X

യു.എന്നില്‍ ഇസ്രാഈലിന് വമ്പന്‍ തിരിച്ചടി

യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന്‍ മണ്ണിലെ ഇസ്രാഈല്‍ അധിനിവേശം പൂര്‍ണമായും അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതി അംഗീകരിച്ചു. അമേരിക്കയുടെ സഹായത്തോടെ 14 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. വോട്ടെടുപ്പില്‍നിന്ന് യു.എസ് വിട്ടുനിന്നു. എതിര്‍ത്തു വോട്ടുചെയ്യാന്‍ ഒരാള്‍ പോലുമുണ്ടായില്ല.

അമേരിക്കയുടെ അസാധാരണ ചുവടുമാറ്റമാണ് പ്രമേയം അംഗീരിക്കാന്‍ കാരണമായത്. ഫലസ്തീന്‍ അനുകൂല പ്രമേയങ്ങളെ മുഴുവന്‍ വീറ്റോ പ്രയോഗിച്ച് പരാജയപ്പെടുത്തിയിരുന്ന യു.എസ് ഇത്തവണ ഇസ്രാഈലിനെ സഹായിച്ചില്ല. യു.എന്‍ രക്ഷാസമിതിയില്‍ ഇസ്രാഈലിനെ ചിറകിലൊതുക്കി സംരക്ഷിച്ചുപോന്നിരുന്ന അമേരിക്ക ഇത്തവണ ഫലസ്തീന്‍ അനുകൂല നിലപാടാണ് രക്ഷാസമിതിയില്‍ സ്വീകരിച്ചത്.

പ്രമേയം വീറ്റോ ചെയ്യണമെന്ന ഇസ്രാഈലിന്റെ അഭ്യര്‍ത്ഥന യു.എസ് പ്രസിഡന്റ് ബറാക് ഒബാമ തള്ളുകയായിരുന്നു. വൈറ്റ്ഹൗസില്‍നിന്ന് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന അനധികൃത ജൂതകുടിയേറ്റത്തിന് കനത്ത അടിയാണ് ഒബാമ നല്‍കിയിരിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവന്റെയും നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും നയതന്ത്ര സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഫലസ്തീന്‍ അനുകൂല പ്രമേയം സാധിച്ചു.

രക്ഷാസമിതിയില്‍ പ്രമേയത്തെ പരാജയപ്പെടുത്താന്‍ ട്രംപ് പരമവാധി ശ്രമിച്ചിരുന്നു. അമേരിക്കയുടെ രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിക്കണമെന്ന് ഒബാമ ഭരണകൂടത്തിന് അദ്ദേഹം നിര്‍ദേശം പോലും നല്‍കി. അമേരിക്കയില്‍ ഒരുസമയം ഒരു പ്രസിഡന്റ് മാത്രമാണുള്ളതെന്ന നിയമം പോലും മറന്നാണ് ട്രംപ് പ്രവര്‍ത്തിച്ചത്.

രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവന്ന ഈജിപ്ത്, ന്യൂസിലന്‍ഡ്, വെനസ്വേല, മലേഷ്യ, സെനഗല്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ട്രംപിന്റെ സമ്മര്‍ദ്ദഫലമായി പ്രമേയം അവതരിപ്പിക്കുന്നതില്‍നിന്ന് ഈജിപ്ത് പിന്മാറുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ മനസ് മാറ്റാന്‍ ട്രംപിന് സാധിച്ചില്ല.

 

chandrika: