ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും തുടര്‍ച്ചയായ മൂന്നാം ദിവസവും ബഹളം. പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ഉലഞ്ഞ സഭകള്‍ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

ലോക്‌സഭ ആരംഭിച്ചതു തന്നെ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തോടെയായിരുന്നു. ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചയ്ക്ക് 12 വരെ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടര്‍ന്നു. സഭ നടത്തിക്കൊണ്ടു പോകാനുള്ള സ്പീക്കര്‍ സുമിത്രാ മഹാജന്റെ ശ്രമം ബഹളത്തില്‍ മുങ്ങിപ്പോയി. സഭാ നടപടിക്രമങ്ങള്‍ നിര്‍ത്തിവെച്ച് നോട്ടു പിന്‍വലിക്കല്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. ബഹളം തുടര്‍ന്നതോടെ പന്ത്രണ്ടരയോടെ ലോക്‌സഭ തിങ്കളാഴ്ചത്തേക്ക് പിരിയുകയായിരുന്നു.

രാജ്യസഭയിലും സമാന സംഭവങ്ങള്‍ തന്നെയാണ് അരങ്ങേറിയത്. ബാങ്കുകള്‍ക്കു മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരെ ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് അവര്‍ നടുത്തളത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍ താനല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മാപ്പു പറയേണ്ടത് എന്നായിരുന്നു ആസാദിന്റെ നിലപാട്. മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ബി.ജെ.പിക്കു വേണ്ടി സഭയില്‍ സംസാരിച്ചത്. ഇരുവിഭാഗവും ബഹളം തുടര്‍ന്നതോടെ ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്‍ സഭ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതനായി. സഭ വീണ്ടും ചേര്‍ന്നെങ്കിലും ബഹളത്തിന് ശമനമുണ്ടായില്ല. ഇതോടെ തിങ്കളാഴ്ചത്തേക്ക് പിരിയുകയായിരുന്നു. നോട്ടു പിന്‍വലിച്ച നടപടിക്കെതിരെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധം നടത്തി.