X

ARTICLE: ആത്മാഭിമാനത്തിന്റെ പൂര്‍ണേന്ദു പ്രഭ

സി.പി സൈതലവി

തിരിമുറിയാത്ത കര്‍ക്കിടക മഴപോലെ യുദ്ധം നീണ്ടു. നിലവിളിയായി; ഇടയ്‌ക്കൊരു തേങ്ങലായും യുദ്ധങ്ങളുടെ കയറ്റിറക്കം. കാറ്റിലൊഴുകി വരുന്ന വെടിയൊച്ചയും വിലാപങ്ങളും വെടിമരുന്നു ഗന്ധവും കൂടിക്കുഴഞ്ഞ ഭയമേഘങ്ങള്‍ ഗ്രാമങ്ങള്‍ക്കു മീതെ അശാന്തിയുടെ വിരിയിട്ടു. നകാര മുഴക്കിയും ഒറ്റക്കൂവല്‍കൊണ്ടും ദുരന്തത്തിന്റെ വരവറിയിച്ച് അവര്‍ പരസ്പരം സന്നദ്ധരായി. പട്ടിണി വയര്‍ ഒന്നുകൂടി മുറുക്കികെട്ടി തലമുറകള്‍ പട്ടാളക്കാര്‍ക്കു നേരെ കുതിച്ചു. മരിച്ചുവീഴും വരെയുള്ള പോരാട്ടത്തിലേക്കു നിയ്യത്ത് വെച്ചു. യന്ത്രത്തോക്കുകളോട് മുട്ടാന്‍ കയ്യില്‍ കരുതിയ മരക്കമ്പുകളില്‍ അവരുടെ വിശ്വാസം തളിര്‍ത്തു. പറമ്പിലും പാടത്തും തോട്ടിലും കുളത്തിലും മൃതദേഹങ്ങള്‍ കുമിഞ്ഞു.

യുദ്ധം എന്നു തുടങ്ങി എന്ന ചോദ്യം അസ്ഥാനത്തായിരുന്നു. കാലത്തിന്റെ ഘടികാരത്തില്‍ സൂചി നാലേകാല്‍ നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോഴാണ് ഒരു ദീര്‍ഘ നിശ്വാസം കേട്ടത്. ദേശമൊന്ന് നടുനിവര്‍ത്തിയത്. അപ്പോള്‍ പാതയോരത്തും വീട്ടുമുറ്റങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന ഖബറുകളായി എണ്ണമറ്റ നൂറ്റാണ്ടുകളുടെ യൗവനം മണ്ണിലലിഞ്ഞു ചേര്‍ന്നിരുന്നു. പോര്‍ത്തുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അധികാര രഥചക്രങ്ങളുരുട്ടി നാടിന്റെ നെഞ്ചിന്‍കൂട് പിളര്‍ത്തിരുന്നു. ലോകത്തെ വിറപ്പിച്ച സൈനിക ശക്തികള്‍. ആധിപത്യത്തിന്റെ ഉടവാളുമായി വന്നവര്‍. ഒട്ടിയ വയറും ഉടലാകെ പടരുന്ന ദേശസ്‌നേഹ വീര്യവുമായി പൊരുതി നിന്നു ഒരു സമുദായം ആ ഗര്‍വിഷ്ഠ സാമ്രാജ്യങ്ങളോട്; 424 വര്‍ഷം. ഇടമുറിയാത്ത പോര്‍വിളികളായി. ഇടര്‍ച്ചയില്ലാത്ത ശൗര്യമായി. ഒരു രാജാവിനും വേണ്ടിയല്ല. രാജ്യത്തിനുവേണ്ടി മാത്രം. ദേശസ്‌നേഹം വിശ്വാസത്തിന്റെ അംശമാണെന്ന ഇന്ധന ബലത്തില്‍. മണ്ണും മക്കളും ജീവിത സ്വപ്നങ്ങളും ആ പുറപ്പാടുകളെ പിന്തിരിപ്പിച്ചില്ല. തലമുറകള്‍ക്ക് അനന്തരം പകരാന്‍ അവരിലെ സൂക്ഷിപ്പ് സ്വത്ത് അഭിമാനം മാത്രമായിരുന്നു. പ്രാണനില്‍ സ്പന്ദിക്കുന്ന ദേശാഭിമാനം.

ഏഴിമലക്കു വടക്കുള്ള കുമ്പള മുതല്‍ തെക്ക് കന്യാകുമാരി വരെ നീണ്ടു. കിടക്കുന്നത് മലബാറാണെന്ന് പോര്‍ത്തുഗീസുകാരനായ ദുവാര്‍ത്തെ ബര്‍ബോസ പതിനാറാം നൂറ്റാണ്ടില്‍ അടയാളമിട്ടു പറഞ്ഞു. അതിനും ആയിരത്താണ്ടു മുമ്പ് അറബികള്‍ കേരളവും മലൈബാറും ഒന്നായി വരച്ചു.
കേരള തീരത്തിനു മേല്‍ ആഴി കടന്നെത്തിയ അധീശത്വത്തെ ചെറുക്കാന്‍ ആയുധമണിഞ്ഞ സമുദായത്തിന്റെ ജീവിതപ്പാതയാകെ സംഘര്‍ഷഭരിതമായി. ജീവന്‍ പകരം കൊടുത്തു നടത്തിയ നൂറ്റാണ്ടുകളുടെ ദേശരക്ഷാ പോരാട്ടങ്ങള്‍ക്കു മീതെ പോലും വര്‍ഗീയ മുദ്രയുടെ മഷി വീണു. പറങ്കിപ്പടയെ ചെറുക്കാന്‍ ‘അറബിക്കടലലയില്‍ രണാങ്കണമുറപ്പിച്ച’ രാജ്യത്തിന്റെ ഒന്നാം നാവികപ്പടയുടെ സമുദായം. അധിനിവേശ പ്രതിരോധത്തിന്റെ ആദിമുദ്രാവാക്യമായി തീരങ്ങള്‍ മുഴക്കിയ തക്ബീറുകള്‍. പശ്ചിമഘട്ട താഴ്വരകളിലെ ഗറില്ലാ യുദ്ധമുറകളില്‍ സര്‍ ആര്‍തര്‍ വെല്ലസ്ലിയെ വിറപ്പിച്ച മാപ്പിളപ്പോരാളികള്‍. വാഗണ്‍ ട്രാജഡിയും പൂക്കോട്ടൂര്‍ യുദ്ധവും. ലക്ഷങ്ങളുടെ ജീവാര്‍പ്പണം.

പടക്കളങ്ങളില്‍ പുകയമര്‍ന്നപ്പോള്‍ ചുറ്റിലും ശൂന്യതയായിരുന്നു. നട്ടുച്ചയിലും കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ഇരുട്ട്. ഒടുവിലെ പോരാട്ടത്തിനു എണ്ണയൊഴിച്ച ‘ദേശീയ’ നേതാക്കള്‍പോലും കൈവിട്ടുകളഞ്ഞു അവരെ. പട്ടാള വേട്ടയും മരണപര്യന്തതടവും നാടുകടത്തലും തൂക്കുമരവും. ശിക്ഷകളേറ്റു വാങ്ങിയവരുടെ ബാക്കി പെരുവഴികളില്‍ ഒറ്റപ്പെട്ടു. ജീവിത പ്രതിസന്ധികളുടെ തിളക്കുന്ന വെയിലത്ത് ഒരു തണല്‍ മരവുമില്ലാതെ. പട്ടിണിക്കൂരകളില്‍ നിന്ന് അഭയം മോഹിപ്പിച്ച് അനാഥകളെ കൊïുപോയവര്‍ കുഞ്ഞുങ്ങള്‍ക്ക് അന്നത്തിനൊപ്പം പുതിയ ‘മത’വും ഉള്ളില്‍ കൊടുത്തുതുടങ്ങി. കത്തിയാളിയ വിശപ്പില്‍ പൈതങ്ങള്‍ ചുരുണ്ടു
കിടന്നു.കുടിലുകളില്‍ കുരകളില്‍ ജീവിതത്തിനും മരണത്തിനുമിടയിലെ അതിരുകള്‍ നേര്‍ത്തു.

ആലംബമറ്റ മനുഷ്യരുടെ കണ്ണീര്‍പാടങ്ങളിലേക്ക് ദുരിതക്കടലായി പിന്നാലെ പ്രളയവും. മലകള്‍ പിളര്‍ന്ന്, ആകാശമിരമ്പി കുതിച്ചുവന്ന മഹാമാരി. ദിക്കെങ്ങും ആഴ്ചകള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നു. വെയില്‍ തെളിഞ്ഞ് വെള്ളമിറങ്ങുമ്പോള്‍ വേവിച്ചെടുക്കാന്‍ താളും തകരയും പോലും ഇല്ലാതായിരുന്നു. കൂട്ട മരണവും പകര്‍ച്ചവ്യാധിയും. വിട്ടൊഴിയാത്ത ദുരന്തങ്ങളില്‍ പകച്ചുപോയ ജനത. പട്ടിണിയും രോഗവും തളര്‍ത്തിയ ശരീരങ്ങള്‍ യുദ്ധത്തിനും കൂലിക്കും വേണ്ടാതായി.

ആ ഇരുട്ടിന്റെ ഇടനാഴിയിലേക്ക് വെളിച്ചക്കീറു പോലെ നാലു വാചകങ്ങള്‍ പറന്നുവന്നു. സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ പഞ്ചാബ് പ്രവിശ്യാ പ്രസിഡണ്ട മൗലാനാ സഫര്‍അലിഖാന്‍ ബഹദൂര്‍ തന്റെ ‘സെമീന്ദാര്‍’ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പര. സ്വന്തം ജീവന്‍ പന്തത്തില്‍ കോര്‍ത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുന്ന ‘മലബാറിലെ മാപ്പിളമാര്‍ നമ്മുടെ കൂടപ്പിറപ്പുകളാണെന്ന്’ ഉത്തരേന്ത്യന്‍ പ്രതാപത്തോട് അഭിമാനപൂര്‍വം വിളിച്ചുപറഞ്ഞു. ആ വീരേതിഹാസങ്ങളും അനന്തര ദുരന്തങ്ങളും ഒരു വാങ്മയ ചിത്രമായി സെമീന്ദാറില്‍ വാര്‍ന്നു വീണു. വറുതിയുടെ തീക്കാറ്റില്‍ കരിഞ്ഞുണങ്ങുന്ന മലബാറിലെ മനുഷ്യ ജന്മങ്ങള്‍ക്ക് ശമനൗഷധവുമായി ആരുണ്ട്‌ പോകാനെന്ന് സഫറലീഖാന്റെ അഗ്നിച്ചിറകുള്ള അക്ഷരങ്ങള്‍ ചോദിച്ചു. അന്തമില്ലാത്ത ആഴങ്ങളില്‍ താണുപോകുന്ന സമുദായ സന്തതികള്‍ക്ക് സ്വപ്നങ്ങളുടെ കരയിലേക്ക് ഒരു തുഴ നല്‍കാന്‍ ആരുണ്ടാകുമെന്ന്.ദൈവാനുഗ്രഹത്തിന്റെ നിധി കൈവശമുണ്ടായിരുന്ന മനുഷ്യ സ്‌നേഹിയായ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയും സഹോദരനും ആ വിളി കേട്ട് മലബാറിലെത്തി. കണ്ണു മിഴിക്കാന്‍പോലുമാവാതെ തളര്‍ന്നു മയങ്ങുന്ന മാപ്പിള ബാല്യങ്ങളുടെ ദൈന്യതയിലേക്ക് തണുപ്പും ശാന്തിയുമായി അവരുടെ സ്‌നേഹവിരല്‍ നീണ്ടു. മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട്ട് ജെ.ഡി.റ്റി ഇസ്ലാം എന്ന അനാഥാലയം ഉയര്‍ന്നു.

തള്ളിപ്പറയാനല്ലാതെ തലോടാനാരുമില്ലാത്ത ജനം അലക്ഷ്യമായലഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഉള്‍ക്കിടിലമുണ്ടക്കിയ ഭൂവിഭാഗം ഇരുണ്ട വന്‍കരയായി കിടന്നു. നിരക്ഷരതയും നിത്യദാരിദ്ര്യവും ജീവിത ചക്രമായി അവരില്‍ ലയിച്ചു. കെട്ടുപോയ കിനാവിന്റെ കരിന്തിരികളില്‍ നെടുവീര്‍പ്പുകള്‍ മേഞ്ഞു.മഞ്ഞും നിലാവും നിറഞ്ഞ വേനല്‍ രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ട് കിടക്കുമ്പോള്‍ ദൂരെനിന്ന് പറന്നുവരും പടപ്പാട്ടിന്റെ ഈണങ്ങള്‍. അത് മാത്രമായിരുന്നു മറവിയുടെ മരുന്ന്. പാട്ടൊഴുകുന്ന കാറ്റിന്റെ മര്‍മ്മരത്തില്‍ ഒരു നിമിഷത്തേക്ക് അവര്‍ നക്ഷത്രങ്ങളിലൂടെ യാത്രപോകും. പിന്നെ യാഥാര്‍ത്ഥ്യത്തിന്റെ സങ്കടഭാരങ്ങളിലേക്കുണരും.

വിഹ്വലമായ ആ വേനലുരുക്കങ്ങളിലേക്ക് ഒരിളംകാറ്റ് വന്നു. അനന്തമായ മരുപ്പറമ്പില്‍ തണലും തണുപ്പും പകരുന്ന മഹാവൃക്ഷമായി അത് പന്തലിച്ചു – മുസ്ലിംലീഗ്. 1930കള്‍. മലബാറിന്റെ വേദനകള്‍ നെഞ്ചിലേറ്റുവാങ്ങാന്‍ മുസ്ലിംലീഗ് വരികയായി. നിത്യനിരാശയില്‍ തളര്‍ന്നു മയങ്ങിയ ജനപദത്തിന്റെ അകതാരില്‍ ആത്മവീര്യത്തിന്റെ ഉത്തേജകം കുത്തിവെക്കാന്‍. അഭിമാനബോധമുണര്‍ത്താന്‍. നവോത്ഥാനത്തിന്റെ പടഹമുയര്‍ത്തി മുസ്ലിംലീഗ് വന്നു. അബ്ദുറഹിമാന്‍ അലിരാജ, ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്‍ സേട്ടുസാഹിബ് തുടങ്ങിയവര്‍ മുന്നില്‍. കെ.എം മൗലവിയും കെ. ഉപ്പിസാഹിബും ബി. പോക്കര്‍ സാഹിബും കൂടെ. ഈ ഉയിര്‍ത്തെഴുന്നേല്‍പിന്റെ രംഗപടത്തില്‍ ശില്‍പ്പിയും സംവിധായകനുമായി അമരത്തും അണിയത്തും മഹാ പ്രതിഭയായ കെ.എം സീതിസാഹിബും.

അറബി മലയാളത്തിന്റെ വിശുദ്ധ പ്രാചീനതയില്‍ പാട്ടും ബൈത്തും കത്തും ഖിസ്സയുമെല്ലാം കോര്‍ത്തുവെക്കുന്ന കാലം. ആശയ വിനിമയങ്ങളില്‍ ‘അച്ചടി മലയാളം’ ഒരു ധാരാളിത്തമെന്ന് കരുതിയ ആ യുഗത്തെ അക്ഷരങ്ങള്‍ ചേര്‍ത്ത് വായിപ്പിക്കാന്‍ അഭ്യസിപ്പിക്കുകയായിരുന്നു ആദ്യയജ്ഞം. സംഘടിച്ചുണരുന്ന ജനതയില്‍ രാഷ്ട്രീയ പ്രബുദ്ധതയുടെ ഊര്‍ജ്ജം പകരാന്‍, പിന്നാക്കത്തിന്റെ കാനനപാതയില്‍ അവകാശ ബോധത്തിന്റെയും ലോക രാഷ്ട്രീയത്തിന്റെയും സൂര്യകിരണങ്ങള്‍ പതിക്കാന്‍, അറിവിന്റെ പുതുലോകങ്ങളിലൂടെ മുഖ്യധാരയിലേക്ക് തലയുയര്‍ത്താന്‍ ‘ചന്ദ്രിക’ പത്രം സ്ഥാപിതമായി. 1934 മാര്‍ച്ച് 26. അവകാശ നിഷേധത്തിന്റെ ഇരുണ്ട ഭൂപടം ആ പൂര്‍ണേന്ദുപ്രഭയില്‍ പൂത്തുലഞ്ഞു. 1937 – മലബാര്‍ ജില്ലാ മുസ്ലിംലീഗ് വ്യവസ്ഥാപിത പ്രസ്ഥാനമായി. തോറ്റും ജയിച്ചും തുടങ്ങിയ അങ്കങ്ങള്‍ ജനശക്തിയുടെ ആരവമായി. പ്രഭാപൂരമായി സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ അരങ്ങിലെത്തി. പാണക്കാട് പൂക്കോയതങ്ങളുടെ ആത്മീയ ശോഭയും.

ആര്‍ക്കും വേണ്ടാതിരുന്ന ഒരു ജനത അവഗണനയുടെ കെട്ടുപൊട്ടിച്ച് വീണ്ടെടുപ്പിന്റെ ആഘോഷങ്ങളിലേക്ക് ചുവടുവെച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വന്‍മലയായ ഖാഇദെ അഅ്‌സമില്‍നിന്നുള്ള ഊര്‍ജപ്രവാഹം മലബാറിന്റെ സിരകളെ ത്രസിപ്പിച്ചു. പക്ഷേ, ഒരു പകല്‍ക്കിനാവുപോലെ എല്ലാം നിമിഷാര്‍ധത്തില്‍ അസ്തമിച്ചു. പ്രതീക്ഷയുടെ പൂരവിളക്കുകളണഞ്ഞു. സ്വാതന്ത്ര്യത്തിനൊപ്പം വിഭജനവും. ദുര്‍വ്യാഖ്യാനത്തിന്റെ മുറിപ്പാടുകളില്‍നിന്ന് ജീവരക്തം പെരുവഴികളിലൊഴുകി. വര്‍ഗീയ വൈരത്തിന്റെ വാള്‍ത്തലപ്പില്‍ ജനലക്ഷങ്ങളുടെ പ്രാണന്‍ പിടഞ്ഞു.

പലായനത്തിന്റെയും കലാപങ്ങളുടെയും ചോരപ്പുഴകളില്‍ രാജ്യത്തിന്റെ ഉത്തരദേശം പതഞ്ഞൊഴുകി. സ്വപ്നങ്ങള്‍ പങ്കുവെച്ചും പ്രതിസന്ധികളില്‍ കരുത്തുപകര്‍ന്നും കൂടെനിന്ന ജനനായകര്‍ പോലും ഒരു രാത്രി കൊണ്ട് അന്യരായി. മറ്റൊരു രാഷ്ട്രത്തിന്റെ പ്രതിനിധികള്‍. അന്യഥാബോധം വളര്‍ത്തുന്നതില്‍ അധികാരികളും ദേശീയവാദികളും കൈകോര്‍ത്തു. ന്യൂനപക്ഷ മാനസങ്ങളില്‍ അഭയമന്ത്രം കേള്‍പ്പിച്ച രാഷ്ട്രപിതാവും വര്‍ഗീയതയുടെ ബലിക്കല്ലിലൊടുങ്ങി.

മുസ്ലിംലീഗ് ഉപേക്ഷിച്ച് മതേതര നാട്യത്തിന്റെ വലിയ കുപ്പായങ്ങള്‍ക്കുള്ളിലൊളിച്ചു ഉത്തരേന്ത്യന്‍ നേതാക്കള്‍. മലബാറിലും വിഷാദം നിഴലിട്ടു. നേതാക്കള്‍ അരികിലുള്ളത് ഭയം കുറച്ചുവെങ്കിലും കൊടുങ്കാറ്റിനു മുമ്പുള്ള നിശ്ശബ്ദതയായി ഉള്ളില്‍ ദുരൂഹതകള്‍ തിടംവെച്ചു. ഭീഷണികള്‍ക്ക് മുമ്പില്‍ കര്‍മ്മബന്ധങ്ങളുപേക്ഷിച്ച് ഓടിമറയുകയല്ല; പിറന്ന മണ്ണില്‍ തന്നെ ജീവിച്ചു മരിക്കുകയാണ് വീരപൗരുഷമെന്ന് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് വിളിച്ചുപറയുന്നുïായിരുന്നു. ദക്ഷിണേന്ത്യ അതുകേട്ടു. മലബാര്‍ പ്രത്യുത്തരം നല്‍കി. ‘അഭിമാനകരമായ അസ്തിത്വം’ പുനര്‍ജ്ജനിയുടെ തത്വശാസ്ത്രമായി ഹൃദയമിടിപ്പില്‍ ചേര്‍ത്തുവെച്ചു. സീതിസാഹിബും പടയാളികളും ഖാഇദേമില്ലത്തിന് അകമ്പടിയായി. ഇടിമിന്നലിന്റെ ദാഹകശക്തിയും മഞ്ഞുകാറ്റിന്റെ ആര്‍ദ്രതയും നാവില്‍ ചാലിച്ച വാഗ്മിതയുടെ ദശാവതാരം സി.എച്ച് മുഹമ്മദ് കോയ എന്ന രാജകുമാരന്‍ ഈ കാലാള്‍പ്പടയുടെ ഹൃദയരാഗമായി.

‘ആധുനിക രാഷ്ട്രീയം- ആധുനിക വിദ്യാഭ്യാസം’ എന്ന് സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ഉരുവിട്ട ജീവനമന്ത്രം പ്രയോഗവത്കരിച്ചു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്.
സ്വതന്ത്രഇന്ത്യയുടെ പുതിയ പ്രഭാതത്തിലേക്ക് നവീന ചിന്തകളുടെ ചിറകിലേറി ന്യൂനപക്ഷ-പിന്നാക്ക ജനതയുടെ അവകാശസമര പ്രസ്ഥാനം പറന്നുയര്‍ന്നു. 1948 മാര്‍ച്ച് 10. ഖാഇദേമില്ലത്തിന്റെ മദിരാശി പട്ടണം അതിനു സാക്ഷ്യം നിന്നു. ജനാധിപത്യ, മതേതരത്വ, സോഷ്യലിസ്റ്റ് സങ്കല്‍പങ്ങളില്‍ ഊന്നിയ രാഷ്ട്ര ഭരണഘടനക്കായി ആശയവും അധ്വാനവും സമര്‍പ്പിച്ചു ഖാഇദേമില്ലത്തിന്റെ പ്രസ്ഥാനം. ‘ഏതു ദ്രോഹവും ക്ഷമിക്കും; പക്ഷേ രാജ്യസ്‌നേഹവും വിശ്വാസവും ചോദ്യം ചെയ്യുന്നവരോട് രാജിയാവാനാവില്ലെന്ന്’ പ്രഖ്യാപിച്ചു മുസ്ലിംലീഗ്.

ന്യൂനപക്ഷ സംഘാടനത്തിനുനേര്‍ക്ക് നിരോധനങ്ങളും ഭീഷണികളും മുഴങ്ങി. സംഘടന പിരിച്ചുവിട്ടാല്‍ കൈവരുന്ന വാഗ്ദാനപ്പെരുമഴ. പ്രലോഭനങ്ങളില്‍ വഴങ്ങാത്ത പാരമ്പര്യത്തിനു മുന്നില്‍ അധികാരികള്‍ ബഹുമുഖ തന്ത്രങ്ങള്‍ പയറ്റി.

ഹൈദരാബാദ് ആക്ഷന്റെ നിരോധന സീല്‍ക്കാരങ്ങളില്‍ കൂസാതെ ഹരിതസേന മുന്നേറി. കാരാഗൃഹം കാണിച്ചു പിന്തിരിപ്പിക്കാന്‍ പാണക്കാട് തങ്ങളെയടക്കം മുന്നണിപ്പോരാളികളെ ജയിലിലടച്ചു. ഒരു മന്ദസ്മിതം കൊï് മറികടന്നു ആ തടവറകള്‍.സമുദായ പാതയിലെ ഭിന്നവേദികളെ കോര്‍ത്തുവെച്ച ഐക്യത്തിന്റെ തിരുമധുരമായി മുസ്ലിംലീഗ്. ആശയ വൈജാത്യങ്ങള്‍ക്ക് അവധി നല്‍കി സമുദായത്തിന്റെ അവകാശപോരാട്ടങ്ങള്‍ക്ക് ചിന്തയും ചൂടും പകരാനുള്ള ഐക്യവേദി. പണ്ഡിതനും പാമരനും ദരിദ്രനും സമ്പന്നനും പരമ്പരാഗത ചിന്തയും പുരോഗമനവാദവും ഒത്തുചേരുന്ന ഹരിതശോഭ. നിരീശ്വര പ്രസ്ഥാനവും നിയമത്തിന്റെ പഴുതുകളും വിശ്വാസത്തിനെതിരിലുയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പ്രതിരോധമൊരുക്കി. തീവ്രചിന്തകളുടെ കൂമ്പൊടിച്ചു. നിരക്ഷരതയും ദാരിദ്ര്യവും നിര്‍മാര്‍ജ്ജനം ചെയ്യുകയെന്ന യജ്ഞം ഏറ്റെടുത്തു. വിദ്യാഭ്യാസ വിപ്ലവത്തിന്റെ തേരുതെളിച്ചു. പൊരുതി നേടിയ സംവരണം തൊഴില്‍ മാത്രമല്ല അധികാര പങ്കാളിത്തവും ഉറപ്പാക്കി. ചികിത്സയും ഭവനവും ആശ്വാസത്തിന്റെ സമസ്തഭാവങ്ങളുമായി കാരുണ്യഹസ്തം നീട്ടി. ഭരണഘടനാവകാശങ്ങളുടെ സംരക്ഷണത്തിനു പൊരുതി. അര്‍ഹമായ അവകാശങ്ങള്‍ നേടി. ജനാധിപത്യ ശക്തികൊണ്ട് ഫാസിസ്റ്റ് തേര്‍വാഴ്ചയെ തടുത്തുനിര്‍ത്തി. വേട്ടയാടപ്പെടലിന്റെ ഭീതിയകറ്റി ന്യൂനപക്ഷങ്ങളില്‍ ജീവിതസുരക്ഷിതത്വവും ആത്മധൈര്യവും പകര്‍ന്നു. ക്ഷുഭിതരാഷ്ട്രീയത്തിനു മധ്യെ ആത്മസംയമനത്തിന്റെ തത്വശാസ്ത്രം ഒരു ശമനതാളമാക്കി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന സ്‌നേഹമാരുതന്‍.

അനന്തരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഈ സ്നേഹ ഗീതിയുടെ ധ്വജ വാഹകരായി.
ഖാഇദേമില്ലത്തിനു പിറകേ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബും ജി എം ബനാത്ത് വാലാ സാഹിബും ഇ അഹമ്മദ് സാഹിബും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അമരം നയിച്ചു കടന്നു പോയി.

ചന്ദ്രതാരാങ്കിത ഹരിതക്കൊടിക്കു കീഴെ സുരക്ഷിത സമൂഹം വളര്‍ന്നു. രാഷ്ട്രവും സമുദായവും ഒന്നിച്ചുയരാന്‍ ക്രിയാത്മക രാഷ്ട്രീയത്തിന്റെ പ്രയോഗവഴികള്‍ ശീലിപ്പിച്ചു. 88 ലക്ഷം മുസ്ലിംകളുള്ള കേരളം 20 കോടി വരുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ദിശകാണിക്കുന്ന ദീപസ്തംഭമായി. ദളിത്, പിന്നാക്ക സമൂഹങ്ങളില്‍ ആത്മാഭിമാനത്തിന്റെ ഉശിരു പകര്‍ന്നു ഈ നിത്യഹരിതശക്തി.

ശരീഅത്ത് സംരക്ഷണത്തിന് അമുസ്ലിംകള്‍ അണിനിരക്കുന്ന സമരനിര പോലെ മതമൈത്രിയുടെ പൂക്കാലമൊരുക്കി. ഒരു ഗ്രാമ പഞ്ചായത്തംഗം പോലുമാവില്ലെന്ന് പരിഹസിച്ചവര്‍ക്കുമുന്നില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒരേസമയം ഒരൊറ്റ സംസ്ഥാനത്ത് അരഡസനോളം മന്ത്രിമാരുമുള്ള അധികാരനിര്‍വഹണത്തിലെ ശക്തിസാന്നിധ്യമായി നിശ്ശബ്ദം നല്‍കി മറുപടി.കേരളം എല്ലാ നന്മയിലും കാണുന്നു ഈ ഹരിതമുദ്ര. ഇന്ത്യന്‍ ന്യൂനപക്ഷ ജനകോടികള്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു ഈ ജനമുന്നേറ്റത്തിന്റെ പടവുകളില്‍.

വ്യക്തിസൗഭാഗ്യങ്ങളുടെ പദവിയും പ്രസിദ്ധിയും നേടാന്‍ കാത്തിരിക്കാതെ, ചരിത്രത്തിലൊരിടത്തും നാമമുദ്രകള്‍ ചാര്‍ത്താതെ ഓര്‍മകളുടെ അടരുകളില്‍ അജ്ഞാതരായി മറഞ്ഞുനില്‍ക്കുന്ന പരസഹസ്രം പേര്‍ ജീവിതംകൊണ്ട് പണിതതാണ് സമുദായശിരസിലെ ഈ അഭിമാന കിരീടം. മശ്രിഖും മഗ്രിബും കീര്‍ത്തികേട്ട മഹാപുരുഷ പരമ്പരയുടെ വ്രതശുദ്ധിവടിവാര്‍ന്ന സമര്‍പ്പണമാണിത്. ഏഴരപ്പതിറ്റാണ്ടിന്റെ മുള്‍വഴികളില്‍ പൊടിഞ്ഞ ചോരയും കണ്ണീരും നെയ്‌തെടുത്ത സ്വപ്നങ്ങളും തിളങ്ങുന്നുങ്ങതില്‍. ഈ ആത്മാഭിമാനത്തിന്റെ മരതകക്കല്ലില്‍.

Chandrika Web: