X

സന്തോഷ് ട്രോഫി ചരിത്ര ഫൈനലില്‍ കര്‍ണാടകക്ക് കിരീടം

അഷ്റഫ് വേങ്ങാട്ട്

റിയാദ് : റിയാദില്‍ നടക്കുന്ന 76 മത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കര്‍ണാടക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മേഘാലയയെ പരാജയപ്പെടുത്തി ഇതാദ്യമായി വിദേശമണ്ണില്‍ നടന്ന സന്തോഷ് ട്രോഫി മാറോടണച്ചു. 54 വര്‍ഷത്തിന് ശേഷമാണു സന്തോഷ് ട്രോഫിയുമായി ടീം റിയാദില്‍ നിന്ന് ബംഗളുരുവിലെത്തുക.

റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കര്‍ണാടക മേഘാലയയുടെ ഗോള്‍വലയം ചലിപ്പിച്ചു. മൈതാനത്തിന്റെ ഇടതു ഭാഗത്ത് നിന്ന് ലഭിച്ച പാസ് രണ്ടാം നമ്പര്‍ താരമായ സുനില്‍കുമാര്‍ ഗോളാക്കി മാറ്റി. ആദ്യപകുതിയുടെ എട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മേഘാലയയുടെ ബ്രോലിംഗ്ടണ്‍ വാര്‍ലര്‍പി ഗോളാക്കുകയും സമനില നേടുകയും ചെയ്‌തെങ്കിലും പതിനെട്ടാം മിനിറ്റില്‍ ബേക്കെ ഒറാമിലൂടെ കര്‍ണാടക ലീഡ് നേടി. വീണ്ടും നാല്പത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ കര്‍ണാടകയുടെ മൂന്നാം നമ്പര്‍ തരാം റോബിന്‍ യാദവ് മനോഹരമായ ലോങ്ങ് റേഞ്ചറിലൂടെ മേഘാലയയുടെ ഗോള്‍വലയത്തിലെത്തിച്ചു.

കളിയുടെ രണ്ടാം പകുതിയുടെ അമ്പത്തി ഒമ്പതാം മിനിറ്റില്‍ സ്റ്റീന്‍ സ്റ്റീവന്‍സണ്‍ മേഘാലയയുടെ രണ്ടാം ഗോള്‍ നേടി. ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഇരു ടീമുകളുടെയും നീക്കങ്ങള്‍ ഇടക്ക് പരുക്കനായി. മേഘാലയയുടെ ചില മുന്നേറ്റങ്ങള്‍ കര്‍ണാടക ഗോളി സത്യജിത്ത് ബോര്‌ഡോലായി മനോഹരാമായ ഡൈവിങ്ങിലൂടെ രക്ഷപെടുത്തി. അവസാന നിമിഷങ്ങളില്‍ മേഘാലയ നടത്തിയ ആകര്‍ഷകമായ നീക്കങ്ങള്‍ ഗോള്‍ പോസ്റ്റിനെ മറികടന്നു പുറത്തുപോയി.

സെമി ഫൈനല്‍ മത്സരങ്ങളെ അപേക്ഷിച്ച് ഫൈനല്‍ മത്സരം കാണാന്‍ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍സ്റ്റേഡിയത്തിലെത്തിയിരുന്നുവെങ്കിലും 68000 പേര്‍ക്ക് ഇരിപ്പിടമുള്ള കിംഗ് ഫഹദ് സ്റ്റേഡിയത്തിന്റെ ഒരു മൂലയില്‍ മാത്രമായി ഒതുങ്ങി. കാണികളില്‍ കൂടുതലും മലയാളികളായിരുന്നു. അവസാന ദിവസം നടത്തിയ പ്രചാരണത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ ടീമുകളുടെ കളി വീക്ഷിക്കാന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ്ഖാനും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. വിജയികള്‍ക്കുള്ള ട്രോഫി വിതരണം അംബാസഡര്‍ നിര്‍വഹിച്ചു.

ഇന്ത്യന്‍ എംബസിയോടൊപ്പം റിയാദിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പും ഫൈനല്‍ ദിനത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫൈനലില്‍ നിരവധി മലയാളികളെ സ്റ്റേഡിയത്തിലെത്തിക്കാന്‍ സാധിച്ചതായും വിവരമറിഞ്ഞ ഉടനെ പരിധിക്കുള്ളില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സന്ദേശമെത്തിക്കാന്‍ ശ്രമിച്ചതായും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്നികല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷകീല്‍ തിരൂര്‍ക്കാട് പറഞ്ഞു. സ്റ്റേഡിയത്തില്‍ എത്തിയവരില്‍ തൊണ്ണൂറു ശതമാനവും മലയാളികളാണെന്നും റിയാദില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും നിരവധി പേര്‍ എത്തിയതായും റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷാധികാരി മുജീബ് ഉപ്പടയും ‘ചന്ദ്രിക’യോട് പറഞ്ഞു .

 

webdesk11: