X

നിക്ഷേപകരില്‍ നിന്നും 30 കോടിയോളം തട്ടിയ യുവതി കോയമ്പത്തൂരില്‍ പിടിയില്‍

ഇരിങ്ങാലക്കുട: നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നും 30 കോടിയോളം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന മാള പുത്തന്‍ചിറ കുര്യാപ്പിള്ളി വീട്ടില്‍ സാലിഹ (29) അറസ്റ്റിലായി. എഎസ്പി മെറിന്‍ ജോസഫ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോണത്തുകുന്നിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍ ആന്റ് സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ എംഡിയായി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പണക്കാരായ വിദേശ മലയാളികളായ നിക്ഷേപകരേയും മറ്റും കണ്ടെത്തി തന്റെ കമ്പനിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 10,000 രൂപ ലാഭവിഹിതം വീട്ടില്‍ എത്തിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് കോടികള്‍ തട്ടിയത് എന്ന് പോലീസ് പറഞ്ഞു.

ആദ്യമാസങ്ങളില്‍ പണം നല്‍കി വിശ്വാസം ആര്‍ജിച്ച ഇവര്‍ തൃശൂര്‍, കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പലഭാഗങ്ങളിലും തട്ടിപ്പിനായി ഓഫീസുകള്‍ ആരംഭിച്ചിരുന്നു. 2010 മുതലാണ് യുവതിയുടെ നേതൃത്വത്തില്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. കറുക കാട്ടുപറമ്പില്‍ അബ്ദുള്‍ മജീദില്‍ നിന്ന് ഒന്നരകോടി രൂപ തട്ടിയെടുത്തതായി ആഗസ്റ്റില്‍ ഇരിങ്ങാലക്കുട പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇവരുടെ തട്ടിപ്പിന് ഇരയായി പരാതി നല്‍കാത്തവര്‍ എത്രയുംവേഗം പോലീസിനെ സമീപിക്കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. കെ. സുരേഷ്‌കുമാര്‍ അറിയിച്ചു.

എല്ലാ പരാതികളും ലഭിച്ചതിന് ശേഷം മാത്രമേ തട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുകയുള്ളൂ. വിദേശ രാജ്യങ്ങളിലെ പ്രധാന വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആര്‍ഭാടജീവിതം നയിക്കുകയാണ് യുവതിയുടെ രീതി. ഇരിങ്ങാലക്കുട പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഏറ്റെടുത്തതിനെതുടര്‍ന്ന് അപകടം മണത്തറിഞ്ഞ ഇവര്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയും അവിടെ നിന്ന് ദുബായിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. കോയമ്പത്തൂര്‍ക്ക് വരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരില്‍ എത്തി തന്ത്രപരമായി പ്രതിയെ പിടിച്ചത്. ഈ കേസ്സില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണസംഘത്തില്‍ അഡീഷണല്‍ എസ്‌ഐ വി. വി. തോമസ്, എഎസ്‌ഐമാരായ അനില്‍ തോപ്പില്‍, സുരേഷ് തച്ചപ്പിള്ളി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുരുകേഷ് കടവത്ത്, എം. ജെ. ജയപാല്‍, കെ. എ. ജെന്നിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. ബി. രാജീവ്, എ. വി. വിനോഷ്, വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ വിവ, തെസ്സിനി, ആഗ്നസ് ഉണ്ടായിരുന്നു.

chandrika: