

കാട്ടുപോത്ത് ആക്രമണം: സഞ്ചാരികള്‍ക്ക് വിലക്ക്, കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം ഇന്നെത്തും. ഇന്നലെ കാട്ടുപോത്ത് ആക്രമിച്ച ഇടപ്പള്ളി സ്വദേശി അപകടനില തരണം ചെയ്തു.

കരിയാത്തംപാറ കക്കയം ഡാം സൈറ്റിലാണ് ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുഞ്ഞിന്റെ പരിക്കും ഗുരുതരമല്ല. നീതുവിന്റെ വാരിയെല്ലിനും തലയ്ക്കും പരിക്കുണ്ട്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയ ശേഷം ഡാം പരിസരത്ത് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി മുതല്‍ ഒരു കാട്ടുപോത്ത് പരിസരത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ പാര്‍ക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

webdesk13: