X

“കണക്കു കൂട്ടലുകള്‍ പിഴച്ചു”; ഉത്തര്‍പ്രദേശില്‍ പരാജയം മുന്നില്‍കണ്ട് മഹാസഖ്യത്തിന് നേരെത്തിരിഞ്ഞ് മോദി

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്‍കണ്ടെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്‍. രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ പരാമര്‍ശവും പ്രധാനമന്ത്രിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതില്‍ നിന്നും പുറത്തുവരുന്നവയാണെന്നും വിമര്‍ശനമുണ്ട്. പരാജയം ഉറപ്പായതോടെ യുപിയില്‍ മോദി പുതിയ തന്ത്രം തേടുകയാണെന്നാണ് വിലയിരുത്തല്‍.

എസ്.പിയും കോണ്‍ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന ആരോപണവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മായാവതി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നതിനിടെ കോണ്‍ഗ്രസ്, എസ്.പി നേതാക്കള്‍ വേദി പങ്കിടുകയാണെന്ന് മോദി ആരോപിച്ചിരുന്നു. റായ്ബറേലിയില്‍ നടന്ന എസ്.പി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശം. എന്നാല്‍ ഇതിനു പിന്നാലെ മോദിയെ തള്ളി മായാവതി രംഗത്തെത്തിയത് ബിജെപിക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥിയായ സോണിയയും രാഹുലും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയുമായാണ് ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തിയത്. അമേഠിയില്‍ എസ്പി പ്രവര്‍ത്തകര്‍ രാഹുലിന്റെ പ്രചാരത്തിന് എത്തിയതും ബിജെപി ക്യാമ്പിന് തിരിച്ചടിയായി.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി എസ്.പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി. കോണ്‍ഗ്രസും എസ്.പിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം ഇരു പാര്‍ട്ടികളും ചേര്‍ന്ന് മായാവതിയെ വഞ്ചിച്ചുവെന്ന മോദിയുടെ പ്രസ്താവന പരാജയം ഉറപ്പായതില്‍ നിന്നുമുണ്ടായതാണെന്ന് അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടം കഴിഞ്ഞതോടെ മോദിയുടെ കണക്കു കൂട്ടുലുകള്‍ പിഴച്ചു. പരാജയം ഉറപ്പായതോടെ പുതിയ തന്ത്രം തേടുകയാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രമാണ് മോദി യു.പിയില്‍ പയറ്റാന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ഇത് ഇത്തവണ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനം, കാര്‍ഷിക വരുമാനം തുടങ്ങി ഒന്നും തന്നെ ബി.ജെ.പിക്കോ മോദിക്കോ പറയാനില്ല. ഇനി ആകെയുള്ള രക്ഷ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യം അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. മോദി 180 ഡ്രിഗ്രി പ്രധാനമന്ത്രിയാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തെ മാത്രമാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. പറയുന്നതിന്റെ നേര്‍ വിപരീതം മാത്രം പ്രവര്‍ത്തികുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്നും എസ്.പി അധ്യക്ഷന്‍ ആരോപിച്ചു.

chandrika: