X

യതീംഖാനയില്‍ നിന്ന് ഐ.എ.എസ്സിലേക്ക്

മലയാളത്തിലും കടമ്പ കടക്കാം
മുഹമ്മദലി ശിഹാബ് ഐ എ എസ്/
പി. ഇസ്മായില്‍

മുഹമ്മദലി ശിഹാബ് ഐ എ എസ്

ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാമെന്ന് മലയാളികളെ പഠിപ്പിച്ച സാഹസികന്‍. അസാധ്യമായി ഒന്നുമില്ലെന്നും മാതൃഭാഷയിലും സിവില്‍ സര്‍വ്വീസ് പടവുകള്‍ കയറാമെന്നും തെളിയിച്ച അതുല്യപ്രതിഭ. 2012 നാഗാലാന്റ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍. ദിമാപൂര്‍ ജില്ലാ അസിസ്റ്റന്റ് കലക്ടര്‍, കോഹിമ സബ് കലക്ടര്‍, കീഫ്റെ, ത്യോന്‍സാംഗ്, കോഹിമ ജില്ലകളില്‍ കലക്ടര്‍. ഡിപാര്‍ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് കമ്മ്യൂണിക്കേഷന്‍, എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് സെക്രട്ടറി. മലയാളികളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ ‘വിരലറ്റം’ ആത്മകഥയാണ്.

അനാഥാലയത്തില്‍ നിന്നും ഐ.എ.എസിലേക്ക്

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് മരണപെട്ടതിനെ തുടര്‍ന്ന് മുക്കം യതീം ഖാനയിലായിരുന്നു ഞാനും രണ്ട് സഹോദരിമാരും പഠിച്ചതും വളര്‍ന്നതും. ഓര്‍ഫനേജിന് കീഴില്‍ തന്നെ പ്രീഡിഗ്രിയും ടി.ടി.സിയും പഠിച്ചു. വളവന്നൂര്‍ ബാഫഖി യതീംഖാനയില്‍ അദ്ധ്യാപകനായി കുറച്ചു കാലം ജോലി ചെയ്തിരുന്നു. ഡിഗ്രി പ്രൈവറ്റായാണ് പഠിച്ചത്. ഹോട്ടല്‍ തൊഴിലാളിയുടെയും റബര്‍ വെട്ടുകാരന്റെയും കരിങ്കല്‍ ചൂളയിലെ കല്ല് ചുമക്കുന്നവന്റെയും വേഷവും ജീവിത യാത്രയില്‍ അണിയേണ്ടി വന്നിട്ടുണ്ട്. ഐ.എ.എസ് എന്ന മൂന്നക്ഷരം പത്രത്തിലാണ് ആദ്യമായി കണ്ടത്. വീട്ടില്‍ പത്രം വാങ്ങിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു. അത് കൊണ്ട് പഴയ പത്രങ്ങള്‍, മാസികകള്‍ ശേഖരിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. സഹോദരിയുടെ വീട്ടില്‍ പോയപ്പോള്‍ കണ്ട പത്രത്തില്‍ ഐ.എ.എസ് ബലികേറാമലയല്ല എന്ന ആ തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ നിന്നാണ് ആദ്യം സിവില്‍സര്‍വ്വീസിനെക്കുറിച്ച് അറിഞ്ഞത്. ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ ഐ.എ.എസിനു പരിശീലിക്കുന്ന ഒരാളെ കണ്ട അനുഭവം സഹോദരനും പങ്കു വെച്ചു. എന്റെ കഴിവില്‍ സഹോദരന് നല്ല വിശ്വാസം ഉണ്ടായിരുന്നു. സഹോദരന്റെ പ്രോത്സാഹനം സിവില്‍ സര്‍വീസിനെ കുറിച് ഗൗരവമായി ചിന്തിപ്പിച്ചു. ഇതിനകം 21ഓളം പി.എസ്.സി പരീക്ഷ പാസായ എന്നെ പങ്കെടുപ്പിച്ചു ഒരു മാധ്യമം മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പത്രക്കാരന്‍ ഇനി എന്തെങ്കിലും ലക്ഷ്യം ഉണ്ടോ എന്നാവര്‍ത്തിച്ചു ചോദിച്ചു. എന്റെ സിവില്‍ സര്‍വീസ് മോഹം അറിയാതെ പറഞ്ഞു. പിറ്റേ ദിവസം സിവില്‍ സര്‍വീസിനു തയ്യാറെടുക്കുന്ന എന്റെ ഫോട്ടോ സഹിതം പത്രത്തില്‍ വാര്‍ത്ത വന്നു. വീണ്ടും ഓര്‍ഫനേജ് തണലൊരുക്കി. 31ാം വയസ്സില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ എനിക്ക് ആദ്യ ചാന്‍സില്‍ തന്നെ വിജയിക്കാനായി.

പേരിന് പിന്നില്‍

മുഹമ്മദലി ശിഹാബ് എന്ന പേരിന് പിന്നിലൊരു കഥയുണ്ട്. എന്റെ വല്യുമ്മയാണ് ആ പേരിട്ടത്. പാണക്കാട് കുടുംബത്തോടുള്ള ആദരവ് കൊണ്ടാണ് തനിക്ക് ഈ പേരിട്ടതെന്നാണ് വല്യുമ്മ പറഞ്ഞത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹാ മനുഷ്യന്റെ പേരാണ് വല്യുമ്മ എനിക്ക് സമ്മാനിച്ചത്.

പരീക്ഷയില്‍ മലയാളത്തിന്റെ സാദ്ധ്യതകള്‍

വടക്കേ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഹിന്ദിയിലും മറ്റു സംസ്ഥാനക്കാര്‍ അവരുടെ മാതൃഭാഷയിലും പരീക്ഷ എഴുതിയാണ് ജയിക്കുന്നത്. മലയാളത്തില്‍ എഴുതുന്നവരുടെ എണ്ണം കുറവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ മലയാളത്തില്‍ എഴുതാന്‍ അവസരം ഉണ്ടായിരുന്നുവെങ്കിലും കോച്ചിംഗ് സെന്ററുകളുടെ അഭാവവും സിലബസ് അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങള്‍ മുന്‍കാല ചോദ്യപേപ്പറുകള്‍ എന്നിവയുടെ ലഭ്യതക്കുറവും വിജയിച്ചവരുടെ അനുഭവങ്ങളും അക്കാലത്തെ മലയാളം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് ഏറെക്കുറെ പരിഹരിക്കാന്‍ കഴിഞ്ഞു. മെയിന്‍സ് പരീക്ഷ ഞാന്‍ മലയാളത്തിലാണ് എഴുതിയത്. മെയിന്‍സിലെ 9 പേപ്പറുകളില്‍ 7 എണ്ണവും മലയാളത്തില്‍ എഴുതാന്‍ കഴിയും. രണ്ട് പരീക്ഷകള്‍ ഇംഗ്ലീഷിലാണ് എഴുതേണ്ടത്. ഈ രണ്ട് പരീക്ഷകളുടെ മാര്‍ക്ക് നേരിട്ട് മെയിന്‍സ് പരീക്ഷാഫലത്തെ സ്വാധീനിക്കില്ല. ഭാഷ ഏതെന്നത് പ്രശ്നമല്ല. നന്നായി ആശയം പ്രകടിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ മത്സരാര്‍ഥികള്‍ തയ്യാറായാല്‍ വിജയ ശതമാനം കൂട്ടാന്‍ കഴിയും. ശരാശരി മലയാളി ഇംഗ്ലീഷില്‍ എഴുതാന്‍ ശ്രമിക്കുമ്പോള്‍ ചിന്തകളും ഭാവനകളും മലയാളത്തിലായിരിക്കും. ആ ചിന്തകളെ മാതൃഭാഷയില്‍ എഴുതുമ്പോള്‍ ആറിലൊന്ന് അധ്വാനം മതിയാവും.

മലയാളം ഇന്റര്‍വ്യൂ

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ വരുന്ന 22 ഭാഷകളില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നുണ്ട്. അഭിമുഖത്തിലും ഇത് അനുവദനീയമാണ്. അപേക്ഷ ഫോമില്‍ മലയാളത്തില്‍ ഇന്റര്‍വ്യു ചെയ്യണമെന്ന് ഞാന്‍ എഴുതി കൊടുത്തിരുന്നു. ഇതനുസരിച്ച് ഇന്റര്‍വ്യു ബോര്‍ഡില്‍ ദ്വിഭാഷിയെ നിയോഗിച്ചു. ഞാന്‍ മലയാളത്തില്‍ പറയും. അയാള്‍ അത് ഇംഗ്ലീഷില്‍ പരിഭാഷ പെടുത്തും. കുറച്ചു നേരം സംസാരം നീണ്ടപ്പോള്‍ ഇനി ഇംഗ്ലീഷില്‍ ആയിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതം മൂളി. തുടര്‍ന്ന് ഇംഗ്ലീഷിലാണ് മറുപടി പറഞ്ഞത്.

മോക്ക് ടെസ്റ്റിന്റെ പ്രാധാന്യം

പ്രിലിംസിലെ സി സാറ്റ് പോലെയുള്ള സബ്ജക്ടുകളില്‍ വ്യക്ത വരുത്താനും സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ കഴിയുന്നുണ്ടോ എന്നും സ്വയം പരിശോധനക്ക് മോക് ടെസ്റ്റുകള്‍ ഉപകരിക്കും. കൂടെ പഠിക്കുന്നവരുടെ മാര്‍ക്കുകളുമായി നമുക്ക് താരതമ്യത്തിന് അവസരം ലഭിക്കും. പോരായ്മകള്‍ പരിഹരിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ സാധിക്കും. നെഗറ്റീവ് മാര്‍ക്കുകള്‍ എങ്ങിനെ ഒഴിവാക്കാമെന്നും അനിശ്ചിതത്വമുള്ള ചോദ്യങ്ങള്‍ക്ക് പോലും ശരിയായ ഉത്തരം രേഖപ്പെടുത്താനുള്ള നിലവാരത്തിലേക്കുയരാനും മോക്ക് ടെസ്റ്റിലൂടെ കഴിയും. നിരവധി ചോദ്യങ്ങളും ആശയങ്ങളും കണ്ടെത്താനും സഹായിക്കും.

മുന്നൊരുക്കം

സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായം 21 വയസ്സാണ്. പലരും പരീക്ഷ പാസായി വരുമ്പോഴേക്കും മുപ്പതിനോടടുക്കും. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ സര്‍വ്വീസില്‍ കയറാന്‍ പറ്റിയാലേ കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, അംബാസിഡര്‍, ഡി.ജി.പി തുടങ്ങിയ ഉയര്‍ന്ന പദവികളെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. സ്‌കൂള്‍ തലം മുതലേ പരീക്ഷക്കായി ഒരുങ്ങണം. സിവില്‍ സര്‍വ്വീസിന് ഒരുങ്ങുന്നു എന്ന കൊട്ടിഘോഷം ആവശ്യമില്ല. സാമൂഹ്യപ്രതിബദ്ധതയാണ് സിവില്‍ സര്‍വ്വീസിന്റെ അടിത്തറ. എന്‍.എസ്.എസ്, എന്‍.സി.സി തുടങ്ങിയ സാമൂഹ്യ സേവന മനസ്ഥിതി വളര്‍ത്തുന്ന കേഡറ്റുകളില്‍ സജീവമാവണം.

ഫൗണ്ടേഷന്‍ പരിശീലനം

ഐ.എ.എസുകാരുടെ ഫൗണ്ടേഷന്‍ പരിശീലനം ഉത്തരാഖാണ്ഡിലെ മസൂറിയിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്്രേടഷനില്‍ വെച്ചാണ് നടക്കുക. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സാണിത്. ആ കാലയളവില്‍ സിവില്‍ സര്‍വ്വീസിലെ ആദ്യപത്ത് വര്‍ഷത്തേക്കുളള അസൈന്‍മെന്റുകള്‍ കൈകകാര്യം ചെയ്യാനുള്ള പരിശീലനമാണ് നല്‍കുന്നത്. വിന്റര്‍ സ്റ്റഡി ടൂര്‍, അക്കാദമിക് പഠനം, ഭാരത് ദര്‍ശന്‍ യാത്ര എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. ലിറ്ററല്‍, തിയറ്റര്‍ ഫെസ്റ്റുകള്‍, കാര്‍ഷിക-സാമൂഹ്യ-മാധ്യമ മേഖലകളിലെ പ്രമുഖരുടെ ക്ലാസുകള്‍, പൊതുമേഖല, സ്വകാര്യമേഖല, ആദിവാസി മേഖല, ഇ ഗവേണന്‍സ് എന്നിവയുമായി ബന്ധിപ്പിച്ചാണ് യാത്ര. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്കുള്ള അവസരവും ഈ യാത്രയിലുണ്ടാവും. ബങ്കറുകളിലെ താമസമുള്‍പ്പെടെ ഇന്ത്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ കാണാനും മനസ്സിലാക്കാനും സാധിക്കുന്ന യാത്ര ജീവിതത്തില്‍ അത്യപൂര്‍വ്വമായി ലഭിക്കുന്നൊരു അവസരമാണ്.

യതീംഖാന പകര്‍ന്ന പാഠങ്ങള്‍

ഇന്റര്‍വ്യൂവിലെ ഒരു പ്രധാനചോദ്യം ഇങ്ങനെയായിരുന്നു. മിസ്റ്റര്‍ അലി, സ്വന്തം ശക്തി എന്ന് നിങ്ങള്‍ കരുതുന്നത് എന്താണ്?. ‘ഞാന്‍ ഒരു അനാഥാലയത്തിലാണ് വളര്‍ന്നത്. തനിക്കാരുമില്ല എന്ന തിരിച്ചറിവില്‍ നിന്നുണ്ടാകുന്ന മത്സരബുദ്ധി, ലോകത്ത് സനാഥനായ ഒരു കുട്ടിക്കും കിട്ടില്ല. അടുക്കും ചിട്ടയും നേതൃപാടവം, ആസൂത്രണ പാടവം, ആശയവിനിമയത്തിനുള്ള കഴിവ്, ക്ഷമ, സഹിഷ്ണുത, ത്യാഗം, ടൈം മാനേജ്മെന്റ് തുടങ്ങിയവയെല്ലാം അനാഥാലയത്തില്‍ വളര്‍ന്ന കുട്ടിക്ക് കൂടുതലായിരിക്കും.’ എന്നായിരുന്നു മറുപടി. ഇതാണ് യതീംഖാനകള്‍ പകര്‍ന്നുകൊണ്ടിരിക്കുന്നത്.

കളക്ടറാവാന്‍ എത്ര വര്‍ഷം?

സാധാരണ ഗതിയില്‍ ഒരു ഐ.എ.എസ് ഓഫീസര്‍ സര്‍വ്വീസില്‍ പ്രവേശിച്ചാല്‍ നാല് വര്‍ഷത്തിനുള്ളില്‍ സീനിയര്‍ സ്‌കെയില്‍ എന്ന നിലവാരത്തിലെത്തും. അതോടെ കലക്ടര്‍ പോസ്റ്റിന് അര്‍ഹരാവും. ഓരോ സംസ്ഥാനത്തിനും വ്യത്യസ ഘടനയാണ് നിലനില്‍ക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ നാല് വര്‍ഷം കൊണ്ടും മറ്റ് സംസ്ഥാനങ്ങളില്‍ ആറുമുതല്‍ ഒമ്പത് വര്‍ഷം വരെയും കാലതാമസം വരാറുണ്ട്.

d മെത്തേഡ്

പഠനത്തില്‍ മുന്നേറാനും ലക്ഷ്യത്തിലെത്തിച്ചേരാനും ഡി മെത്തേഡ് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് ഏറെ ഗുണം ചെയ്യും. ഡിസയര്‍,
1. ഡിസയര്‍ (ആഗ്രഹം)
ഞാനത് നേടും ഒന്നാമതാവും എന്ന അദമ്യമായ ആഗ്രഹമാണ് എല്ലാത്തിലുമാദ്യം വേണ്ടത്. ഈ ആഗ്രഹമാണ് സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ നമ്മെ പ്രാപ്തമാക്കുന്നത്
2. ഡയറക്ഷന്‍: ലക്ഷ്യത്തിലെത്താന്‍ എന്തെല്ലാം വേണമെന്ന് തിരിച്ചറിവുണ്ടാവണം. അതിലേക്കാവശ്യമായ പുസ്തകങ്ങള്‍, സമയക്രമീകരണം, പഠന സമയത്ത് നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ ഇതെല്ലാം തിരിച്ചറിയാന്‍ കഴിയണം. കോച്ചിംഗ് സെന്ററില്‍ രണ്ടോ മൂന്നോ പേരെ കണ്ട് സംസാരിച്ചാല്‍ പരീക്ഷക്ക് അത് മതിയാവും എന്ന ധാരണ തെറ്റാണ്. കോച്ചിംഗ് സെന്ററില്‍ പോവാതെ പോലും ജയിക്കുന്നവരെ കാണാം. വീട്ടിലിരുന്നാല്‍ ആരും ഇതൊന്നും എത്തിച്ചു തരില്ല. അതിനായി യാത്ര ചെയ്യണം, അന്വേഷിക്കണം, ആരായണം, കണ്ടെത്തണം.
3. ഡെഡിക്കേഷന്‍: ഡി മെത്തേഡില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമര്‍പ്പണം. ഏത് കാര്യമാവട്ടേ നമ്മള്‍ നമ്മെ തന്നെ മാനസികവും ശാരീരികവുമായ സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്. ഈ യാത്രയില്‍ നിങ്ങള്‍ വ്യക്തിപരമായ പലതും ത്യജിക്കേണ്ടിവരും. ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയുള്ള യാത്രയില്‍ കല്യാണം, മറ്റ് ഇവന്റ്സുകള്‍ തുടങ്ങിയവയെല്ലാം മാറ്റിവെക്കേണ്ടിവരും.
4. ഡിസിപ്ലിന്‍: നിങ്ങള്‍ ഏത് ലക്ഷ്യത്തിന് വേണ്ടിയാണോ ശ്രമിക്കുന്നത് അതിന് വേണ്ടിയുള്ള അച്ചടക്കം പ്രധാനമാണ്. പുതിയ കാലത്ത് ഏതൊരു നേട്ടം സാധ്യമാക്കാനും സെല്‍ഫ് ഡിസിപ്ലിന്‍ നിര്‍ബന്ധമാണ്. നേരത്തേ ഉറങ്ങാനും നേരത്തേ ഉണരാനും കഴിയണം. എല്ലാ ദിവസവും പുതിയ അനുഭവമാക്കി മാറ്റണം. എത്രമാത്രം ആരെങ്കിലും നിരുത്സാഹപ്പെടുത്തിയാലും അതിനെ മറികടക്കാന്‍ സ്വയം ശീലിച്ചെടുത്ത അച്ചടക്കം സഹായകരമാവും.

നാഗാലാന്‍ഡ് വര്‍ത്തമാനം.

ആശങ്കകളോടെയാണ് നാഗാലാന്റിലേക്ക് ജോലിക്കായി പോയത്. ഐ.എ.എസ് പരിശീലനത്തിന്റെ ഭാഗമായുള്ള ഭാരത് ദര്‍ശന്‍ യാത്രയിലാണ് തന്റെ കേഡര്‍ നാഗാലാന്റിലാണെന്ന് അറിയുന്നത്. അതുവരെ നാഗാലാന്റിനെക്കുറിച്ച് ഭീതിപ്പെടുത്തുന്ന കേട്ടുകേള്‍വി മാത്രമായിരുന്നു മനസ്സില്‍. നിരവധി ഗോത്രങ്ങളും ഉപഗോത്രങ്ങളും പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും നിറഞ്ഞ അതിസങ്കീര്‍ണവും നിഗൂഢവുമായ ഒരു സംസ്ഥാനമാണ് നാഗാലാന്റ്. ഗ്രാമങ്ങളുടെ നാട്. നാഗകള്‍ പരസ്പരം കണ്ടാല്‍ ആദ്യം ചോദിക്കുന്നത് ഗ്രാമത്തെക്കുറിച്ചാണ്. ഓരോ ഗ്രാമങ്ങളും ഓരോ കോട്ടകള്‍ പോലെയാണ്. വില്ലേജിന് ഒരു തലവനുണ്ടാവും. 1978ല്‍ ഗ്രാമ നിയമങ്ങളും പാരമ്പര്യ വിശ്വാസങ്ങളും അംഗീകരിച്ച് നാഗാലാന്റ് സര്‍ക്കാര്‍ നാഗാ വില്ലേജ് കൗണ്‍സില്‍ കൊണ്ടുവന്നു. ഓരോ ഗ്രാമങ്ങളും വില്ലേജ് കൗണ്‍സിലിന്റെ കീഴിലാണ്.
ഉറക്കിലും ഉണര്‍വ്വിലും സാമൂഹ്യജീവിതം പിന്തുടരുന്നവരാണ് നാഗാലാന്റുകാര്‍. ഓര്‍ഫനേജ് ജീവിതം പോലെയാണ് ഓരോ ഗ്രാമജീവിതങ്ങളും. ഭൂമിക്ക് രജിസ്ട്രേഷനോ ആധാരമോ ആവശ്യമില്ലാത്ത വിധം അവര്‍ പരസ്പരം വിശ്വസിക്കുന്നു. രേഖകളൊക്കെ മനുഷ്യരുടെ മനസ്സിലാണ്. മ്യാന്‍മറിന്റെ അതിര്‍ത്തി പങ്കിടുന്ന രണ്ട് പിന്നാക്ക ജില്ലകളിലും നാഗാലാന്റിന്റെ തലസ്ഥാന നഗരിയിലും കലക്ടറായി ജോലി നോക്കിയിട്ടുണ്ട്.

webdesk11: