X

പശുരാഷ്ട്രീയ ഭീകരവാദികളെ വിചാരണ ചെയ്യുന്ന ‘ഫൂക്ക’

അബ്ദുല്ല അഞ്ചച്ചവിടി
‘ധീരതയെന്നത് ഭയം ഇല്ലാതിരിക്കൽ മാത്രമല്ല. ഭയത്തിന്റെ പ്രതിരോധമാണ്. ഭയത്തെ മറികടക്കലാണ്.’- മാർക്ട്വയിൻ.
‘നിലീനയുടെ അച്ഛൻ രണ്ടു കാളകളും മൂന്നു പശുക്കളും കൈവശമുള്ള കർഷകനായിരുന്നു. സ്വന്തം കാളകളെ ഉപയോഗിച്ച് അയാൾ തന്റെ കൃഷിയിടങ്ങൾ ഉഴുതു മറിച്ചു. ഭാര്യ മരിച്ചതോടെ മകളുടെ ഭാവിക്കുവേണ്ടിയാണ് അയാൾ അധ്വാനിച്ചത്. പശുക്കളിൽ ഒന്നിന് ഒരിക്കൽ ദീനം പിടിപെട്ടു. ഗ്രാമത്തിൽ തന്നെയുള്ള മൃഗാശുപത്രിയിലേക്ക് പശുവുമായി പോകുമ്പോൾ അയാൾ ആക്രമിക്കപ്പെട്ടു. ദീനം പിടിച്ച് അവശയായ പശുവിനെ അറവുകാർക്ക് വിൽക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വൃദ്ധനായ ആ മനുഷ്യനെ അക്രമികൾ പൊതിരെ തല്ലി. ഓരോ അടിയേൽക്കുമ്പോഴും അയാൾ മകളെ വിളിച്ച് കരഞ്ഞു. അരുതേ അരുതേ എന്ന് കെഞ്ചി. ശരീരം മുഴുവൻ മുറിവുകളുമായി അയാൾ മണ്ണിൽ ഇഴഞ്ഞു. അരിശം തീരാത്ത ജനക്കൂട്ടം അയാളുടെ തല പൊട്ടും വരെ അടിച്ചു. മരിച്ചു എന്ന് ഉറപ്പാക്കിയാണ് അവർ മടങ്ങിയത്. നിലീന അനാഥയായി. മുറിവേറ്റ് മരിച്ചുകിടക്കുന്ന അച്ഛന്റെ ശരീരം കൈകളിലെടുത്ത് അവൾ നിലവിളിച്ചു. അവളുടെ നിലവിളിമുദ്രാവാക്യങ്ങളായിരുന്നു.
‘ ജയ് ഭീം ജയ് ഭീം
ജയ് ജയ് ജയ് ജയ് ജയ് ഭീം.’
അച്ഛന്റെ രക്തത്തിൽ കുളിച്ചു അവൾ വിളിച്ചു.
‘ലാലേലാൽ ലാലേലാൽ
ലാലേലാൽ ലാലേലാൽ ലാലേലാൽ
ലാൽസലാം ലാൽസലാം ലാൽസലാം. ‘
മുഫീദ സഹോദരൻ റാഷിദിന്റെ കഥ പറഞ്ഞു.
‘അതൊരു നോമ്പു കാലമായിരുന്നു. ഇതേ ട്രെയിനിലാണ് അവർ കയറിയത്. എന്റെ രണ്ടു സഹോദരങ്ങൾ. ഹിശാമും റാഷിദും. ഒട്ടധികം ആഹ്ലാദത്തോടെ പെരുന്നാളിന് ഉടുപ്പുകൾ വാങ്ങാൻ ബസാറിൽ പോയതായിരുന്നു അവർ. നോമ്പു തുറക്കാൻ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഒരുക്കി ഞാനും ഉമ്മയും കാത്തിരുന്നു. എന്നാൽ നോമ്പു തുറക്കേണ്ട സമയം കഴിഞ്ഞിട്ടും അവർ എത്തിയില്ല.
ട്രെയിനിൽ നല്ല തിരക്കായിരുന്നു. കൂട്ടുകാരായ രണ്ടു പേരും അവർക്കൊപ്പമുണ്ടായിരുന്നു. ഒരുസംഘം ആളുകൾ വന്ന് ഹാഷിമിനോടും റാഷിദിനോടും ഇരുന്ന സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പറഞ്ഞു. അവർ എഴുന്നേൽക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ അസഭ്യം പറയാൻ തുടങ്ങി.
‘ഇത് ഞങ്ങൾക്കുള്ള ഇരിപ്പിടമാണ്. നിങ്ങൾ ഇരിക്കണമെങ്കിൽ പാക്കിസ്ഥാനിൽ പൊയ്‌ക്കൊള്ളൂ. ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണ്.’ അവരിൽ ഒരാൾ പറഞ്ഞു.
‘ഞങ്ങളും ഇന്ത്യക്കാരാണ്.’ റാഷിദ് അവർക്ക് മറുപടി കൊടുത്തു. ‘ആ മുല്ലയുടെ അഹങ്കാരം കണ്ടോ….’ ഒരാൾ അലറി. ‘ എടാ പശുവിറച്ചി തിന്നുന്നവനേ…. ജീവൻ വേണമെങ്കിൽ എഴുന്നേൽക്കേടാ’- സീറ്റിനു വേണ്ടി വഴക്കിട്ട ഒരാൾ വീണ്ടും നേരെ വന്നു. ‘കൊല്ലവനെ, കൊല്ല്.’ ‘മറ്റൊരാൾ ആവേശം പകർന്നു. അവർ തമ്മിൽ വഴക്ക് മൂത്തു. പൊടുന്നനെ തിരക്കിനിടയിൽ റാഷിദിന്റെ നിലവിളി കേട്ടു. അവന് കുത്തേറ്റിരുന്നു…
പശു രാഷ്ട്രീയം കുത്തി മലർത്തിയ പാവം മനുഷ്യർക്ക് സമർപ്പിക്കപ്പെട്ട, പശുരാഷ്ട്രീയം പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായ ‘ഫൂക്ക’യിലെ രണ്ടു കഥാ സന്ദർഭങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. ഷെരീഫ് സാഗറിന് എഴുത്ത് കുട്ടിക്കളിയോ നേരമ്പോക്കോ അല്ലെന്ന് ഈ നോവൽ വെളിപ്പെടുത്തുന്നു. കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ, ഗൗരവപൂർവം കണക്കിലെടുത്ത് നിർവ്വഹിക്കേണ്ട ധർമ്മമാണ് എഴുത്ത്. സമരമാണ്, കലഹമാണ്. അനീതിയോടുള്ള യുദ്ധപ്രഖ്യാപനമാണ്. മഹാമാരി പോലെ അക്രമവും അനീതിയും അരങ്ങു വാഴുമ്പോൾ, കേവലം വിനോദോപാധിയായി സർഗാത്മകതയെ കാണാതെ കണ്മുന്നിലെ അക്രമങ്ങൾക്കെതിരെ അത്യുച്ചത്തിൽ കലഹിച്ചു കൊണ്ടിരിക്കുന്നു ഈ എഴുത്തുകാരൻ. പരുഷവും പറയാൻ പലരും മടി കാണിക്കുന്നതുമായ വാക്കുകളെ രചനയിൽ സ്വാഗതം ചെയ്തുകൊണ്ട് കാൽപനിക മിഥ്യകളെ തകർക്കുന്ന രീതി ഫൂക്കയെ വേറിട്ടുനിർത്തുന്നു.
ഫൂക്ക വെറുതെ ഉണ്ടായതല്ല. അനിവാര്യതയുടെ സൃഷ്ടിയാണ്. ബാബരി മസ്ജിദിനെ രാമ ജന്മഭൂമിയാക്കിയും, തർക്കമന്ദിരമാക്കിയും ചരിത്ര വക്രീകരണം നടത്തിയ ‘ഹിന്ദുത്വ ഫാസിസത്തെ’വിചാരണ ചെയ്യുന്ന എൻ.എസ് മാധവന്റെ ‘തിരുത്തു’പോലെ. അക്രമണോത്സുകതയിലേക്ക് അധഃപതിച്ച അതേ ഇരുട്ടിന്റെ ശക്തികളെ, പശുരാഷ്ട്രീയ ഭീകരവാദികളെ ഉളിപോലെ പേനമുറുക്കിപ്പിടിച്ച് ഷെരീഫ് വിചാരണ ചെയ്യുന്നു.
‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ എന്ന് ഇന്ത്യൻ അവസ്ഥയെ ചൂണ്ടിപ്പറയുമ്പോഴും ആ ചോരയിൽ നിന്ന് ആയിരമായിരം സമരോത്സുകരെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന മാന്ത്രികതയാണ് ഫൂക്കയെ മഹത്തായ രാഷ്ട്രീയ പ്രവർത്തനമാക്കുന്നത്.’ കെ.പി രാമനുണ്ണിയുടെ ഈ വാക്കുകൾ പൊള്ളയല്ലെന്ന് വായനക്കാർക്ക് ഉറപ്പിക്കാം. ഈ കഥയിൽ തികച്ചും യാദൃശ്ചിമായി യാഥാർഥ്യങ്ങളുടെ അംശങ്ങൾ കടന്നു വന്നേക്കാം. ആ യാഥാർഥ്യങ്ങൾ തുടർക്കഥയാവുന്ന സാമൂഹിക പരിസരമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഈ യാത്ര അവസാനിക്കുന്നില്ല. ‘എന്നു ഷെരീഫ് സാഗർ പറയുന്നുണ്ട്.
‘ഗുണമുള്ള പുസ്തകം അവസാനമില്ലാത്തതു തന്നെ’ -ഈ ആപ്തവാക്യം ഇവിടെ യാഥാർഥ്യമാവുന്നു.
ഫൂക്ക
(നോവൽ)
പ്രസാധകർ:
ഗ്രീൻ പെപ്പർ പബ്ലിക്ക, തിരുവനന്തപുരം
വില: 140

Test User: