X

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വിതരണം ചെയ്യാന്‍ തയ്യാറകാതെ സര്‍ക്കാര്‍

അനീഷ് ചാലിയാര്‍

പാലക്കാട്: ഹൈക്കോടതി പറഞ്ഞിട്ടും ക്രിസ്മസ് എത്തിയിട്ടും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം നല്‍കാന്‍ വിദ്യഭ്യാസ വകുപ്പിന് മടി. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കൂടുതല്‍ ഉപജില്ലകളിലും ഓണറേറിയം വിതരണം ചെയ്തിട്ടില്ല. തടഞ്ഞുവെച്ച ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്ന് കഴിഞ്ഞ 12 ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും വിതരണം പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും ധനകാര്യ വകുപ്പിനും ആയിട്ടില്ല. ക്രിസ്മസ് വെക്കേഷന്‍ ആയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കാത്തതിനെതിരെ വ്യാപക പ്രിതഷേധം ഉയര്‍ന്നിട്ടുണ്ട്. ഒമ്പത് ദിവസം കഴിഞ്ഞാല്‍ മൂന്നാമത്തെ ഓണറേറിയവും കുടിശ്ശികയാവും.

സ്പാര്‍ക്ക് അപ്ഡേഷന്റെ പേരു പറഞ്ഞ് ഈ മാസം ഏഴിനാണ് 35 വര്‍ഷം വരെ സര്‍വീസുള്ള ജീവനക്കാരുടേതടക്കം നിയമന കാലയളവ് 31.03.2023 വരെയായി നിശ്ചയിച്ച് കരാര്‍ നിയമനത്തിന് വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപകര്‍ക്ക് ഉത്തരവ് നല്‍കിയത്. സ്പാര്‍ക്കില്‍ താത്കാലിക ജീവനക്കാരുടെ വിടുതല്‍ കാലയളവ് (ടെര്‍മിനേഷന്‍ പിരീയഡ്) രേഖപ്പെടുത്തണമെന്ന് ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതിന്റെ മറപടിചാണ് കാലങ്ങളായി ജോലി ചെയ്യുന്നവരെ ഒരു വര്‍ഷ കരാറുകാരാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തിയത്. എന്നാല്‍ ഇതിനെതിരെ അധ്യാപികമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ച കോടിതി ഉടന്‍ ഓണറേറിയം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വന്നതോടെ കരാര്‍ നിയമന നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍ ഡിസംബര്‍ 14 ന് പുതിയ ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷം ഓണറേറിയം വിതരണം ആരംഭിച്ചെങ്കിലും പൂര്‍ണമായി നല്‍കാന്‍ ഇനിയുമായിട്ടില്ല. എല്ലാ ജില്ലകളിലും പൂര്‍ണമായി ഓണറേറിയം വിതരണം ചെയ്യാത്ത ഉപജില്ലകളുണ്ട്. പത്ത് വര്‍ഷത്തിന് മുകളില്‍ സര്‍വിസുള്ള അധ്യാപകര്‍ക്ക് 12500 രൂപയും ആയമര്‍ക്ക് 7500 രൂപയും അതില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് 12000, 7000 രൂപയാണ് പ്രതിമാസ ഓണറേറിയം. ഇങ്ങനെ ഓണറേറിയം പറ്റുന്ന 4827 ജീവനക്കാരാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീ പ്രൈമറി ക്ലാസുകളില്‍ ജോലി ചെയ്യുന്നത്. പെന്‍ഷന്‍ പോലും ലഭിക്കുമെന്ന് ഉറപ്പില്ലാതെ 70 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ജോലി ചെയ്യുന്നവരുണ്ട് ഇക്കൂട്ടത്തില്‍. ഇവര്‍ക്കെല്ലാമായി രണ്ട് മാസത്തേക്കായി 9.91 കോടി രൂപയാണ് രണ്ട് മാസത്തേക്ക് ഓണറേറിയമായി നല്‍കേണ്ടത്. അര്‍ഹതാ മാനദണ്ഡമനുസരിച്ചുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഓണറേറിയം തടഞ്ഞുവെച്ചും ജീവനക്കാരെ ദ്രോഹിക്കുകയാണ്.

webdesk11: