X

സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം; എന്‍ഐഎ ഹര്‍ജിക്കെതിരെ സാകിര്‍ നായിക് കോടതിയില്‍

ക്വലാലംപൂര്‍: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ ഹര്‍ജി.

മുംബൈ പ്രത്യേക കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി അപേക്ഷ സമര്‍പ്പിച്ചത്. നായികിനെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ എന്‍ഐഎ ഹര്‍ജിക്കെതിരെ നായികും കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകളാണ് കണ്ടുക്കെട്ടാന്‍ എന്‍ഐഎ നീക്കം നടത്തുന്നത്. ദക്ഷിണ മുംബൈ കേന്ദ്രീകരിച്ചാണ് അഞ്ച് ഫ്‌ളാറ്റുകളുമുള്ളത്. എന്നാല്‍ ഒന്നു മാത്രമാണ് നായികിന് സ്വന്തമായുള്ളത്. മറീന ഹൈറ്റ്‌സിലും ജാസ്മിന്‍ അപ്പാര്‍ട്‌മെന്റ്‌സിലുമുളള മറ്റു നാല് ഫ്‌ളാറ്റുകളില്‍ പങ്കാളിത്തം മാത്രമാണ് നായിക്കിനുള്ളത്.

ക്രിമിനല്‍ നടപടിച്ചട്ടം 83 പ്രകാരമാണ് സ്വത്ത് കണ്ടക്കെട്ടാനുള്ള നീക്കം നടക്കുന്നത്. നായികിനെ പ്രഖ്യാപിത കുറ്റവാളിയായി മുംബൈ പ്രത്യേക കോടതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നിലവില്‍ മലേഷ്യയില്‍ കഴിയുന്ന സാകിര്‍ നായികിനെതിരെ ധാക്ക സംഭവവുമായി ബന്ധപ്പെടുത്തിയാണ് എന്‍ഐഎ നീക്കം ശക്തമാക്കിയത്. ധാക്ക സ്‌ഫോടനത്തില്‍ പിടിയിലായവര്‍ സാകിര്‍ നായികിന്റെ പ്രഭാഷണം സ്വാധീനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

ഇതേത്തുടര്‍ന്ന് 2016 ജൂലൈ ഒന്നിന് നായികിന് ഇന്ത്യ വിടേണ്ടി വന്നിരുന്നു. അദ്ദേഹത്തെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിന് ഇന്റര്‍പോള്‍ അടക്കമുള്ളവയുടെ സഹായസാധ്യതകളും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.

അതേസമയം തനിക്കെതിരായ ആരോപണം മോദി സര്‍ക്കാറിന്റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നാണ് നായിക് പറയുന്നത്.

chandrika: