X

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തില്‍ യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയില്‍. അറസ്റ്റ് ചെയ്യേണ്ട ക്രിമിനല്‍ കേസുകള്‍ നിലവിലില്ലെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയെ പൊലീസ് അറിയിച്ചു. യദു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കാണ് പൊലീസ് മറുപടി നല്‍കിയത്. തനിക്കെതിരെ മലയിന്‍കീഴ് പൊലീസ് കള്ളക്കേസുകളെടുക്കുന്നു എന്നായിരുന്നു യദുവിന്റെ ആരോപണം. ആരോപണത്തില്‍ പറയുന്ന കേസുകള്‍ നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മേയര്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. ഡ്രൈവര്‍ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നല്‍കിയത്. കഴിഞ്ഞ മാസം 27നാണ് മേയര്‍-ഡ്രൈവര്‍ തര്‍ക്കം ആരംഭിക്കുന്നത്.

സംഭവം നടന്ന് ഒരു മാസത്തോട് അടുക്കുമ്പോഴും തെളിവുകള്‍ ഇല്ലാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കേസിലെ നിര്‍ണായക തെളിവായ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല. ഇത് അന്വേഷണത്തിന് വെല്ലുവിളിയാണ്.

 

webdesk13: