X
    Categories: CultureNews

താജ്മഹലിനരികിലെ മുഗൾ മ്യൂസിയത്തിന്റെയും പേര് മാറ്റി യോഗി ആദിത്യനാഥ്

ആഗ്രയിൽ താജ്മഹലിനു സമീപം നിർമിക്കുന്ന മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ പേരിലാണ് മ്യൂസിയം ഇനി അറിയപ്പെടുകയെന്നും മുഗളന്മാരെ അംഗീകരിക്കുന്ന ഒന്നിനെയും തന്റെ സർക്കാർ അംഗീകരിക്കില്ലെന്നും മ്യൂസിയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ വിളിച്ച യോഗത്തിൽ യോഗി പറഞ്ഞു.

‘എങ്ങനെയാണ് മുഗളന്മാർ നമ്മുടെ ഹീറോകളാവുക? കീഴടങ്ങൽ മനോഭാവമുള്ള ഒന്നിനെയും നമ്മുടെ സർക്കാർ അംഗീകരിക്കുകയില്ല.’ – യോഗി പറഞ്ഞു. അടിമത്തത്തിന്റെ ചിഹ്നങ്ങൾക്ക് ഉത്തർപ്രദേശിൽ സ്ഥാനമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

‘ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജിന്റെ പേരിലാണ് ഇനി അറിയപ്പെടുക. നിങ്ങളുടെ പുതിയ ഉത്തർപ്രദേശിൽ അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങൾക്ക് സ്ഥാനമില്ല. ശിവജി മഹാരാജ് ആണ് നമ്മുടെ ഹീറോ. ജയ് ഹിന്ദ്, ജയ് ഭാരത്!’ – എന്നാണ് ഹിന്ദിയിൽ യോഗി ട്വീറ്റ് ചെയ്തത്.

2015-ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാറാണ് താജ്മഹലിനരികിൽ ആറ് ഏക്കർ സ്ഥലത്ത് മുഗൾ മ്യൂസിയം നിർമിക്കാൻ അനുമതി നൽകിയത്. മുഗൾ സംസ്‌കാരം, കല, പെയിന്റിംഗുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, മുഗൾ കാലഘട്ടത്തിലെ ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ, മുഗൾ നൃത്തങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കും മ്യൂസിയം എന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. വിദേശത്തു നിന്നടക്കം ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മുഗൾ, മുസ്ലിം സംസ്‌കാരങ്ങളുടെ അടയാളമുള്ള നിരവധി പേരുകൾ ഇതുവരെ മാറ്റിയിരുന്നു. മുഗൾ സരായിനെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ എന്നും അലഹാബാദിനെ പ്രയാഗ് രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും യോഗി സർക്കാർ പേരുമാറ്റി. താജ്മഹൽ അടക്കം നിരവധി മുഗൾ ശേഷിപ്പുകളുള്ള ആഗ്രയുടെയും പേരുമാറ്റുമെന്ന് ബി.ജെ.പി എം.എൽ.എ ജഗൻഗാർഗ് പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: