X

മല കയറാനായി യുവതി പമ്പയില്‍; പൊലീസിനോട് സുരക്ഷ തേടി

 

ചാത്തന്നൂര്‍ സ്വദേശി മഞ്ജു ശബരിമല ദര്‍ശനത്തിന് പോകാന്‍ പമ്പയില്‍. പമ്പ പൊലീസ് സ്‌റ്റേഷനില്‍ എത്തി സുരക്ഷ ആവശ്യപ്പെട്ടു. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് മഞ്ജു. യുവതിയെന്ന തെറ്റിദ്ധാരണയില്‍, സന്നിധാനത്തെത്തിയ ഭക്തക്ക് നേരെ രാവിലെ പ്രതിഷേധം അരങ്ങേറിയിരുന്നു. 52 വയസ് പിന്നിട്ട സ്ത്രീ പൊലീസ് അകമ്പടിയോടെ ദര്‍ശനം നടത്തി മടങ്ങി. നാമം ജപം നടത്തിയവരും സുരക്ഷയൊരുക്കാനെത്തിയ പൊലി സുംഓടിയടുത്തതോടെ വിരണ്ടുപോയ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി ലത പൂര്‍വസ്ഥിതിയിലെത്താന്‍ സമയമെടുത്തു.

നല്ല വിശ്വാസികളായ യുവതികള്‍ ആചാരം പാലിച്ച് ശബരിമല ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം നിലപാട് വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകളെത്തിയാല്‍ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കൂടുതല്‍ യുവതികളെത്തുന്നുവെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ആരും വരാതിരുന്നതോടെ പമ്പയിലെ പ്രതിഷേധം അയഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു എന്ന യുവതി മല കയറാനായി എത്തിയത്.

ഇതിനിടെ, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. എ.എന്‍.രാധാകൃഷ്ണനും ജെ.ആര്‍. പത്മകുമാറും ഉള്‍പ്പെടെ പത്തുപേരാണ് അറസ്റ്റിലായത്. പൊലീസുമായി ബലപ്രയോഗം നടനന്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മല കയറി പതിനൊന്നരയോടെ വലിയ നടപ്പന്തലിന് സമീപമെത്തിയ ലതക്ക് നേരെ നാമ ജപവുമായി നിമിഷാര്‍ദ്ധം കൊണ്ട് നിരവധിപ്പേരാണ് പാഞ്ഞടുത്തത്. വിരണ്ടു പോയ സ്ത്രീ നടപ്പന്തലില്‍ നിന്ന് ചലിക്കാനാവാത്ത അവസ്ഥയിലെത്തി. സുരക്ഷയൊരുക്കേണ്ട പൊലീസ് സ്ഥലത്തെത്താന്‍ വൈകി. ആവശ്യമായ സന്നാഹം ഉണ്ടായിരുന്നു മില്ല. തനിക്ക്52 വയസ് കഴിഞ്ഞുവെന്നും മുന്‍പു് ശബരിമലയില്‍ വന്നിട്ടുണ്ട് എന്നും പറഞ്ഞതോടെ സമരക്കാരില്‍ ഒരുവിഭാഗം അയഞ്ഞു. മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

പതിനെട്ടാം പടിയിലേക്ക് നടക്കുമ്പോഴും പ്രതിഷേധക്കാര്‍ ഉച്ചത്തില്‍ നാമജപം തുടര്‍ന്നു. പൊലീസ് സുരക്ഷയൊരുക്കിയാണ് ദര്‍ശനമൊരുക്കിയത്. ദര്‍ശനത്തിന് ശേഷം മടക്കം. കുടുംബത്തോടൊപ്പമാണ് ലത ദര്‍ശനത്തിനെത്തിയത്.

chandrika: