X
    Categories: indiaNews

ഹത്രാസ് പെണ്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം-പരാതിനല്‍കുമെന്ന് അയോധ്യ സ്വദേശി

ന്യൂഡല്‍ഹി : ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ഫോട്ടോ രണ്ടു വര്‍ഷം മുമ്പ് മരിച്ച യുവതിയുടേതെന്ന് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുമ്പ് ചണ്ഡിഗറില്‍ മരിച്ച മനീഷ യാദവ് എന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ഹത്രാസ് ഇരയെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അസുഖബാധയെ തുടര്‍ന്ന് അയോധ്യ സ്വദേശിനിയായ മനീഷ യാദവ് രണ്ടു വര്‍ഷം മുമ്പാണ് മരിക്കുന്നത്. എന്നാല്‍ ഹത്രാസ് സംഭവത്തിന് പിന്നാലെ കൊല്ലപ്പെട്ട പെണ്‍കുട്ടി എന്ന തരത്തില്‍ വയല്‍ കരയില്‍ നില്‍ക്കുന്ന മനീഷയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ട്വിറ്ററിലടക്കം ഉന്നതരായ വ്യക്തികള്‍പലരും ഈ ചിത്രം പങ്കുവെച്ചിരുന്നു.

രണ്ടു വര്‍ഷം മുമ്പ് മരിച്ച തന്റെ മകളെ വീണ്ടും പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചലും വ്യാജമായി പ്രചരിപ്പിക്കുന്നതിലും അതിയായ ദുഃഖമുണ്ടെന്ന് മനീഷയുടെ പിതാവ് മോഹന്‍ലാല്‍ യാദവ് പറഞ്ഞു. അസുഖബാധിതയായ മനീഷ 2018 ജൂലൈ 22 നാണ് മരിച്ചതെന്ന് പിതാവ് പറയുന്നു. അസുഖബാധിതയായ മകള്‍ ചണ്ഡിഗര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍ അജയ് പറയുന്നതനുസരിച്ച് വൈറല്‍ ചിത്രം അവരുടെ ജന്മഗ്രാമത്തില്‍ നിന്ന് എടുത്തതാണ്. മകളുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ മോഹന്‍ ലാല്‍ യാദവ് ചണ്ഡീഗഡ് എസ്എസ്പിയ്ക്ക് പരാതി നല്‍കി.

വ്യാജമായി ചിത്രം പ്രചരിപ്പിച്ച കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മകളുടെ ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ബലാല്‍സംഗത്തിന് ഇരയായവരുടെ ചിത്രം പ്രചരിപ്പിക്കുന്നത് കുറ്റകരമായ നടപടിയാണെന്നിരിക്കെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

 

chandrika: