X

അബുദാബിയില്‍ ടിവിയുടെ ശബ്ദം കൂട്ടിയതിന് സഹവാസിയെ കുത്തിക്കൊന്നു

അബുദാബിയില്‍ രാത്രി സിനിമ കാണുന്നതിനിടെ ടിവിയുടെ ശബ്ദം കൂട്ടിയതിന് കൂടെ താമസിക്കുന്നയാളെ ഏഷ്യക്കാരന്‍ കുത്തിക്കൊന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടത്.പ്രതിയുള്‍പ്പെടെ മൂന്നു പേരാണ് അബുദാബിയിലെ മുറിയില്‍ താമസിച്ചിരുന്നത്. രാത്രി സിനിമ കാണുന്നതിനായി ടിവിയുടെ ശബ്ദം കൂട്ടിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പ്രതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഇയാള്‍ സഹവാസിയെ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കി.

മുറിയിലുണ്ടായിരുന്ന മൂന്നാമത്തെയാളാണു കേസിലെ ദൃക്‌സാക്ഷി. അബുദാബി നഗരത്തിലെ മുറിയില്‍ രാത്രി സമയത്തായിരുന്നു അക്രമം നടന്നതെന്നു ദൃക്‌സാക്ഷി പറഞ്ഞു. കേസില്‍ ഏഷ്യാക്കാരനെതിരെ കോടതി നടപടികള്‍ പുരോഗമിക്കുന്നു.

ഞാനും സുഹൃത്തും ഉറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ടിവിയുടെ ശബ്ദം പ്രതി കൂട്ടുന്നത്. ജോലി കഴിഞ്ഞു വന്നതാണെന്നും ഉറങ്ങണമെന്നും പറഞ്ഞു. തര്‍ക്കം ഉണ്ടായിട്ടും ടിവിയുടെ ശബ്ദം കുറയ്ക്കാന്‍ അയാള്‍ തയ്യാറായില്ല. തുടര്‍ന്നാണു അക്രമമുണ്ടായത്-ദൃക്‌സാക്ഷി പറഞ്ഞു.

കൊല്ലപ്പെട്ടയാളെ അക്രമിച്ചതായും കത്തിയെടുത്തു കുത്തിയതായും പൊലീസിനു മുന്നില്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ കുറ്റം നിഷേധിച്ചു. പ്രതിഭാഗത്തിനു അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നതിനായി കേസിലെ വാദം മേയ് മാസത്തിലേക്ക് മാറ്റി. പ്രതിയുടേയും ഇരയുടേയും പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

chandrika: