Video Stories
ജനങ്ങളെ യാചകരാക്കിയ മോദി സര്‍ക്കാര്‍

ഉമ്മന്‍ചാണ്ടി
ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിട്ട് ആഴ്ച ഒന്ന് പിന്നിട്ടെങ്കിലും ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഭ്രാന്തിയും കൂടുകയാണ്. സാമ്പത്തിക മേഖല വിറങ്ങലിച്ചു നില്‍ക്കുന്നു. രാജ്യം നിശ്ചലമായി. ജനങ്ങള്‍ ആഹാരത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും പരക്കം പായുന്നു. യുദ്ധകാലങ്ങളില്‍പോലും രാജ്യം ഇങ്ങനെയൊരു ദുരിതത്തില്‍ക്കൂടി കടന്നുപോയിട്ടില്ല.
കള്ളപ്പണക്കാരെ തടയാനും കള്ളനോട്ട് നിര്‍വീര്യമാക്കാനുമൊക്കെയുള്ള ഏതു നടപടിയെയും പൂര്‍ണമായി അംഗീകരിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ നല്ല തീരുമാനം ഏറ്റവും മോശം രീതിയില്‍ നടപ്പാക്കിയാല്‍ അതിന് വിപരീതഫലമാണ് ഉണ്ടാകുക. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്ന് ഒരു കള്ളനോട്ടുകാരനോ, കരിഞ്ചന്തക്കാരനോ ക്യൂവില്‍ നില്‍ക്കുന്നത് ആരും കണ്ടിട്ടില്ല. തങ്ങള്‍ കഷ്ടപ്പെട്ടു സ്വരൂപിച്ച് ബാങ്കിലിട്ട പണത്തിനുവേണ്ടി സാധാരണക്കാരാണ് രാവിലെ മുതല്‍ രാത്രി വരെ പരക്കം പായുന്നത്. ബാങ്കിങ് എന്താണെന്നുപോലും അറിയാത്ത വലിയൊരു ജനവിഭാഗം വേറെയുണ്ട്. അലമാരയിലും പായക്കടിയിലും അരിപ്പാത്രത്തിലുമൊക്കെ പണം സൂക്ഷിക്കുന്നവരാണിവര്‍. ഏറ്റവും ശോചനീയാവസ്ഥ അവരുടേതാണ്.
ആത്മാഭിമാനത്തോടെ ജീവിച്ചവര്‍ പൊടുന്നനേ യാചകരായി മാറുന്നു. പൈസക്കുവേണ്ടി അവര്‍ പലരുടെയും മുന്നില്‍ കൈ നീട്ടുന്നു. തങ്ങളുടെ ഉറ്റവരെ സഹായിക്കാനാവാതെ പലരും കൈ മലര്‍ത്തുന്നു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. ചികിത്സ തേടാന്‍ കഴിയുന്നില്ല. കുട്ടികളുടെ ഫീസ് നല്‍കാനാവുന്നില്ല. യാത്ര ചെയ്യാന്‍ പറ്റുന്നില്ല. ഭൂമിയിടപാടുകള്‍ നടക്കുന്നില്ല. ഭൂമിയുടെ വില ഇടിയുന്നു. വിവാഹങ്ങള്‍ മുടങ്ങുന്നു. കടകള്‍ അടച്ചിടേണ്ട അവസ്ഥ. തോട്ട മേഖലയില്‍ പണികള്‍ നിലയ്ക്കുന്നു. അങ്ങനെ വലിയൊരു പ്രതിസന്ധിയുടെ മുകളിലാണ് ശരാശരി ഇന്ത്യക്കാരന്റെ ജീവിതം.
നോട്ടു പിന്‍വലിച്ച നടപടിയെ സര്‍ജിക്കല്‍ അറ്റാക്ക് എന്നാണു പലരും വിശേഷിപ്പിച്ചത്. വളരെ കൃത്യമായ ആസൂത്രണത്തോടെയും അതീവ സൂക്ഷ്മതയോടെയും നടത്തിയ നടപടി എന്ന് അര്‍ത്ഥം. എന്നാല്‍, മിനിമം മുന്‍കരുതല്‍ പോലും ഇല്ലാതെ എടുത്തുചാടി എടുത്ത നടപടിയാണിതെന്ന് ഓരോ ദിവസവും കൂടുതല്‍ വ്യക്തമാകുകയാണ്. രാജ്യത്തിന്റെ രക്തധമനിയാണു പണം. അതു തുടര്‍ച്ചയായി പമ്പു ചെയ്തുകൊണ്ടിരുന്നില്ലെങ്കില്‍ സ്തംഭനം നിശ്ചയം. രാജ്യത്തെ 133 കോടി ജനങ്ങള്‍ നിത്യവും കൈകാര്യം ചെയ്യുന്ന കറന്‍സി മൂല്യത്തിന്റെ 86% വരും 1000, 500 നോട്ടുകള്‍. അതു പെട്ടെന്നൊരു ദിവസം പിന്‍വലിച്ചപ്പോള്‍ ബദല്‍ ക്രമീകരണം ഉണ്ടായില്ല. അതോടെ രാജ്യത്തിന്റെ രക്തയോട്ടം നിലച്ചു.
പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരേ സ്വീകരിച്ച നടപടിക്ക് പിന്തുണയുമായി ജനങ്ങള്‍ ഒന്നടങ്കം അണിനിരന്നതാണ്. എന്നാല്‍, അതിലേക്കു രാഷ്ട്രീയം കുത്തിനിറക്കുകയും തികഞ്ഞ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ രോഷാകുലരാകുക സ്വഭാവികം. ചികിത്സക്കു പണം ലഭ്യമാക്കാത്തതിനാല്‍ പിഞ്ചു കുഞ്ഞു മരിച്ചതും ജനം റേഷന്‍ കട കൊള്ളയടിച്ചതും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. സംസ്ഥാന സര്‍ക്കാരുകളെല്ലാം എന്തു ചെയ്യണമെന്നറിയാതെ നിഷ്പ്രഭരും നിസ്സഹായരുമായി നില്‍ക്കുകയാണ്. ഇതിന് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോടു മറുപടി പറഞ്ഞേ തീരു.
നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നതുവരെ അതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതു തന്നെ. എന്നാല്‍ അതു ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നു വ്യക്തമായപ്പോള്‍, എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുത്തില്ല? തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗം വിളിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യം മനസിലാക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും സാധിക്കുമായിരുന്നു. സംസ്ഥാനങ്ങളുടെ പൂര്‍ണ പിന്തുണയോടെ ജനങ്ങളുടെ ദുരിതം പരമാവധി കുറക്കാനാകുമായിരുന്നു.
1977ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി 1000 രൂപ നോട്ട് പിന്‍വലിച്ചിരുന്നു. ആയിരം രൂപ നോട്ട് അന്നു സാധാരണക്കാരുടെ കൈകളില്‍ ഇല്ലായിരുന്നു. പ്രചാരത്തിലിരുന്ന കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 1000 രൂപ നോട്ട് വളരെ ചെറിയ ശതമാനം മാത്രമായിരുന്നു. അതുകൊണ്ട് ഈ തീരുമാനം ഇന്നത്തേതുപോലുള്ള വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഇന്ന് മൊത്തം കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 1000, 500 രൂപ നോട്ടിന്റെ വിഹിതം 86% വരുമെന്നു കേന്ദ്ര സര്‍ക്കാരിന് അറിയാമെന്നിരിക്കെ, എന്തുകൊണ്ട് ആവശ്യത്തിനു 100 രൂപ നോട്ടുകള്‍ ലഭ്യമാക്കിയില്ല?
2000 രൂപയുടെ നോട്ടുകള്‍ വളരെ നേരത്തേ തന്നെ പ്ലാന്‍ ചെയ്ത് അച്ചടിച്ചെങ്കിലും എന്തുകൊണ്ട് അവ എ.ടി.എമ്മിലൂടെ വിതരണം ചെയ്യാനുള്ള ക്രമീകരണം ഉണ്ടാക്കിയില്ല. രാജ്യത്തെ 2,00,1861 എ.ടി.എമ്മുകളില്‍ 2000 രൂപ നോട്ട് ക്രമീകരിക്കാന്‍ ഇനിയുമേറെ സമയം വേണ്ടി വരും. ഓരോ എ.ടി.എമ്മിലും എന്‍ജിനീയര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘം എത്തിവേണം ഇതു പുന:ക്രമീകരിക്കാന്‍. പുതിയ 500 രൂപ നോട്ട് അച്ചടിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതു സമയത്തു പ്രചാരത്തില്‍ വന്നില്ല.
ഈ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ ഒഴിവാക്കിക്കൊണ്ടു തന്നെ അതു നടപ്പാക്കാമായിരുന്നു. പക്ഷേ, രാഷ്രീയ തിമിരം ബാധിച്ചാല്‍ എന്തു ചെയ്യാം? സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കു ലഭിക്കാനാണ് ബാക്കി എല്ലാവരേയും കാഴ്ചക്കാരാക്കി യാതൊരുവിധ തയാറെടുപ്പും ഇല്ലാതെ ഇത്രയും വലിയൊരു തീരുമാനം നടപ്പാക്കിയത്.
നോട്ടു പിന്‍വലിക്കാനുള്ള തീരുമാനം എടുത്ത മന്ത്രിസഭായോഗത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ മാത്രം മതി ഇതിനുള്ള തെളിവിന്. അന്നത്തെ മന്ത്രിസഭാ യോഗത്തിലേക്ക് മന്ത്രിമാര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരരുതെന്നു നിര്‍ദേശിക്കപ്പെട്ടു. തീരുമാനം എടുത്തശേഷം പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണാന്‍ പോയി. തിരിച്ചുവരുന്നതുവരെ കാത്തിരിക്കാന്‍ അദ്ദേഹം സഹമന്ത്രിമാരോട് ആവശ്യപ്പെട്ടു. രാഷ്ട്രത്തെ ടെലിവിഷനില്‍ അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹം മന്ത്രിസഭായോഗത്തില്‍ തിരിച്ചെത്തിയത്. സ്വന്തം സഹപ്രവര്‍ത്തകരെയോ സംസ്ഥാനങ്ങളെയോ വിശ്വാസത്തിലെടുക്കാതെ പ്രവര്‍ത്തിക്കുന്നതിന്റെ ദുരന്തങ്ങളാണ് ഇപ്പോള്‍ നാലുപാടും ഉയരുന്നത്.
പണമില്ലാതെ അമ്പതു ദിവസംകൂടി കാത്തിരിക്കണമെന്നാണു പ്രധാനമന്ത്രി പറയുന്നത്. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ പോലും നടക്കാത്ത കാര്യമാണിത്. അമ്പതു ദിവസത്തേക്കു കൂടിയുള്ള സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രഖ്യാപനമാണത്. അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം പ്രധാനമന്ത്രി മനസിലാക്കിയിട്ടുണ്ടോ എന്നു സംശയുമുണ്ട്. 133 കോടി ജനങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടു നടത്തുന്നവര്‍ പത്തോ പതിനഞ്ചോ ശതമാനേ വരൂ. ബാക്കിയുള്ളവര്‍ പണമില്ലാതെ രണ്ടു മാസത്തോളം തള്ളിനീക്കണമെന്നു പറയുന്നതിന്റെ ഗൗരവം പ്രധാനമന്ത്രി ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പരിഗണനക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
1) സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും എടുക്കണം. 2) സഹകരണ മേഖലയെ ഫലപ്രദമായി ഉപയോഗിച്ച് ഈ പ്രതിസന്ധിയെ എങ്ങനെ ലഘൂകരിക്കാമെന്നു കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ആലോചിക്കണം. 3) ആരോഗ്യസേവനം, ഭക്ഷ്യവസ്തുക്കള്‍ എന്നീ മേഖലകളില്‍ സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ എങ്ങനെ ലഘൂകരിക്കാമെന്ന് അടിയന്തരമായി കണ്ടെത്തണം. 4) കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ശബരിമലയിലേക്കുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെയിരിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വീകരിക്കണം. 5) പ്രതിസന്ധി അയയുംവരെ വിദ്യാഭ്യാസ ഫീസ് അടയ്ക്കുന്നതിനു സാവകാശം നല്‍കണം. 6) സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും 100, 50, 20, 10 രൂപ നോട്ടുകളും പുതിയ 500, 2000 രൂപ നോട്ടുകളും ലഭ്യമാക്കണം. യുദ്ധകാലാടിസ്ഥാനത്തിലായിരിക്കണം ഇതിന്റെ പ്രവര്‍ത്തനം. 7) കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളിലേക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ജനങ്ങള്‍ അടക്കേണ്ട 10,000 വരെയുള്ള തുകക്ക്് കാലതാമസം അനുവദിച്ചു നല്‍കുക. 8) സാമൂഹിക പെന്‍ഷനും സര്‍ക്കാര്‍ പെന്‍ഷനും മുടക്കം കൂടാതെ നല്‍കാന്‍ നടപടി എടുക്കുക.
സംസ്ഥാനങ്ങളുടെ പൂര്‍ണ സഹകരണത്തോടും ജനങ്ങളുടെ പങ്കാളിത്തത്തോടും കൂടി പുതിയ തീരുമാനം നടപ്പിലാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കള്ളപ്പണത്തേക്കാള്‍ വലിയ വിപത്തായിരിക്കും രാജ്യത്തെ കാത്തിരിക്കുന്നത്. സാമ്പത്തിക അരാജകത്വത്തിലേക്ക് രാജ്യത്തെ തള്ളിവിടരുത്.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
Film
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൻ്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ് വി, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലിം, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലിം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.
News
ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി
ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.
ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.
ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala2 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
GULF2 days ago
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
-
Cricket2 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു