X

രാജ്യം ഭിന്നിപ്പിന്റെ ഭീഷണിയില്‍; തന്റെ കീഴില്‍ കെട്ടിപ്പെടുക്കുന്നത് പുതിയ കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി

സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ദിവസത്തെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി സിംഗപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ വംശജരായ കമ്പനി സി.ഇ.ഒമാരുമായി ജോലി, നിക്ഷേപം, ഇന്ത്യന്‍ സാമ്പത്തിക രംഗം എന്നിവയെ കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു.

കോണ്‍ഗ്രസ് സമൂഹത്തിനെ തുല്യതയുള്ള ഒരു സംവിധാനമായാണ് കണ്ടത്, അതേ സമയം ബി.ജെ.പി ശാന്തിക്കും സമാധാനത്തിനും വലിയ പ്രാധാന്യം കല്‍പിക്കുന്നില്ല. സമൂഹത്തെ ഭിന്നിപ്പിക്കുന്നതിന്റെ ഗുരുതരമായ ഭീഷണി നമ്മള്‍ കാണുന്നുണ്ട്. ഇതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി യു.പി.എ സര്‍ക്കാര്‍ നയത്തെ പ്രശംസിക്കുകയുമുണ്ടായി.

ഡോ.മന്‍മോഹന്‍ സിങിന്റെ കീഴില്‍ ഞങ്ങളുടെ കശ്മീര്‍ നയം ജനങ്ങളള്‍ക്കിടയില്‍ പാലങ്ങള്‍ പണിയുന്നതായിരുന്നു. 2004ല്‍ അധികാരത്തില്‍ വന്ന യു.പി.എ കൈകാര്യം ചെയ്തത് കത്തിച്ചുകൊണ്ടിരുന്ന ഒരു ജമ്മു-കശ്മീര്‍ ആയിരുന്നു. തുടര്‍ന്ന് കാശ്മീരിനായി 9 വര്‍ഷത്തേക്കുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍ ചെയ്തതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ആളുകളുമായി നിങ്ങള്‍ ഇടപഴകുമ്പോള്‍, നിങ്ങള്‍ക്ക് ആളുകളെ കൊണ്ട് വരാം, നിങ്ങള്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക, നിങ്ങള്‍ക്ക് അവരില്‍ വിശ്വാസത്തിലെത്താം. ഇങ്ങനെയാണ് പ്രവര്‍ത്തനം നടക്കുന്നത്. ഞാന്‍ അതു അനുഭവിച്ചിട്ടുണ്ട്, രാഹുല്‍ വിദ്യാര്‍ഥികളോടായി പറഞ്ഞു.

“ഞാന്‍ എന്റെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നത് എന്തിനെന്ന് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍… അത് ബഹുസ്വരതയുടെ ആശയം എന്നുള്ളതാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന എന്തും പറയാം, അവര്‍ക്കാവശ്യമുള്ളതെന്തും ചെയ്യാം, അതില്‍ അവര്‍ക്ക് ഒരു പ്രശ്‌നവും നേരിടേണ്ടിവരില്ല. എന്നാല്‍ ഈ ആശയത്തിനാണ് വെല്ലുവിളി ഉയരുന്നത്”, രാഹുല്‍ പറഞ്ഞു. ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രാജ്യത്ത് ഭീഷണിയുടം അന്തരീക്ഷത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത് രാഹുല്‍ വ്യക്തമാക്കി.

തന്റെ കീഴില്‍ കെട്ടിപ്പെടുക്കുന്നത് ഒരു പുതിയ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ മുന്നില്‍ ഇപ്പോഴുള്ളത് പുതിയ അവസരമാണ്. എല്ലാവരുടേയും മൂല്യങ്ങളും ആശയും ഉള്‍ക്കൊള്ളുന്ന ഒരു കോണ്‍ഗ്രസിനെ അവതരിപ്പിക്കുമെന്നും രാഹുല്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു മാറ്റമാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂരിന് പുറമെ മലേഷ്യയിലും രാഹുല്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ്, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് എന്നിവരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.

chandrika: