Connect with us

News

സന്തോഷ് ട്രോഫി ചരിത്ര ഫൈനലില്‍ കര്‍ണാടകക്ക് കിരീടം

കര്‍ണ്ണാടകയിലേക്ക് അഞ്ചാം തവണ.
54 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍മാര്‍

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : റിയാദില്‍ നടക്കുന്ന 76 മത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കര്‍ണാടക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മേഘാലയയെ പരാജയപ്പെടുത്തി ഇതാദ്യമായി വിദേശമണ്ണില്‍ നടന്ന സന്തോഷ് ട്രോഫി മാറോടണച്ചു. 54 വര്‍ഷത്തിന് ശേഷമാണു സന്തോഷ് ട്രോഫിയുമായി ടീം റിയാദില്‍ നിന്ന് ബംഗളുരുവിലെത്തുക.

റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കര്‍ണാടക മേഘാലയയുടെ ഗോള്‍വലയം ചലിപ്പിച്ചു. മൈതാനത്തിന്റെ ഇടതു ഭാഗത്ത് നിന്ന് ലഭിച്ച പാസ് രണ്ടാം നമ്പര്‍ താരമായ സുനില്‍കുമാര്‍ ഗോളാക്കി മാറ്റി. ആദ്യപകുതിയുടെ എട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മേഘാലയയുടെ ബ്രോലിംഗ്ടണ്‍ വാര്‍ലര്‍പി ഗോളാക്കുകയും സമനില നേടുകയും ചെയ്‌തെങ്കിലും പതിനെട്ടാം മിനിറ്റില്‍ ബേക്കെ ഒറാമിലൂടെ കര്‍ണാടക ലീഡ് നേടി. വീണ്ടും നാല്പത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ കര്‍ണാടകയുടെ മൂന്നാം നമ്പര്‍ തരാം റോബിന്‍ യാദവ് മനോഹരമായ ലോങ്ങ് റേഞ്ചറിലൂടെ മേഘാലയയുടെ ഗോള്‍വലയത്തിലെത്തിച്ചു.

കളിയുടെ രണ്ടാം പകുതിയുടെ അമ്പത്തി ഒമ്പതാം മിനിറ്റില്‍ സ്റ്റീന്‍ സ്റ്റീവന്‍സണ്‍ മേഘാലയയുടെ രണ്ടാം ഗോള്‍ നേടി. ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഇരു ടീമുകളുടെയും നീക്കങ്ങള്‍ ഇടക്ക് പരുക്കനായി. മേഘാലയയുടെ ചില മുന്നേറ്റങ്ങള്‍ കര്‍ണാടക ഗോളി സത്യജിത്ത് ബോര്‌ഡോലായി മനോഹരാമായ ഡൈവിങ്ങിലൂടെ രക്ഷപെടുത്തി. അവസാന നിമിഷങ്ങളില്‍ മേഘാലയ നടത്തിയ ആകര്‍ഷകമായ നീക്കങ്ങള്‍ ഗോള്‍ പോസ്റ്റിനെ മറികടന്നു പുറത്തുപോയി.

സെമി ഫൈനല്‍ മത്സരങ്ങളെ അപേക്ഷിച്ച് ഫൈനല്‍ മത്സരം കാണാന്‍ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍സ്റ്റേഡിയത്തിലെത്തിയിരുന്നുവെങ്കിലും 68000 പേര്‍ക്ക് ഇരിപ്പിടമുള്ള കിംഗ് ഫഹദ് സ്റ്റേഡിയത്തിന്റെ ഒരു മൂലയില്‍ മാത്രമായി ഒതുങ്ങി. കാണികളില്‍ കൂടുതലും മലയാളികളായിരുന്നു. അവസാന ദിവസം നടത്തിയ പ്രചാരണത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ ടീമുകളുടെ കളി വീക്ഷിക്കാന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ്ഖാനും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. വിജയികള്‍ക്കുള്ള ട്രോഫി വിതരണം അംബാസഡര്‍ നിര്‍വഹിച്ചു.

ഇന്ത്യന്‍ എംബസിയോടൊപ്പം റിയാദിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പും ഫൈനല്‍ ദിനത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫൈനലില്‍ നിരവധി മലയാളികളെ സ്റ്റേഡിയത്തിലെത്തിക്കാന്‍ സാധിച്ചതായും വിവരമറിഞ്ഞ ഉടനെ പരിധിക്കുള്ളില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സന്ദേശമെത്തിക്കാന്‍ ശ്രമിച്ചതായും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്നികല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷകീല്‍ തിരൂര്‍ക്കാട് പറഞ്ഞു. സ്റ്റേഡിയത്തില്‍ എത്തിയവരില്‍ തൊണ്ണൂറു ശതമാനവും മലയാളികളാണെന്നും റിയാദില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും നിരവധി പേര്‍ എത്തിയതായും റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷാധികാരി മുജീബ് ഉപ്പടയും ‘ചന്ദ്രിക’യോട് പറഞ്ഞു .

 

kerala

‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസ പോസ്റ്റിന് പിന്നാലെയാണ് അബ്ദുറബ്ബിന്റെ ട്രോള്‍.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സി.പി.എമ്മിനെ ട്രോളി മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തിയെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസ പോസ്റ്റിന് പിന്നാലെയാണ് അബ്ദുറബ്ബിന്റെ ട്രോള്‍.

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി; തെരച്ചില്‍ നാളെ വീണ്ടും തുടരും… നാളെയും കിട്ടിയില്ലെങ്കില്‍ തെരച്ചില്‍ മറ്റന്നാളും തുടരുമെന്നാണറിയുന്നത്.

അതേസമയം നിലമ്പൂരില്‍ മത്സരിക്കാന്‍ ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ ധൈര്യമുണ്ടെങ്കില്‍ മണ്ഡലത്തില്‍ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

സിറ്റിങ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം. സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുകയും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോയെന്നും രാഹുല്‍ പറയുന്നു.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

india

അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി

അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്.

Published

on

ന്യൂഡല്‍ഹി: അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി. അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. 2022മുതലുള്ള കേസിലാണ് പുനരന്വേഷണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് പുനരന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. അതേസമയം ഫോറന്‍സിക് സഹായങ്ങള്‍ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അഭിഭാഷകന്‍ ആരിഫ് യെസിന്‍ ജ്വാഡര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഇരയുടെ മേല്‍ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം അധികാരികള്‍ നടത്തുന്നത് നിയമവിധേയമാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Continue Reading

Trending