ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് 11ാം ദിവസവും അവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആസ്പത്രിയുടെ മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. ഇവരെ തൃപ്തിപ്പെടുത്തുന്ന വിവരം ആരും വെളിപ്പെടുത്തുന്നില്ല. ജയലളിതയുടെ ചിത്രം ഔദ്യോഗികമായി പുറത്തുവിടാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നു. ജയലളിത സുഖം പ്രാപിച്ച് വരുന്നതായും ചിത്രം പുറത്തുവിടേണ്ട സാഹചര്യമില്ലെന്നുമാണ് എ.ഐ.എഡി.എം.കെ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം വരുന്നില്ല. തമിഴ്‌നാട് ഗവര്‍ണര്‍ ആസ്പത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. സുഖം പ്രാപിച്ചുവരുന്നതായാണ് അദ്ദേഹം വ്യക്തമാക്കിയത്.