X

ഇനി ഇവറ്റകള്‍ക്ക് മണ്ണില്‍ തീറ്റ കൊടുത്താല്‍ പ്രശ്‌നമാകുമോ; വീണ്ടും വിവാദ വിഡിയോയുമായി കൃഷ്ണകുമാര്‍

പഴങ്കഞ്ഞി പരാമര്‍ശത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ പരിഹാസ വീഡിയോയുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും മകളും. പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു വീഡിയോയിലൂടെയാണ് താരം വീണ്ടും വിവാദത്തിന് വഴിതുറക്കുന്നത്.

കൃഷ്ണകുമാര്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന വീഡിയോയില്‍ ഇനി ഇവറ്റകള്‍ക്ക് പ്ലേറ്റില്‍ ഭക്ഷണം കൊടുക്കേണ്ടി വരുമോ മണ്ണിലിട്ടു കൊടുത്താല്‍ കൊടുത്താല്‍ പ്രശ്‌നമാകുമോ? എന്ന് പരിഹാസഭാവത്തോടെ മകള്‍ ദിയ കൃഷ്ണ ചോദിക്കുന്നുണ്ട്.

വീട്ടില്‍ വന്നിരുന്ന പണിക്കാര്‍ക്ക് കുഴിക്കുത്തി പഴങ്കഞ്ഞി നല്‍കുമായിരുന്നുവെന്നും വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടായിരുന്നു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

വിവാദ പ്രസ്താവനക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ക്കിപ്പുറമാണ് വീണ്ടും വിവാദവുമായി കൃഷ്ണകുമാറും കുടുംബവും എത്തുന്നത്.

വീഡിയോക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ജാതിയുടെ സകല പ്രിവിലേജുകളും അനുഭവിക്കുന്ന ഒരാളുടെ മകള്‍ക്ക് ഇവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥയെയും അതില്‍ മനുഷ്യര്‍ അനുഭവിക്കുന്ന വേദനയെ എങ്ങനെ മനസ്സിലാക്കാന്‍ കഴിയുമെന്നും ഇത് അവര്‍ക്ക് ഒരു കോമഡിയായെ തോന്നുവെന്നും വീഡിയോക്ക് വിമര്‍ശനം ഉയരുന്നുണ്ട്.

ഇത്തരത്തിലുള്ള മനസ്ഥിതിയുള്ള ആളുകള്‍ക്ക് ഒരു ദിവസമെങ്കിലും മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയാലെ അതിന്റെ വേദന മനസ്സിലാക്കുകയൊള്ളുവെന്നും ആളുകള്‍ പറയുന്നു.

സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന്‍ കൃഷ്ണകുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ സാമൂഹ്യ പ്രവര്‍ത്തകനും ദിശ പ്രസിഡന്റുമായ ദിനു വെയിലിന്റെ പരാതിയിലാണ് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തത് . എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് ഏഴു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

webdesk14: