X

നോര്‍ക്ക: പ്രവാസ ഭൂമികയില്‍ കാല്‍ നൂറ്റാണ്ട്

 പി. ശ്രീരാമകൃഷ്ണന്‍
(വൈസ് ചെയര്‍മാന്‍, നോര്‍ക്ക റൂട്ട്‌സ്‌)

നോര്‍ക്ക രൂപീകൃതമായിട്ട് 2021 ഡിസംബര്‍ ആറിന് 25 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. യൂറോപ്പിലെ മികച്ച തൊഴില്‍ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായികവത്കൃത രാജ്യവുമായ ജര്‍മനിയിയുമായി ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍തല റിക്രൂട്ട്‌മെന്റിന് കേരള സര്‍ക്കാരിന് വേണ്ടി കരാര്‍ ഒപ്പിട്ടതിന്റെ നിറവിലാണിപ്പോള്‍ നോര്‍ക്ക റൂട്ട്‌സ്.
കോവിഡു പശ്ചാത്തലത്തില്‍ തിരിച്ചെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ ആവഷ്‌കരിച്ച പ്രവാസി ഭദ്രത സംരംഭകത്വസഹായ പദ്ധതികള്‍ വലിയ പ്രതികരണമാണ് ഇതിനകം നേടിയെടുത്തത്. കുടുംബശ്രീ വഴി നടപ്പാക്കുന്ന പ്രവാസി ഭദ്രത പേള്‍ പദ്ധതിയില്‍ രണ്ടു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സൂക്ഷമ സംരംഭകര്‍ക്കായി ലഭ്യമാക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ കെ.എസ്.എഫ്.ഇയും കേരളാബാങ്കും വഴി നല്‍കുന്നു. തിരിച്ചെത്തിയശേഷം സ്വയംസംരംഭങ്ങളിലൂടെ സുസ്ഥിരവരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവാസികളെ പിന്തുണയ്ക്കാന്‍ നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.എം) പദ്ധതി നേരത്തേ നിലവിലുണ്ട്. 30 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം) മൂന്നു ശതമാനം പലിശ സബ്‌സിഡിയും ഈ പദ്ധതി വഴി അനുവദിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 450ഓളം സംരംഭങ്ങള്‍ക്ക് സഹായം ലഭ്യമാക്കി. എട്ടു കോടിയോളം രൂപ വിതരണംചെയ്തു.

ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയില്‍ കോവിഡ് കാലത്ത് സഹായധനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2020 21 സാമ്പത്തിക വര്‍ഷത്തില്‍ 27 കോടി രൂപയും അതിനുശേഷം ഇതുവരെ 12.16 കോടി രൂപയും ഉള്‍പ്പെടെ ആകെ 39.16 കോടി രൂപയാണ് ഈ പദ്ധതി വഴി വിതരണം ചെയ്തത്. ഇക്കാലയളവിലെ ഗുണഭോക്താക്കളുടെ എണ്ണം 6359 വരും. കോവിഡും ലോക്ഡൗണും ഏറെ പ്രതികൂലമായി ബാധിച്ചത് പ്രവാസികളെയാണെന്നതിനാല്‍ 2016 -17 വര്‍ഷത്തില്‍ 2200 ഗുണഭോക്താക്കള്‍ക്കായി 12.70 കോടി രൂപയാണ് ആകെ ചെലവഴിച്ചതെങ്കില്‍ 2019 2020 വര്‍ഷത്തില്‍ ഗുണഭോക്താക്കളുടെ എണ്ണം 4102 ആയും ചെലവഴിച്ച തുക 24.25 കോടിരൂപയായും വര്‍ധിച്ചു.

സമൂഹിക സുരക്ഷാ പദ്ധതി വഴി കേവലം 315 രൂപയ്ക്ക് പ്രവാസി തിരിച്ചറിയന്‍ കാര്‍ഡ് ലോകത്തിലെവിടെ നിന്നും നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി തന്നെ സ്വന്തമാക്കാവുന്നതാണ്. നാലു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഇത് തുണയാവും.

വിദേശത്ത് പ്രവാസികള്‍ക്ക് നിയമസഹായത്തിനായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസിലീഗല്‍ എയ്ഡ് സെല്ലുകള്‍, പരാതികള്‍ അറിയിക്കുന്നതിനും സംശയനിവാരണത്തിനും ബന്ധപ്പെടാവുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നത് സന്തോഷകരമാണ്. അതോടൊപ്പം വിദേശത്ത് ലേബര്‍ ക്യാമ്പുകളിലടക്കം പണിയെടുക്കുന്നവരുടെ പരിപാലനത്തിനായി പുതിയ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യവും പരിഗണിക്കും.

മഹാമാരിയുടെ കാലയളവില്‍ ആഗോളതലത്തിലേക്ക് തന്നെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന് കൂടുതല്‍ കൈത്താങ്ങാവാന്‍ നോര്‍ക്കയ്ക്ക് സാധിച്ചു. ഇരുപതിലധികം രാജ്യങ്ങളില്‍ ഹെല്‍പ്പ്‌ഡെസ്‌കുകള്‍ തുടങ്ങി. യാത്രാവിലക്കു മൂലം നാട്ടില്‍ കുടുങ്ങിയ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തു. കോവിഡു വന്നു മരിച്ച പ്രവസികളില്‍ ക്ഷേമനിധി അംഗത്വമുള്ളവര്‍ക്ക് 10,000 രൂപ വീതം നല്‍കി. കോവിഡു മൂലം വിദേശത്തോ നാട്ടിലോ മരിച്ച എല്ലാ പ്രവാസികളുടെയും അവിവാഹിതകളായ പെണ്‍മക്കള്‍ക്ക് ഒറ്റത്തവണ സഹായമായി 25,000 രൂപ വീതം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി ആര്‍.പി. ഫൗണ്ടേഷന്റെ സഹായത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കി.

മഹമാരിക്കു ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ലോകത്ത് പ്രവാസി മലയാളിയുടെ സ്ഥാനം കൂടുതല്‍ ഉയരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. അതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ഥിക്കുന്നു.

 

web desk 3: