X

ഗുജറാത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ കൊല; ബി.ജെ.പി നേതാവ് അറസ്റ്റില്‍

ഗുജറാത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജേത്‌വ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ എംപിയും ബിജെപി നേതാവുമായ ദിനു സോളങ്കിയെ അറസ്റ്റു ചെയ്തു. സോളങ്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതോടെ പ്രത്യേക സിബിഐ കോടതി മുന്‍പാകെ തിങ്കളാഴ്ച്ച സോളങ്കി പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. സാക്ഷികളായ എട്ട് പേരുടെ വിസ്താരം കഴിയുന്നത് വരെ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

കേസില്‍ സോളങ്കിയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 30ന് സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. സാക്ഷികളായ എട്ടുപേരുടെ വിസ്താരം കഴിയുന്നത് വരെ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. ഇയാളെ അഹമ്മദാബാദിലെ സബര്‍മതി ജയിലിലേക്ക് കൊണ്ടുപോയി.

2010 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് അമിത് ജേത്‌വ വെടിയേറ്റ് മരിച്ചത്. ആ സമയത്ത് ജുനഗഡില്‍ നിന്നുള്ള എംപിയായിരുന്നു സോളങ്കി. ഗിര്‍ വനത്തിലെ അനധികൃത ഖനനം പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ജാത്‌വേ കൊല്ലപ്പെട്ടത്. 2013ല്‍ സിബിഐ കേസ് ഏറ്റെടുത്തതോടെ സോളങ്കിയെ പ്രതിചേര്‍ക്കുകയായിരുന്നു. സാക്ഷികളെ ബിജെപി സ്വാധീനിക്കുന്നുവെന്ന് ആരോപണമുയരുകയും സാക്ഷികളില്‍ പലരും കൂറുമാറുകയും ചെയ്തപ്പോള്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു.

പിന്നീട് സി.ബി.ഐ കോടതിയില്‍ നടന്ന വിചാരണ നിര്‍ത്തിവെച്ച് പുനര്‍വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. സോളങ്കി വിചാരണയെ സ്വാധീനിക്കുന്നുണ്ടെന്ന കണ്ടത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേസിന്റെ വിസ്താരത്തിനിടയില്‍ സാക്ഷികളായി ഉണ്ടായിരുന്ന 195 പേരില്‍ 105 പേരും പ്രതിഭാഗത്തിനനുകൂലമായി കൂറുമാറിയതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.

chandrika: