ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടിയിലെ കലഹം അവസാനിക്കുന്നില്ല. 2012ല്‍ അഖിലേഷിന് പകരം സഹോദരന്‍ ശിവ്പാല്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കില്‍ താന്‍ പ്രധാനമന്ത്രിയായേനെ എന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് പറഞ്ഞു. ശിവ്പാലിനും അഖിലേഷിനുമിടയിലുള്ള തര്‍ക്കത്തില്‍ സമാധാനം ഉരുത്തിരിഞ്ഞതിനു പിന്നാലെയാണ് മകനെതിരെ രൂക്ഷമായ ഭാഷയില്‍ മുലായം പ്രതികരിച്ചത്.

അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത വില കൊടുക്കേണ്ടി വന്നെന്നും തന്റെ മകനായതു കൊണ്ടാണ് അഖിലേഷിനെ യു.പിയിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. അച്ഛനും മകനുമിടയില്‍ ഇനിയും പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട് എന്ന് തെളിയിക്കുന്നതാണ് മുലായത്തിന്റെ വാക്കുകള്‍. ലഖ്‌നോവിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയ ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അഞ്ചു സീറ്റു മാത്രമാണ് ലഭിച്ചത്. ശിവ്പാലായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ 30-35 സീറ്റെങ്കിലും ലഭിക്കുമായിരുന്നു. ശിവ്പാല്‍ യാദവിനെ പോലുള്ളവര്‍ പാര്‍ട്ടിക്ക് ഏറെ വേണ്ടപ്പെട്ടവരാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ശിവ്പാലിനെ നിയോഗിച്ചതില്‍ അഖിലേഷ് അസംപ്തൃപ്തനാണെങ്കില്‍, തന്റെ മകനായതു കൊണ്ടാണ് അദ്ദേഹത്തെ ജനം മുഖ്യമന്ത്രിയായി അംഗീകരിച്ചത് എന്ന് അഖിലേഷ് മനസ്സിലാക്കണം. താന്‍ അംഗീകരിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നില്ല. ഉന്നത തസ്തികയില്‍ ഇരിക്കുമ്പോള്‍ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ പഠിക്കണം. വിമര്‍ശനങ്ങളെ സഹിക്കാന്‍ പഠിക്കണം.

2012ലെ തെരഞ്ഞെടുപ്പിന് മുമ്പ് സൈക്കിള്‍ ഓടിക്കുകയല്ലാതെ അഖിലേഷ് എന്തു ചെയ്യുകയായിരുന്നു- അദ്ദേഹം ചോദിച്ചു. ശിവ്പാലുമൊന്നിച്ച് പാര്‍ട്ടി കെട്ടിപ്പടുത്തതിന്റെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. ‘ഞങ്ങള്‍ കുടിലുകളില്‍ ഉറങ്ങിയിട്ടുണ്ട്. ജയിലില്‍ പോയിട്ടുണ്ട്. ലാത്തിച്ചാര്‍ജ് അഭിമുഖീകരിച്ചിട്ടുണ്ട്. അന്നെല്ലാം നിങ്ങളെല്ലാം എവിടെയായിരുന്നു. ഈ ‘തമാശ’ തുടരാന്‍ ഞാന്‍ അനുവദിക്കില്ല’ – അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിഷേധം നടത്തിയ പാര്‍ട്ടി യുവവിഭാഗത്തിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ഇത് കുടുംബപ്രശ്‌നമാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. നേരത്തെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയതിനു പിന്നാലെ എടുത്തു മാറ്റിയ വകുപ്പുകള്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശിവ്പാലിന് അഖിലേഷ് തിരിച്ചുനല്‍കിയിരുന്നു. പദവിയില്‍ അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായി മുഖ്യമന്ത്രി ഇന്നലെ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യം വളര്‍ന്നതിനു പിന്നാലെ മുലായം നടത്തിയ ഇടപെടലാണ് പരിഹാരത്തിന് വഴിയൊരുക്കിയത്. സെപ്തംബര്‍ 13ന് നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രമുഖ വകുപ്പുകളില്‍ നിന്ന് ശിവ്പാലിനെ മാറ്റിയതോടെയാണ് എസ്.പിയില്‍ തര്‍ക്കം ഉടലെടുത്തത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി മുലായം ശിവ്പാലിനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ വകുപ്പില്‍ അഴിച്ചുപണി നടത്തിയത്. നേരത്തെ, അഖിലേഷായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍.