X

വിവാദം കത്തുന്നു; താജ്മഹലിലേക്ക് യോഗി ആദിത്യനാഥ്

ലക്‌നൗ: താജ്മഹലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സ്ന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുകയെന്നാണ് അറിയിപ്പ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യോഗിയുടെ താജ്മഹല്‍ സന്ദര്‍ശനം പ്രഖ്യാപിച്ചത്.

എന്നാല്‍ സംഗീത് സോമിന്റെ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലുള്ള യോഗിയുടെ സന്ദര്‍ശനം മുഖം മിനുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം സാധ്യതകളെ കുറിച്ചറിയാനാണ് സന്ദര്‍ശനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

യു.പിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത് സോമിന്റെ വിവാദ പരാമര്‍ശം എത്തിയത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് സംഗീത് സോം പറഞ്ഞിരുന്നു. താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ ഇല്ലാതാക്കുമെന്നുമായിരുന്നു സംഗീത് സോമിന്റെ പരാമര്‍ശം.

chandrika: