ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പൊതുമേഖലാ പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിസ്‌കൗണ്ട് പ്രാബല്യത്തില്‍ വന്നു. ഇന്നലെ അര്‍ധരാത്രി മുതലാണ് നടപടി പ്രാബല്യത്തിലായതെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 0.75 ശതമാനമാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പില്‍ പണം നല്‍കുമ്പോള്‍ യഥാര്‍ത്ഥ വില തന്നെ നല്‍കേണ്ടിവരും.

ഡിസ്‌കൗണ്ട് തുക മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബാങ്കുകളുടെ ഈ വാലറ്റ് സംവിധാനം ഉപയോഗിച്ചാണ് പമ്പുകളില്‍നിന്ന് ഡിജിറ്റല്‍ പണമിടപാട് വഴി ഇന്ധനം നിറക്കാന്‍ സൗകര്യം ഒരുക്കുന്നത്. 1000, 500 രൂപ കറന്‍സികള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ ഇതിനെ മറികടക്കാനാണ് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പി്ക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയത്.