Connect with us

kerala

പഴം ഇറക്കുമതിയുടെ മറവില്‍ ലഹരിക്കടത്ത്; മലയാളി പിടിയില്‍

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന വ്യാജേനയാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.

Published

on

പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി പിടിയില്‍. എറണാകുളം കാലടിയില്‍ നിന്നുള്ള വിജിന്‍ വര്‍ഗീസാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് ഡി.ആര്‍.ഐ പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന വ്യാജേനയാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.

198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നുമാണ് പിടികൂടിയത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരില്‍ ലഹരിമരുന്നുകള്‍ എത്തിയതിനെ തുടര്‍ന്ന് ഇയാളെ ഡി ആര്‍ ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ സുഹൃത്ത് തച്ചാംപറമ്പന്‍ മന്‍സൂറിനെ കണ്ടെത്താനായി ഡി ആര്‍ ഐ സംഘം അന്വേഷണം നടത്തുകയാണ്.

ലഹരി ഇടപാടില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണ് വീതം വെച്ചിരുന്നതെന്ന് ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ റവന്യൂ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ എറണാകുളം കാലടിയിലുള്ള ഇയാളുടെ സ്ഥാപനത്തില്‍ പരിശോധന നടത്തി.

kerala

വിഴിഞ്ഞം: വഴിമുട്ടി സര്‍വകക്ഷിയോഗം

സമരസമിതി ഒഴികെ മറ്റെല്ലാവരും യോഗത്തില്‍ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായതെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്.

Published

on

തിരുവനന്തപുരം: സര്‍ക്കാരും സമരസമിതിയും കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ കലുഷിതമായി വിഴിഞ്ഞം. സമരസമിതി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കടന്നുകയറി പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. അക്രമത്തെ യോഗം പൊതുവില്‍ അപലപിച്ചെങ്കിലും സമരസമിതി മുന്നോട്ടുവെച്ച വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. എന്നാല്‍ തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സമരസമിതി എതിര്‍ത്തു. സ്വഭാവിക പ്രതികരണമാണ് സമരക്കാരില്‍ നിന്നുണ്ടായതെന്നും പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ‘ചര്‍ച്ചയുടെ ഫലമെന്തെന്ന് അറിയില്ല’ എന്നാണ് ചര്‍ച്ചക്ക് ശേഷം വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോ ഉള്‍പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുകയും അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് സമരസമിതി പ്രവര്‍ത്തകര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതോടെ പ്രദേശം കനത്ത പൊലീസ് വലയത്തിലാണ്. പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സമരക്കാര്‍ ക്രമസമാധാനം തകര്‍ത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെയും മന്ത്രി ജി.ആര്‍ അനിലിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി ലഭിക്കാതായതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. എന്നാല്‍ സമരസമിതി ഒഴികെ മറ്റെല്ലാവരും യോഗത്തില്‍ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായതെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്.

വിഴിഞ്ഞം സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം. ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്. ഇത്തരം കേസുകള്‍ക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാവില്ല. കേസുകള്‍കൊണ്ടോ ഭീഷണികൊണ്ടോ സമരത്തില്‍ നിന്ന് പിന്‍മാറില്ല. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരേയും കെ.സി.ബി.സി വിമര്‍ശനമുന്നയിച്ചു. മന്ത്രിമാര്‍ പ്രകോപനപരമായും സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന വിധത്തിലും സംസാരിക്കരുത്. വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാവുന്ന വിധം പ്രതികരിക്കരുതെന്നും കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി പറഞ്ഞു

Continue Reading

kerala

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച അച്ഛന് 107 വര്‍ഷം കഠിന തടവ്

2020 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്.

Published

on

മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 107 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും.പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.മാനസിക വെല്ലുവിളി നേരിടുന്ന മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവ് പ്രകാരം, ശിക്ഷയുടെ കാലയളവ് 67 വര്‍ഷമായി കുറച്ചു. പിഴ ഒടുക്കാതിരുന്നാല്‍ 5 വര്‍ഷം അധിക തടവും വേണ്ടി വരും.

2020 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്.
മാതാവ് നേരത്തെ ഇവരെ ഉപേക്ഷിച്ച് വീട് വിട്ടുപോയിരുന്നു.കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കിയതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു. വീട്ടില്‍ നിന്ന് ഭയന്നോടിയ പെണ്‍കുട്ടി അയല്‍ വീട്ടിലാണ് അന്നേ ദിവസം കഴിഞ്ഞത്. അടുത്ത ദിവസം സ്‌കൂളിലെത്തിയ കുട്ടി കരയുന്നത് കണ്ട് അധ്യാപികമാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേന പോലീസ് കേസെടുക്കുകയായിരുന്നു.

Continue Reading

kerala

വിഴിഞ്ഞം സംഘര്‍ഷം: ബുദ്ധികേന്ദ്രം അദാനിയുടെതാണോയെന്ന് അന്വേഷിക്കണം; കെ സി വേണുഗോപാല്‍ എംപി

സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇപെടലുണ്ടായെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്.

Published

on

വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന്റെ ബുദ്ധികേന്ദ്രം അദാനിയുടെതാണോയെന്നും അത് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടുനിന്നോയെന്നും അന്വേഷിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്, സഹായ മെത്രാന്‍ ഉള്‍പ്പെടെയുള്ള വൈദികരെ പ്രതിചേര്‍ത്ത് കേസെടുത്തത് പ്രതികാര നടപടിയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇപെടലുണ്ടായെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്. ഇതില്‍ അന്വേഷണം ആവശ്യമാണ്.അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന അതിരൂപതയുടെ ആവശ്യം പ്രസക്തമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ജനകീയ സമരങ്ങള്‍ക്ക് വര്‍ഗീയനിറം നല്‍കി കലാപം ആസൂത്രണം ചെയ്യാനുള്ള ബോധപൂര്‍വ്വമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഉപജീവനത്തിനായുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ വര്‍ഗീയ കലാപമായി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് അണിയറയില്‍ നടക്കുന്നത്.അത്തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവന അതിന് ഉദാഹരണം.തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് തുല്യമാണത്.

മത്സ്യത്തൊഴിലാളികളുടെ സമരം പൊളിക്കാന്‍ സി.പി.ഐ.എം-ബി.ജെ.പി അവിശുദ്ധകൂട്ടുക്കെട്ട് പ്രവര്‍ത്തിക്കുന്നു. പദ്ധതി കാലോചിതമായി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വീഴ്ചവരുത്തിയ അദാനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ മടിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉപജീവന പോരാട്ടം നയിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ നിന്നും 200 കോടിയുടെ നഷ്ടപരിഹാരം പിരിക്കാന്‍ തുനിയുന്നത് പരിഹാസ്യമാണ്.

വരുമാനമാര്‍ഗം നിലച്ച് ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളികളെ അദാനിക്ക് വേട്ടയാടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു. ബി.ജെ.പിയുടെയും അദാനിയുടെയും നിര്‍ദേശപ്രകാരം മത്സ്യത്തൊഴിലാളികളെ വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ശ്രമത്തെ ചെറുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending