X

അവശ്യമെങ്കില്‍ കശ്മീര്‍ സന്ദര്‍ശിക്കും; കടുത്ത നീക്കവുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ കശ്മീരില്‍ നേരിട്ട് പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ആറ് മുതല്‍ പതിനെട്ട് വയസു വരെയുള്ളവര്‍ വലിയ ദുരിതം അനുഭവിക്കുന്നതായി എനാക്ഷി ഗാംഗുലി എന്ന ബാലാവകാശ പ്രവര്‍ത്തക ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്മേലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നടപടി. കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥ ജനജീവിതത്തെ ദുരിതത്തിലാക്കുന്നുവെന്നാണ് ബാലാവകാശ പ്രവര്‍ത്തകരുടെ വാദം.

ജമ്മു കശ്മീരില്‍ സാധാരണ ജീവിത സാഹചര്യം തിരിച്ചുവന്നുവെന്ന് ഉറപ്പു വരുത്താനായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി.

ജമ്മു ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുമല്ലോ എന്ന സുപ്രീം കോടതി ജസ്റ്റിസിന്റെ പരാമര്‍ശത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന മറുപടിയാണ് ഗാംഗുലിയുടെ അഭിഭാഷകന്‍ നല്‍കിയത്. ‘ എന്ത് കൊണ്ടാണ് നിങ്ങള്‍ക്ക് ജമ്മു ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയാത്തത്?ആരെങ്കിലും നിങ്ങളെ തടയുന്നുണ്ടോ? ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചോദിച്ചു.

ജമ്മു ഹൈക്കോടതി ഇതിന് തക്കതായ മറുപടി നല്‍കിയേ നല്‍കണമെന്നും ബാലാവകാശ പ്രവര്‍ത്തകരുടെ വാദം ശരിയാണോയെന്ന് താന്‍ നേരിട്ട് അന്വേഷിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഗുലാംനബി ആസാദിന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനുള്ള അനുമതിയും പരമോന്നത കോടതി നല്‍കി. പൊതുയോഗങ്ങളോ പ്രസംഗങ്ങളോ നടത്തില്ലെന്ന് ആസാദ് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ, ഒരു മാസമായി വീട്ടു തടങ്കലില്‍ കഴിയുന്ന മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ ഭരണനേതൃത്വത്തോടും കേന്ദ്ര സര്‍ക്കാരിനോടുമാണ് സുപ്രീം കോടതി ഫറൂഖ് അബ്ദുള്ളയെ കുറിച്ച് അന്വേഷിച്ചത്.

chandrika: