X

ജയ് ഷാ വിവാദം; അന്വേഷണം അനിവാര്യമാണെന്ന് യശ്വന്ത് സിന്‍ഹ

ന്യുഡല്‍ഹി: സാമ്പത്തികമേഖലയിലെ മാന്ദ്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ സര്‍ക്കാരിനു നേര്‍ക്ക് ഉയര്‍ത്തിയതിനു പിന്നാലെ അമിത് ഷാ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ അന്വേഷണം അനിവാര്യമാണെന്ന് സിന്‍ഹ. ജയ് ഷായ്‌ക്കെതിരായ ആരോപണം സര്‍ക്കാരിന് ധാര്‍മികമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജയ് ഷാക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നത് ശരിയായ നടപടിയല്ലെന്നും സിന്‍ഹ പറഞ്ഞു. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടല്‍ ഇതിലുണ്ടായിട്ടുള്ളതുകൊണ്ട് അന്വേഷണം അനിവാര്യമാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുടെ മകനെ പിന്തുണയ്ക്കാന്‍ മുതിര്‍ന്ന മന്ത്രിമാരെ രംഗത്തിറക്കിയതിനെയും സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയെ ജയ് ഷായ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ അനുവദിച്ചതിനെയും ചൂണ്ടിക്കാണിച്ച് വിഷയത്തില്‍ പാര്‍ട്ടിക്ക് പലവിധ പാളിച്ചകള്‍ സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഊര്‍ജമന്ത്രാലയം ജയ് ഷായ്ക്ക് വായ്പ നല്‍കിയ രീതിയും പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ പീയുഷ് ഗോയല്‍ പിന്തുണച്ച രീതിയും എന്തോ തെറ്റായി സംഭവിച്ചു എന്ന തോന്നലുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവ്യക്തിക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (തുഷാര്‍ മെഹ്ത) ഹാജരാകുക എന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും- സിന്‍ഹ പട്നയില്‍ പറഞ്ഞു.

ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2013ല്‍ 6,230 രൂപയും 14ല്‍ 1,724 രൂപയും നഷ്ടമുണ്ടായിരുന്നു. 2014-15ല്‍ കമ്പനിക്ക് 50,000 രൂപയുടെ വരുമാനവും 18,728 രൂപയുടെ ലാഭമുണ്ടായി. എന്നാല്‍, 2015-16ല്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനിയുടെ വിറ്റുവരവ് 80.5 കോടി രൂപയായി കുതിച്ചുയര്‍ന്നെന്നുമായിരുന്നു ആരോപണം.

രാജേഷ് ഖാണ്ഡ്വാല എന്നയാളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്‍നിന്ന് ജയ് ഷായുടെ കമ്പനിക്ക് 15.78 കോടി രൂപയുടെ ‘അനധികൃത വായ്പ’ ലഭിച്ച അതേ വര്‍ഷമാണ് കമ്പനി അസ്വാഭാവിക വരുമാനം നേടിയതെന്നും ‘ദ വയര്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി പിന്തുണയുള്ള രാജ്യസഭാ എം.പിയും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ സീനിയര്‍ എക്‌സിക്യൂട്ടീവുമായ പരിമാള്‍ നാഥ്വാനിയുടെ ബന്ധുവാണ് രാജേഷ് ഖാണ്ഡ്വാല

വെറും ഏഴു കോടി മാത്രം വരുമാനമുള്ള സമയത്താണ് ഖാണ്ഡ്വാലയുടെ ധനകാര്യ സ്ഥാപനമായ കിഫ്‌സ് (കെ.ഐ.എഫ്.എസ്) ടെംപിള്‍ എന്റര്‍പ്രൈസസിന് 15.78 കോടി രൂപ വായ്പ നല്‍കിയത്. ടെംപിള്‍ എന്റര്‍പ്രസൈസ് സമര്‍പ്പിച്ച രേഖകളെക്കുറിച്ച് കിഫ്‌സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും, ജയ് ഷായുടെ കമ്പനിക്കു നല്‍കിയ വായ്പയെക്കുറിച്ച് മിണ്ടാട്ടമില്ല.

chandrika: