X

ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം അനിവാര്യം;മുസ്ലിംലീഗ്

ഡല്‍ഹിയിലെ ആവര്‍ത്തിക്കുന്ന ബുള്‍ഡോസര്‍ രാജ് നീക്കം ബി.ജെ.പിയുടെ ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് പ്രവര്‍ത്തക സമിതി യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. ഷഹീന്‍ബാഗില്‍ അതിക്രമം ചെറുത്തുനിന്നവരെ യോഗം അഭിനന്ദിച്ചു. മനുഷ്യരില്‍ ഭീതി ജനിപ്പിക്കുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. വംശഹത്യയില്‍ മനംനൊന്ത് ദയാവധത്തിന് അനുമതി തേടിയ ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളുടെ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. മഹാത്മാ ഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തറിലെ ഗോസബറില്‍നിന്നാണ് ഈ റിപ്പോര്‍ട്ട്.

ഇവിടെയുള്ള മുസ്‌ലിം സമുദായത്തില്‍പെട്ട അറുന്നൂറോളം മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാറും അധികൃതരും വര്‍ഷങ്ങളായി കടലില്‍ ഇറങ്ങുന്നത് തടയുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിത സൗകര്യവും തൊഴില്‍ സ്വാതന്ത്ര്യവും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജനദ്രോഹ സര്‍ക്കാറിനെതിരെ തൃക്കാക്കര വിധിയെഴുതും: മുസ്ലിംലീഗ്

മലപ്പുറം: ജനദ്രോഹ സര്‍ക്കാറിനെതിരായ വിധിയെഴുത്തായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി. കെ റെയിലിന്റെ പേരിലുള്ള ഭരണകൂട വേട്ടക്ക് ജനം മറുപടി നല്‍കും. വര്‍ഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാനുള്ള എല്‍.ഡി.എഫിന്റെ അവസരവാദനയത്തിന് തൃക്കാക്കരയിലെ ജനം അന്ത്യം കുറിക്കുമെന്നും യോഗം വിലയിരുത്തി. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതാക്കള്‍ സജീവമായി രംഗത്തിറങ്ങും. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല നല്‍കി.

ദേശീയ വിദ്യാഭ്യാസ നയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം

ദേശീയ വിദ്യാഭ്യാസ നയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യണമെന്നും നിരക്ഷരരും പാമരരുമായ ഇന്ത്യന്‍ ജനകോടികളെ പൊതുധാരയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും യോഗം വിലയിരുത്തി. എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ കാമ്പയിന്റെ പുരോഗതി യോഗം വിലയിരുത്തി.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കാമ്പയിന്‍ ശക്തിപ്പെടുത്തും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ പര്യടനങ്ങള്‍ ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഉന്നതാധികാര സമിതി അംഗങ്ങളായ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹീം കുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, സി.പി ബാവ ഹാജി, കെ.ഇ അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബീമാപള്ളി റഷീദ്, പി.എം സാദിഖലി, സി.പി ചെറിയമുഹമ്മദ്, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി, അഡ്വ. യു.എ ലത്തീഫ്, നജീബ് കാന്തപുരം, എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍, മറ്റു പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Chandrika Web: