നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്. സുരേഷ് നിഷ ദമ്പതികളുടെ നാലുദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടക്കുന്നം മുക്കാലിയിലാണ് ഇവര്‍ താമസം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞ് ജനിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസി വീട്ടിലേക്ക് വന്നപ്പോള്‍ എല്ലാവര്‍ക്കും കൊവിഡാണെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കുകയായിരുന്നു വീട്ടുക്കാര്‍.

സംശയം തോന്നിയ ഇവര്‍ ഉടനെ ആശ വര്‍ക്കറെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ നിന്ന് കണ്ടെത്തി.

സുരേഷ് നിഷ ദമ്പതികള്‍ക്ക് മരിച്ച കുട്ടിയെ കൂടാതെ അഞ്ച് കുട്ടികള്‍ ഉണ്ട്‌. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത് നിഷയും കുട്ടികളും മാത്രമാണ്. കാലിന് ജന്മനാ സ്വാധീനകുറവുള്ളയാളാണ് നിഷ. പെയ്ന്റിങ് തൊഴിലാളിയാണ് നിഷയുടെ ഭര്‍ത്താവ് സുരേഷിന്.